ബഡ്ജറ്റ് ആൻഡ്രോയിഡ് സെഗ്മന്റില്‍ ആകർഷകമായ സവിശേഷതകളുമായി സാസംങ്ങിന്റെ എം05 എത്തുന്നു. ഗ്യാലക്‌സി എം സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് എം05. 6.7 ഇഞ്ച് എല്‍ഇഡി സ്ക്രീനില്‍ എച്ച്‌ഡി+ റെസൊലൂഷനില്‍ 60 ഹേർട്ട്‌സ് വരെ റിഫ്രഷ് റേറ്റ് ലഭ്യമാകും.
ഗ്യാലക്‌സി എ06ല്‍ ഉപയോഗിക്കുന്ന മീഡിയടെക്ക് ഹീലിയോ ജി85 ചിപ്‌സെറ്റാണ് എം05ലും വരുന്നത്. നാല് ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് സാംസങ് പുറത്തിറക്കുന്ന ഏക വേരിയന്റ്. മെമ്മറി കാർഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനാകും. ഫോണില്‍ 5ജി ലഭ്യമാകില്ല എന്നതാണ് പോരായ്മ.
ആൻഡ്രോയിഡ് 14 ഔട്ട് ഓഫ് ദ ബോക്സിനെ അടിസ്ഥാനമാക്കിയുള്ള വണ്‍യുഐയാണ് സ്മാർട്ട്ഫോണില്‍ വരുന്നത്. നാല് വർഷം വരെ ഒഎസ് അപ്ഡേറ്റുകള്‍ ലഭിക്കും. 5,000 എംഎഎച്ചാണ് ബാറ്ററി. മറ്റ് സാംസങ്ങ് ഫോണുകള്‍ പോലെ ചാർജർ ലഭിക്കില്ല. 25 വാട്ട് ചാർജറാണ് ഉപയോഗിക്കാൻ കഴിയുക. ഫിംഗർപ്രിന്റ് സ്കാനറുമില്ല എന്നതും പോരായ്മകളില്‍ ഉള്‍പ്പെടുന്നു.
മോഡലിന്റെ പ്രധാന ആകർഷണം 50 മെഗാപിക്‌സല്‍ (എംപി) വരുന്ന ക്യാമറയാണ്. ഇതിനുപുറമെ രണ്ട് എംപി ഡെപ്ത് സെൻസറും നല്‍കിയിട്ടുണ്ട്. വാട്ടർ ഡ്രോപ്പ് സ്റ്റൈലിലാണ് നോച്ച്. എട്ട് എംപിയാണ് സെല്‍ഫി ക്യാമറ.
എം05ന്റെ ബോഡി പ്ലാസ്റ്റിക്കുപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. 8.8 മില്ലിമീറ്ററാണ് കട്ടിയും 193 ഗ്രാം ഭാരവുമാണ്. മിന്റ് ഗ്രീനാണ് കമ്പനി നല്‍കുന്ന ഏകനിറം. 7,999 രൂപയാണ് വില.