സാംസങിന്റെ പുതിയ സ്മാർട്ട്ഫോൺ ഗ്യാലക്‌സി എസ് 23 ലൈം നിറത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഗ്യാലക്‌സി എസ് 23+, ഗ്യാലക്‌സി എസ് 23 അൾട്രാ എന്നിവയ്‌ക്കൊപ്പം ക്രീം, ഗ്രീൻ, ലാവെൻഡർ, ഫാന്റം ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് മുൻനിര ഹാൻഡ്‌സെറ്റ് ഫെബ്രുവരിയിൽ പുറത്തിറങ്ങിയത്. പുതിയ നിറത്തിൽ ഈ ആഴ്ച അവസാനം ഗ്യാലക്‌സി എസ് 23 എത്തും.
8 ജിബി റാം + 128 ജിബി സ്റ്റോറേജോട് കൂടിയ ഗ്യാലക്‌സി S23 ന്റെ അടിസ്ഥാന വേരിയന്റിന് ഇന്ത്യയിൽ 74,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 8 ജിബി റാം + 512 ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് മോഡലിന്റെ വില Rs. 79,999 ആണ്. അതേ വിലയിൽ തന്നെ പുതിയ ലൈം കളർ വേരിയന്റും സാംസങ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ലിം ഡിസൈനാണ് ഗ്യാലക്സി എസ് 23 യുടെ പ്രധാന ആകര്‍ഷണം. ഗ്യാലക്‌സി എസ് 23യുടെ മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പാനലുണ്ട്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രൊസസറും 8 ജിബി വരെ റാമും 512 ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് ഗാലക്‌സി എസ് 23 വരുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.1 ലാണ് ഇത് പ്രവർത്തിക്കുന്നത്. ഫോണിന് 6.1 ഇഞ്ച് ഫുൾ എച്ച്‌ഡി + ഡൈനാമിക് അമോലെഡ് 2 എക്‌സ് ഡിസ്‌പ്ലേയുമുണ്ട്. 120Hz ആണ് സ്ക്രീനിന്റെ റിഫ്രഷ് റേറ്റ്.
കൂടാതെ ഗ്യാലക്‌സി എസ് 23 ൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. 50 മെഗാപിക്സലിന്റേതാണ് പ്രൈമറി ക്യാമറയും കൂടെ 10 എംപി ടെലിഫോട്ടോ ലെൻസും 12എംപി അൾട്രാവൈഡ് ലെൻസും ഉണ്ട്. ഗ്യാലക്‌സി എസ്23 ന് 3900mAh ബാറ്ററിയും 25W വയർ ചാർജിങ് പിന്തുണയുണ്ട്. വയർലെസ് ചാർജിങും ഫോണിൽ ലഭ്യമാണ്.