ഏറ്റവും പുതിയ ഫോൾഡബിൾ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിച്ച് സാംസങ്. ക്വാൽകോമിന്റെ ഏറ്റവും മികച്ച സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറുമായാണ് പുതിയ സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 5, ഗ്യാലക്സി സെഡ് ഫ്ലിപ്പ് 5 എന്നിവ അവതരിപ്പിച്ചിരിക്കുന്നത്. നവീകരിച്ച ഡിസൈനോടുകൂടിയ പുതിയ ഫോണുകളിൽ 1Hz മുതൽ 120Hz വരെയുള്ള അഡാപ്റ്റീവ് പിന്തുണയോടെയുള്ള ഡ്യുവൽ ഡിസ്‌പ്ലേകളാണുള്ളത്.
പുതിയ സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 5ന് ഏകദേശം 1,47,570 രൂപയാണ് അമേരിക്കൻ വിപണിയിലെ വില. അതേസമയം ഗ്യാലക്സി സെഡ് ഫ്ലിപ്പ് 5ന് ഏകദേശം 81,940 രൂപയാണ് പ്രാരംഭ വില. ഇന്ത്യൻ വിപണിയിലെ ഫോണിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
7.6 ഇഞ്ച് ക്യുഎക്സ്ജിഎ+ അമൊലെഡ് ഇന്നർ ഡിസ്‌പ്ലേയും 6.2 ഇഞ്ച് കവർ സ്‌ക്രീനുമാണ് സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 5ലുള്ളത്. 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഇന്നർ അമൊലെഡ് 120 ഹെർട്‌സ് ഡിസ്‌പ്ലേയും 3.4 ഇഞ്ച് അമൊലെഡ് ഔട്ടർ 60 ഹെർട്സ് സ്‌ക്രീനുമായാണ് ഫ്ലിപ്പ് എത്തുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പമാണ് പുതിയ സാംസങ് ഗ്യാലക്‌സി ഫോൾഡബിൾ ഫോണുകൾ എത്തിയിരിക്കുന്നത്. സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 5ൽ 4,400mAh ബാറ്ററിയും ഗ്യാലക്സി സെഡ് ഫ്ലിപ്പ് 5ന് 3,700mAh ബാറ്ററി യൂണിറ്റുമാണുള്ളത്.
12 മെഗാപിക്സൽ അൾട്രാ വൈഡ് പ്രൈമറി സെൻസറും ഒഐഎസ് പിന്തുണയുമുള്ള 12 മെഗാപിക്സൽ വൈഡ് ആങ്കിൾ ക്യാമറ ഉൾപ്പെടെയാണ് സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 5ലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. 50 മെഗാപിക്സൽ വൈഡ് ആങ്കിൾ ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആങ്കിൾ ക്യാമറ, 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയുമായാണ് ഗ്യാലക്സി ഇസഡ് ഫോൾഡ് 5 എത്തുന്നത്. 10-മെഗാപിക്സൽ സെൻസറാണ് ഫ്രണ്ട് ക്യാമറ.