തങ്ങളുടെ ഏറ്റവും വിലയേറിയ സ്മാർട്ട്‌ഫോണ്‍ പുറത്തിറക്കാൻ സാംസങ് ഒരുങ്ങുന്നതായി റിപ്പോർട്ട്. സാംസങ് സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷൻ എന്നായിരിക്കും ഫോണിന്റെ പേര്. ദേശീയ മാധ്യമമായ എച്ച് ടി ടെക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ 25ന് സാംസങ് ഈ ഫോണ്‍ ലോഞ്ച് ചെയ്തേക്കുമെന്നായിരുന്നു സൂചന. സാംസങ് സെഡ് ഫോള്‍ഡ് 6 സ്ലിം എന്നായിരുന്നു ഫോണിന്റേതെന്ന പേരില്‍ പ്രചരിച്ചിരുന്ന പേര്. സാംസങ് സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷന്റേതെന്ന് കരുതപ്പെടുന്ന ചില ചിത്രങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പുറത്തുവരുന്ന ചിത്രങ്ങള്‍ പ്രകാരം സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷന്റെ പിന്നിലായി മൂന്ന് ക്യാമറകളാണ് വരുന്നത്. ക്യാമറ ഐലൻഡ് ബോഡിയില്‍ നിന്ന് അല്‍പ്പം പൊങ്ങിയാണ് കാണപ്പെടുന്നത്. മൂന്ന് ക്യാമറകള്‍ക്കും പ്രത്യേക റിങ്ങുകളും നല്‍കിയിട്ടുണ്ട്.
സാംസങ്ങിന്റെ ഏറ്റവും കട്ടികുറഞ്ഞ ഫോള്‍ഡബിള്‍ ഫോണായിരിക്കും സെഡ് 6 സ്പെഷ്യല്‍ എഡിഷനെന്നും സൂചനകളുണ്ട്. 10 മില്ലി മിറ്ററായിരിക്കും ഫോണിന്റെ കട്ടിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 6.5 ഇഞ്ചായിരിക്കും എക്‌സ്റ്റേണല്‍ ഡിസ്പ്ലെയുടെ വലുപ്പം. ഇന്റേണല്‍ ഡിസ്പ്ലെ എട്ട് ഇഞ്ചുമായിരിക്കും.
2,100 അമേരിക്കൻ ഡോളറായിരിക്കും ഫോണിന്റെ വില. ഇന്ത്യൻ വിപണിയില്‍ ഏകദേശം 1.76 ലക്ഷം രൂപയായിരിക്കും. ഡിസൈനില്‍ മാത്രമായിരിക്കുമോ മാറ്റം അല്ലെങ്കില്‍ പ്രകടനത്തിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാമോയെന്നാണ് സ്മാർട്ട്ഫോണ്‍ ആരാധകരുടെ ചോദ്യം. അണ്ടർ ഡിസ്പ്ലെ ക്യാമറ (യുഡിസി) നാല് മെഗാ പിക്സലില്‍ നിന്ന് അഞ്ചാക്കി ഉയർത്തിയേക്കുമെന്നും ഗ്യാലക്സി ക്ലബ്ബ് റിപ്പോർട്ട് ചെയ്യുന്നു. ഗ്യാലക്സി സെഡ് ഫോള്‍ 3 മുതല്‍ യുഡിസി നാല് മെഗാ പിക്സല്‍ മാത്രമാണ്.