കഴിഞ്ഞയാഴ്ചയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ ഇലോൺ മസ്ക് റീബ്രാൻഡ് ചെയ്ത് എക്സ് ആക്കി മാറ്റിയത്. അന്നുമുതൽ എക്സിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കും തുടക്കമായി. സാൻഫ്രാൻസിസ്കോയിലെ ആസ്ഥാന കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ എക്സ് ലോഗോയിൽ നിന്നുള്ള വെളിച്ചത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സമീപവാസികൾ. സാൻഫ്രാൻസിസ്കോ നഗരഭരണത്തിലെ കെട്ടിട പരിശോധനാ വിഭാഗത്തിന് സമീപവാസികൾ പരാതി നൽകി. എക്സ് ലോഗോയിൽനിന്നുള്ള കടുത്തപ്രകാശം ബുദ്ധിമുട്ടാകുന്നുവെന്നാണ് പരാതി.
കെട്ടിടത്തിന് മുകളിൽ കൂറ്റൻ എക്സ് ലോഗോ സ്ഥാപിച്ചത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കമ്പനിക്ക് സാൻഫ്രാൻസിസ്കോ ഭരണവിഭാഗം നോട്ടീസ് നൽകിയിരുന്നു. ലോഗോ പരിശോധിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് കെട്ടിടത്തിന് മുകളിലേയ്ക്കുള്ള പ്രവേശനം കമ്പനി പ്രതിനിധികള്‍ നിഷേധിച്ചിരുന്നു. എക്സ് ലോഗോ താത്കാലികമാണെന്നും ഉടൻ മാറ്റുമെന്നുമായിരുന്നു ട്വിറ്റർ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്.
സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിലെ കെട്ടിടങ്ങളില്‍ അക്ഷരങ്ങളോ ചിഹ്നങ്ങളോ മാറ്റിസ്ഥാപിക്കുന്നതിനോ പുതിയത് സ്ഥാപിക്കുന്നതിനോ സുരക്ഷ മുന്‍നിര്‍ത്തി, മുന്‍കൂട്ടി അനുവാദം വാങ്ങണം. ഇലോണ്‍ മസ്‌ക് ഇത് പാലിച്ചില്ലെന്ന് നഗരഭരണ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
കെട്ടിടവുമായി ഔദ്യോഗികമായി ബന്ധപ്പെട്ട ചിഹ്നമോ അക്ഷരങ്ങളോ ആണ് സ്ഥാപിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനായി മുന്‍കൂട്ടി അനുവാദം വാങ്ങണമെന്നാണ് നിയമം. കൂടാതെ, ഇത്തരം ചിഹ്നങ്ങള്‍ സുരക്ഷിതമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ പരിശോധന ഇനിയും ആവശ്യമാണെന്ന് നഗരഭരണ വിഭാഗം വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 44 ബില്ല്യണ് ഡോളറിന് ട്വിറ്റര്‍ വാങ്ങിയ ഇലോണ്‍ മസ്‌ക് കമ്പനിയുടെ ആസ്ഥാനം കാലിഫോര്‍ണിയയില്‍ നിന്ന് ടെക്‌സാസിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ ലോഗോ നീലക്കിളിയെ മാറ്റി എക്‌സ് അക്ഷരം കൊണ്ടുവന്നപ്പോള്‍ അദ്ദേഹം അത് സാന്‍ഫ്രാന്‍സിസ്‌കോയിലെ കെട്ടിടത്തിന് മുകളിലായാണ് സ്ഥാപിച്ചത്.