ഇന്ത്യയിലെ ഐടി മേഖലയില്‍ 'നിശബ്ദ പിരിച്ചുവിടല്‍' സാഹചര്യം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആറ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സേവന കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അവരുടെ മൊത്തം ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഐടി കമ്പനി ജീവനക്കാരുടെ സംഘടനയായ ആള്‍ ഇന്ത്യ ഐടി ആന്റ് ഐടിഇഎസ് എംപ്ലോയിസ് യൂണിയന്‍ (എഐഐടിഇയു) റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ടിസിഎസ്, ഇന്‍ഫോസിസ്, എല്‍ടിഐ-മൈന്‍ഡ് ട്രീ, ടെക് മഹീന്ദ്ര, വിപ്രോ എന്നിവരാണ് വന്‍തോതില്‍ ജീവനക്കാരെ വെട്ടിക്കുറച്ചത്. എച്ച്‌സി എല്‍ടെക് മാത്രമാണ് കൂടുതല്‍ ജീവനക്കാരെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ജോലിക്കെടുത്തത്. സാമ്പത്തിക മാന്ദ്യം, പുനര്‍നിര്‍മാണം, ചിലവ് കുറയ്ക്കല്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ കമ്പനികള്‍ നടത്തിവരുന്നത്.
അതേസമയം, വരും വർഷങ്ങളിലും ഐടി മേഖലയിൽ ഇത്തരത്തിൽ 'നിശബ്ദ പിരിച്ചുവിടൽ' ഗണ്യമായി തുടരുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. ഇത്തരത്തിൽ പെട്ടന്നുണ്ടാകുന്ന പിരിച്ചുവിടൽ ജീവനക്കാരുടെ ഭാവിയെ തന്നെ കാര്യമായി ബാധിക്കുന്നതാണെന്നും ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
കോവിഡ് 19 കാലത്ത് നിരവധിപ്പേരെ ഈ കമ്പനികള്‍ അധികമായി ജോലിക്കെടുത്തിരുന്നെന്നും വ്യവസായ മേഖലയെ മൊത്തം ബാധിച്ചിരിക്കുന്ന ഇടിവില്‍ നിന്ന് കരകയറാന്‍ വേണ്ടിയാണ് ഇപ്പോള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് എന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോളതലത്തില്‍ ഐടി കമ്പനികളില്‍ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധി ഇന്ത്യന്‍ ഐടി മേഖലയിലും ബാധിച്ചിട്ടുണ്ട്. ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ഐബിഎം, ഇന്റല്‍ തുടങ്ങി എല്ലാ വന്‍കിട ഐടി സ്ഥാപനങ്ങളും വന്‍തോതില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിട്ടുണ്ട്. ഈ കമ്പനികളില്‍ പുതിയ നിയമനങ്ങളും മരവിപ്പിച്ചിരിക്കുകയോ ഗണ്യമായി കുറച്ചിട്ടുമുണ്ട്.
അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലും ടെക് സ്റ്റാര്‍ട്ടപ്പുകളുടെ സാഹചര്യവും വ്യത്യസ്തമല്ല. നിരവധി വമ്പന്‍ സ്റ്റാര്‍ട്ടപ്പുകളും കൂട്ടപ്പിരിച്ചുവിടലുകള്‍ നടത്തിയിട്ടുണ്ട്. ഇവയില്‍ ചിലത് പല സ്ഥലങ്ങളിലേയും ഷോപ്പുകളും ബ്രാഞ്ചുകളും പൂട്ടുകയും ചെയ്തു. ഇന്ത്യന്‍ ഐടി മേഖലയില്‍ ഗുരുതര തൊഴിലാളി വിരുദ്ധ പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023-ല്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടല്‍ കാരണം ജോലി നഷ്ടപ്പെട്ടത് ഏകദേശം 20,000 ഓളം പേര്‍ക്കാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യഥാര്‍ഥ കണക്കുകള്‍ ഇതിലും വലുതാണെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുതും വലുതുമായ എല്ലാത്തരം ഐടി കമ്പനികളിലും കൂട്ടപ്പിരിച്ചുവിടല്‍ നടന്നിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഒരു സെക്ഷനിലെ ജീവനക്കാര്‍ക്ക് കമ്പനിക്കുള്ളില്‍ തന്നെ മറ്റൊരു സെക്ഷനിലേക്ക് 30 ദിവസത്തിനുള്ളില്‍ ജോലി നല്‍കുമെന്ന് പറഞ്ഞാണ് പല സ്ഥാപനങ്ങളും പിരിച്ചുവിടല്‍ നടത്തുന്നത്. എന്നാല്‍, പലരും ഈ വാഗ്ദാനം പാലിക്കുന്നില്ല. മറ്റൊരു സെക്ഷനില്‍ ജോലി ലഭിക്കുന്നത് വൈകുമ്പോള്‍ ജീവനക്കാര്‍ സ്വയം പിരിഞ്ഞുപോകാനും മറ്റു സ്ഥാപനങ്ങളില്‍ ജോലി തേടാനും നിര്‍ബന്ധിതരാകുന്നു. 2024-ലെ ആദ്യ അഞ്ചുമാസത്തിനുള്ളില്‍ ഇന്ത്യയിലെ പ്രധാന ഐടി കമ്പനികളില്‍ നിന്ന് 2,000-നും 3,0000-നും ഇടയില്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെനറ്റ് (എന്‍ഐടിഇഎസ്) റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവനക്കാരെ പിരിച്ചുവിടാന്‍ പലതരം വഴികളാണ് കമ്പനി മാനേജ്‌മെന്റുകള്‍ സ്വീകരിക്കുന്നതെന്ന് എന്‍ഐടിഇഎസ് പ്രസിഡന്റ് ഹര്‍പ്രീത് സലുജ പറയുന്നു. പലരേയും മുന്നറിപ്പില്ലാത പിരിച്ചുവിടുകയാണ് ചെയ്യുന്നത്. ടെര്‍മിനേഷനാണ് നടക്കുന്നത് എന്നതിനാല്‍ ഈ ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി ലഭിക്കാത്ത സാഹചര്യമാണുളളത്. ഇത് ഗുരുതരമായ തൊഴിലാളി വിരുദ്ധ സമീപനമാണ്. ശക്തമായ തൊഴിലാളി സംഘടനകളുടെ അഭാവവും തൊഴില്‍ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ഐടി മേഖലയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് വെല്ലുവിളിയാകുന്നു. മിക്ക ഐടി എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും മേഖലയിലെ മറ്റ് തൊഴിലാളികള്‍ക്കും തൊഴിലാളികള്‍ എന്ന നിലയിലുള്ള അവരുടെ അവകാശങ്ങളെക്കുറിച്ച് അറിയില്ലെന്ന് എഐഐടിഇയു ചൂണ്ടിക്കാട്ടുന്നു.
പല കമ്പനികളിലും ജീവനക്കാരുടെ യൂണിയനുകളും കൂട്ടായ്മകളും നിലനില്‍ക്കുന്നുണ്ടെങ്കിലും മുന്നറിയിപ്പില്ലാതെ കൂട്ടപ്പിരിച്ചുവിടല്‍ പോലുള്ള തൊഴിലാളി വിരുദ്ധ സമീപനങ്ങളെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. മാത്രമല്ല, പലരും കമ്പനി പോളിസികള്‍ അംഗീകരിക്കുന്ന കരാർ വിഭാഗമായാണ് ജോലി ചെയ്യുന്നത് എന്നതും ഇത്തരം നടപടികള്‍ ചോദ്യം ചെയ്യന്നതിന് വിലങ്ങാവുന്നു. എപ്പോള്‍ വേണമെങ്കിലും മാനേജ്‌മെന്റിന് തൊഴിലാളികളെ പിരിച്ചുവിടാന്‍ അധികാരമുണ്ടെന്നാണ് കരാറിലെ പ്രധാന നിബന്ധന തന്നെ. മാത്രവുമല്ല, പല കമ്പനികളിലും തൊഴിലാളി സംഘടനകളും കൂട്ടായ്മകളും ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ജീവനക്കാര്‍ക്ക് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും വലിയതോതിലുള്ള പ്രതികാര നടപടികളുണ്ടാവുകയും ചെയ്യാറുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, തൊഴില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മുന്നോട്ടുവരാന്‍ ഐടി ജീവനക്കാര്‍ മടിക്കുന്നതായി നേരത്തെ എഐഐടിഇയു ചൂണ്ടിക്കാട്ടിയിരുന്നു.