മികച്ച ഓഡിയോ അനുഭവവുമായി സോണി ഇന്ത്യ ഏറ്റവും പുതിയ വയർലെസ് ഇയർബഡുകൾ സോണി WF-C700N ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. യഥാര്‍ഥ നോയ്‌സ് ക്യാന്‍സലേഷന്‍ സാങ്കേതിക വിദ്യയാണ് പുതിയ മോഡലിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഉപഭോക്താക്കൾക്ക് സുഖകരവും മികച്ചതുമായ ശബ്‌ദ നിലവാരം അനുഭവിക്കാന്‍ പുതിയ ഇയര്‍ബഡിലൂടെ കഴിയും. 8,990 രൂപയാണ് WF-C700Nന്റെ വില.
നേരത്തെ പുറത്തിറങ്ങിയ ഡബ്ല്യൂ എഫ്-സി500ന്റെ തുടര്‍ച്ചയായാണ് പുതിയ ഹെഡ്‌സെറ്റ് എത്തുന്നത്. മികച്ച ഓഡിയോ ക്വാളിറ്റി നല്‍കുന്നുണ്ടെങ്കിലും ഡബ്ല്യൂ എഫ്-സി500, ആക്റ്റീവ് നോയ്‌സ് ക്യാന്‍സലേഷന്‍, മള്‍ട്ടിപോയിന്റ് കണക്ഷന്‍ തുടങ്ങിയ നിരവധി സവിശേഷതകള്‍ വിട്ട് പോയിരുന്നു. എന്നാല്‍ ഇവയെല്ലാം പരിഹരിച്ച് കൊണ്ടാണ് പുതിയ ഇയര്‍ബഡ് വിപണിയിൽ എത്തുന്നത്.
ആംബിയന്റ് സൗണ്ട് മോഡിനൊപ്പം ബാക്ക്‌ഗ്രൗണ്ട് നോയ്‌സ് ക്യാൻസലിങ് സവിശേഷതയുമായാണ് WF-C700N വരുന്നത്. ഇത് നിങ്ങളുടെ ലൊക്കേഷനെയും നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നതിനെയും ആശ്രയിച്ച് ശബ്ദ ക്രമീകരണങ്ങള്‍ യാന്ത്രികമായി തന്നെ ചെയ്യുന്നു. ഓഫീസ്, ജിം, വീട് എന്നിങ്ങനെ നിങ്ങള്‍ പലപ്പോഴും സഞ്ചരിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് ശബ്ദത്തിന്റെ മോഡുകള്‍ മാറ്റുന്നു. വിൻഡ് നോയിസ് റിഡക്ഷന്‍ ടെക്‌നോളജിയാണ് പുതിയ ഇയര്‍ബഡ്ഡിന്റെ മറ്റൊരു സവിശേഷത. കാറ്റുള്ള സാഹചര്യങ്ങളില്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ കാറ്റിന്റെ ശബ്ദം കുറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. നോയിസ് ക്യാന്‍സലിങ്, ആംബിയന്റ് സൗണ്ട് മോഡുകള്‍ക്കിടയില്‍ അനായാസം മാറാന്‍ ഈസി ബട്ടണ്‍ നിങ്ങളെ അനുവദിക്കും.
15 മണിക്കൂര്‍ ചാര്‍ജിങ്ങ് ലൈഫാണ് കമ്പനി വാഗ്ധാനം ചെയ്യുന്നത്. പത്ത് മിനിറ്റ് ചാര്‍ജിങ് 15 മണിക്കൂര്‍ വരെ ബാറ്ററി ലൈഫും ഒരു മണിക്കൂര്‍ പ്ലേബാക്കും നല്കും. ചെവിയുടെ വലിപ്പം കണക്കിലെടുക്കാതെ ഉപയോക്താക്കൾക്ക് സുഖപ്രദമായ അനുഭവം ഡബ്ല്യൂഎഫ്-സി700 വാഗ്ദാനം ചെയ്യുന്നു. പോക്കറ്റില്‍ അനായാസം ഒതുങ്ങുന്ന കെയ്‌സിനൊപ്പം, കാഴ്ചയില്‍ ആഢംബരം തോന്നിക്കുന്ന ഡിസൈനും രൂപകല്പനയുമാണ് പുതിയ മോഡലിന്.
ഒരേസമയം രണ്ട് ഡിവൈസുകള്‍ക്കിടയില്‍ വേഗത്തില്‍ മാറാന്‍ സഹായിക്കുന്ന മള്‍ട്ടിപോയിന്റ് കണക്ഷന്‍, നനവും വിയര്‍പ്പും തടയുന്ന ഐപിഎക്‌സ് 4 ഡിസൈന്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. വൈറ്റ്, ബ്ലാക്ക്, ലാവെന്‍ഡര്‍, സേജ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഡബ്ല്യൂഎഫ്-സി700 ലഭ്യമാകും. സോണി റീട്ടെയിൽ സ്റ്റോറുകൾ, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴിയാണ് ഇത് വിൽക്കുന്നത്.