TECHNOLOGY

പ്രീമിയം സബ്സ്ക്രിപ്ഷന്‍ നിരക്കുയര്‍ത്തി സ്പോട്ടിഫൈ

നിരക്ക് വർധനയിൽ മറ്റ് മ്യൂസിക് സ്ട്രീമിങ് സേവനങ്ങളെ പിന്തുടര്‍ന്നാണ് സ്‌പോട്ടിഫൈയുടെ പുതിയ നീക്കം

വെബ് ഡെസ്ക്

ജനപ്രിയ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ് ഫോമായ സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകൾ ഉയർത്തി. പ്ലാറ്റ്ഫോമിന് നിരവധി ഉപയോക്താക്കളുള്ള അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പ്രീമിയം പ്ലാനുകളുടെ നിരക്കാണ് സ്‌പോട്ടിഫൈ ടെക്‌നോളജി ഉയര്‍ത്തിയത്. ഈ രാജ്യങ്ങളിൽ എല്ലാ പ്ലാനുകൾക്കും ഒരു ഡോളർ വീതമാണ് നിരക്ക് വർധന.

പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ഒരു മാസത്തെ ഗ്രേസ് പിരീഡ് ഉപയോക്താക്കള്‍ക്ക് നല്‍കും

സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിപ്പിച്ച മറ്റ് മ്യൂസിക് സ്ട്രീമിങ് സേവനങ്ങളെ പിന്തുടര്‍ന്നാണ് സ്‌പോട്ടിഫൈയുടേയും പുതിയ നീക്കം. ''ലോകമെമ്പാടുമുള്ള വിപണികളില്‍ ഞങ്ങളുടെ പ്രീമിയം വിലയില്‍ മാറ്റം കൊണ്ടുവരികയാണ്. ഞങ്ങളെപ്പോഴും പുതുമ നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്'' - മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോം അറിയിച്ചു. നിരക്ക് ഉയർത്തുന്നത് മൂല്യം കൂട്ടുമെന്നാ് സ്പോട്ടിഫൈയുടെ വിശദീകരണം. പ്ലാറ്റ്ഫോമിലെ ആരാധകർക്കും കലാകാരന്മാർക്കും ഒരേ മൂല്യം നൽകാൻ പുതിയ നടപടി സഹായിക്കുമെന്നും സ്പോട്ടിഫൈ പറയുന്നു.

അമേരിക്കയിലെ വ്യക്തിഗത പ്ലാനുകള്‍ക്ക് 9.99 ഡോളറില്‍ നിന്ന് 10.99 ഡോളറായി നിരക്കുയർത്തും. പ്രീമിയം ഡ്യുവോ പ്ലാന്‍ 12.99-ഡോളറില്‍ നിന്ന് 14.99ലെത്തി. ഫാമിലി പ്ലാന്‍ 15.99 ഡോളറില്‍ നിന്ന് 16.99, വിദ്യാർഥികൾക്കായുള്ള പ്ലാൻ 4.99 ഡോളറില്‍നിന്ന് 5.99 എന്നിങ്ങനെയും പരിഷ്കരിച്ചു. ബ്രിട്ടനിലെ പ്രീമിയം വരിക്കാര്‍ പ്രതിമാസം ഒരു പൗണ്ട് (104 രൂപ) അധികമായി നല്‍കേണ്ടി വരും. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ഒരു മാസത്തെ ഗ്രേസ് പിരീഡ് ഉപയോക്താക്കള്‍ക്ക് നല്‍കുമെന്ന് സ്‌പോട്ടിഫൈ അറിയിച്ചു.

ആപ്പിള്‍ മ്യൂസിക്, പീകോക്ക് , നെറ്റ്ഫ്‌ളിക്‌സ് മാക്‌സ്, പാരാമൗണ്ട് എന്നീ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ് ഫോമുകളും അടുത്തിടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.ഇതിന് പിന്നാലെ 2023ൽ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകളില്‍ വര്‍ധനവുണ്ടാകുമെന്ന് സ്പോട്ടിഫൈ സിഇഒ ഡാനിയല്‍ യെക് സൂചിപ്പിച്ചിരുന്നു. കാര്യക്ഷമത മെച്ചപ്പെടുത്താനെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയിൽ സ്പോട്ടിഫൈ ആറ് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിപ്പിച്ചുവെങ്കിലും പരസ്യമുള്‍പ്പെടെയുള്ള സൗജന്യ പ്ലാനുകള്‍ കമ്പനി തുടരും. 515 ദശലക്ഷം സജീവ ഉപയോക്താക്കളാണ് സ്‌പോട്ടിഫൈയ്ക്കുള്ളത്. അതില്‍ 40 ശതമാനം ഉപയോക്താക്കളും പ്രീമിയം വരിക്കാരാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ