ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ആപ്പിളിന്റെ വിതരണക്കമ്പനിയായ വിസ്ട്രോണിന്റെ പ്രവർത്തനങ്ങൾ ടാറ്റ ഏറ്റെടുത്തു. ഇതോടെ ഐഫോണ്‍ നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റ മാറും.
രണ്ടര വര്‍ഷത്തിനുള്ളില്‍ ടാറ്റാ ഗ്രൂപ്പ് ഇന്ത്യയില്‍ ആഭ്യന്തര-ആഗോള വിപണികളിലേക്കുള്ള ഐഫോണുകളുടെ നിര്‍മാണം ആരംഭിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
''വിസ്‌ട്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതിന് ടാറ്റയെ അഭിനന്ദിക്കുന്നു. വിസ്‌ട്രോണിന്റെ സംഭാവനകള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. ഇന്ത്യന്‍ കമ്പനികളിലൂടെ ഇന്ത്യയില്‍നിന്ന് ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്ന ആപ്പിളിൻ്റെ തീരുമാനം മികച്ചതാണ്. ഗ്ലോബല്‍ ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു,'' രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.
ഇന്ന് ചേര്‍ന്ന വിസ്‌ട്രോണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് വിസ്‌ട്രോണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 100 ശതമാനം പരോക്ഷ ഓഹരി വില്‍പ്പനയ്ക്കായി ടാറ്റ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ഷെയര്‍ പര്‍ച്ചേസ് കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. ഇടപാട് വില 125 ദശലക്ഷം അമേരിക്കന്‍ ഡോളറാണെന്നാണ് പ്രസ്താവനയില്‍ സൂചിപ്പിക്കുന്നത്.
155 വര്‍ഷത്തോളം പഴക്കമുള്ള കമ്പനിയായ ടാറ്റ ഗ്രൂപ്പ്. ഉപ്പ് മുതല്‍ സാങ്കേതിക സേവനങ്ങള്‍ വരെ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനത്തിലേക്കും ഇ കൊമേഴിസിലേക്കും ചുവടുമാറാന്‍ ശ്രമിക്കുകയാണ്. നിലവില്‍ ഐഫോണിന്റെ മെറ്റല്‍ ബാക്ക്‌ബോണ്‍ ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുന്നുണ്ട്. ഇതുവരെ തായ്‌വാന്‍ കമ്പനികളായ വിസ്‌ട്രോണും ഫോക്‌സ്‌കോണുമാണ് ആപ്പിളിന്റെ പ്രധാന കരാര്‍ നിര്‍മാതാക്കള്‍.