സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ സൈബര്‍ സുരക്ഷയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഹാക്കര്‍മാര്‍ക്ക് തങ്ങളുടെ നേട്ടത്തിനായി ഇത് ദുരുപയോഗം ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു വശം. സൈബര്‍ ക്രിമിനലുകള്‍ക്ക് സൈബര്‍ സുരക്ഷ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കാവുന്ന ശക്തമായ ടൂളുകള്‍ നല്‍കുന്നതിനാല്‍, ഡിജിറ്റല്‍ സുരക്ഷാ മേഖലയില്‍ ഒരു പ്രധാന ഘടകമായി മാറാന്‍ നിര്‍മിത ബുദ്ധിക്ക് സാധിക്കും.
ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കൂടുതല്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്
സൈബര്‍ സുരക്ഷാ പിഴവുകള്‍ ദുരുപയോഗം ചെയ്യുന്നതിനായി ഹാക്കര്‍മാര്‍ നിരന്തരം പുതിയ വഴികള്‍ തേടുകയാണ്. ഒന്നിലധികം ഇരകളെ ഒരേസമയം ലക്ഷ്യം വയ്ക്കാനും വിജയ സാധ്യത വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. കംപ്യൂട്ടര്‍ സിസ്റ്റങ്ങളിലെയും നെറ്റ്വര്‍ക്കുകളിലെയും ബലഹീനതകള്‍ തിരിച്ചറിയാന്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കാം. തുടര്‍ന്ന് സെന്‍സിറ്റീവ് ഡാറ്റയിലേക്കോ സിസ്റ്റങ്ങളിലേക്കോ ആക്സസ് നേടുന്നതിനും സാധിക്കും. മാല്‍വയറുകളും മലീഷ്യസ് സോഫ്‌റ്റ്വെയരുകളും സൃഷ്ടിക്കുന്നതിനും എഐ ഉപയോഗപ്പെടുത്തുന്നുണ്ട്.
യുക്രെയ്‌നിനെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈബര്‍ കുറ്റവാളികളും സ്റ്റേറ്റ് സ്‌പോണ്‍സേഡ് ഹാക്കര്‍മാരും ഉപയോഗിക്കുന്ന തന്ത്രങ്ങളും സാങ്കേതികതകളും നടപടിക്രമങ്ങളും മൈക്രോസോഫ്റ്റ് ഇന്റലിജന്‍സില്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഡാറ്റയിലെ പാറ്റേണുകള്‍ വിശകലനം ചെയ്യുന്നതിനും തിരിച്ചറിയുന്നതിനും ഹാക്കര്‍മാര്‍ വിപുലമായ അല്‍ഗോരിതങ്ങളില്‍ ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ് ഉപയോഗിച്ചേക്കാം.
ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കൂടുതല്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്. വ്യക്തികളെയോ സിസ്റ്റങ്ങളെയോ കബളിപ്പിക്കാനും കൈകാര്യം ചെയ്യാനും വ്യാജ വീഡിയോകള്‍, ചാറ്റ് ബോട്ടുകള്‍, വ്യാജ ഓഡിയോ എന്നിവ പോലുള്ള മെച്ചപ്പെടുത്തിയ എഐ ടൂളുകള്‍ ഉപയോഗിച്ച് സൈബര്‍ കുറ്റവാളികള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധിക്കും.
2018ല്‍, എഐ ഗവേഷകര്‍ DeepLocker എന്ന അത്യാധുനിക മാല്‍വെയര്‍ സ്ട്രെയിന്‍ കണ്ടെത്തിയിരുന്നു. എഐ ഉപയോഗിച്ചതിനാല്‍ അവയെ കണ്ടെത്താന്‍ സാധിക്കില്ല എന്നതായിരുന്നു പ്രത്യേകത. എഐ ഉള്‍പ്പെടുത്തിയ മാല്‍വെയറിന് ഒരു നിര്‍ദ്ദിഷ്ട ടാര്‍ഗെറ്റ് തിരിച്ചറിയുന്നത് വരെ മറഞ്ഞിരിക്കാന്‍ സാധിക്കും. ഈ ആക്രമണങ്ങള്‍ കണ്ടെത്തുന്നതിനും പ്രതികരിക്കുന്നതിനുമുള്ള പരമ്പരാഗത സുരക്ഷാ നടപടികള്‍ക്ക് ഇത് വെല്ലുവിളിയാണ്.
ചുരുക്കത്തില്‍ എഐ ഉപയോഗപ്പെടുത്തിയ സൈബര്‍ ആക്രമണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവും കണ്ടുപിടിക്കാന്‍ പ്രയാസകരവുമാണ്. ഈ ഭീഷണികളില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ സ്ഥാപനങ്ങള്‍ നടപടികള്‍ സ്വീകരിക്കണം.
സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനുള്ള പുതിയ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്നതിന് സുരക്ഷാ ഗവേഷകരും പ്രൊഫഷണലുകളും അത് ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും ആക്രമണാത്മകവും പ്രതിരോധാത്മകവുമായ പ്രവര്‍ത്തനങ്ങളില്‍ എഐ കൂടുതല്‍ പ്രബലമാകുമ്പോള്‍ ഭാവിയില്‍ കൂടുതല്‍ വികസിതവും സങ്കീര്‍ണവുമായ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാം. സെന്‍സിറ്റീവ് സിസ്റ്റങ്ങളിലേക്കും ഡാറ്റയിലേക്കുമുള്ള അനധികൃത ആക്സസ് തടയാന്‍ ഓര്‍ഗനൈസേഷനുകള്‍ മള്‍ട്ടി-ഫാക്ടര്‍ ഓതന്റിക്കേഷന്‍ നടപ്പിലാക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും സൈബര്‍ ആക്രമണങ്ങളില്‍ എഐ ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് അവബോധം വര്‍ധപ്പിക്കേണ്ടതുണ്ട്. അതുപോലെ തന്നെ നിയന്ത്രണ ചട്ടക്കൂടുകളും നൈതിക മാനദണ്ഡങ്ങളും സ്ഥാപിക്കുകയും വേണം. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ടൂളുകള്‍, ടെക്നിക്കുകള്‍ എന്നിവ ഉപയോഗപ്പെടുത്തണം. ഐടി സെക്യൂരിറ്റി ടീമുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു അവശ്യ സാങ്കേതികവിദ്യയായി നിർമിത ബുദ്ധി അതിവേഗം ഉയര്‍ന്നുവരുന്നുണ്ട്. സുരക്ഷാ ഭീഷണി മുന്നറിയിപ്പ് നല്‍കാനും മികച്ച സുരക്ഷാ വിശകലനം നടത്താനും സൈബര്‍ സുരക്ഷാ പ്രൊഫഷണലുകളെ എഐ സഹായിക്കും.