''പ്രപഞ്ച ചരിത്രത്തിലേക്കുള്ള ഒരു പുതിയ വാതില്‍, ശാസ്ത്ര സാങ്കേതിക രംഗത്തിന്റെ കുതിപ്പ് " ബഹിരാകാശത്ത് ഇതുവരെ വിക്ഷേപിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ ടെലസ്‌കോപ്പായ 'ജെയിംസ് വെബില്‍' നിന്നുള്ള ആദ്യത്തെ ചിത്രം പുറത്തുവിട്ടുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ജെയിംസ് വെബ് പകര്‍ത്തിയ താരാപഥത്തിന്റെ വ്യക്തമായ ആദ്യചിത്രമാണ് പുറത്ത് വിട്ടത്. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഈ ചിത്രങ്ങള്‍ക്ക് നല്‍കാനാകുമെന്നാണ് നാസയുടെയും ലോകത്തിന്റെയും പ്രതീക്ഷ.
4.6 ബില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള SMACS 0723 എന്ന് വിളിക്കപ്പെടുന്ന ക്ഷീരപദങ്ങളുടെ (ഗാലക്‌സി ക്ലസ്റ്റര്‍) ഒരു കൂട്ടത്തിന്റെ ചിത്രങ്ങള്‍ വളരെ സൂക്ഷമതയോടെയാണ് ജെയിംസ് വെബ് പകര്‍ത്തിയിരിക്കുന്നത്. ഏറ്റവും പഴക്കം ചെന്ന പല താരാപഥങ്ങളില്‍ നിന്നുള്ള പ്രകാശവും ഈ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.
വിദൂര താരാപഥങ്ങളില്‍ നിന്നുള്ള പ്രകാശം മറ്റ് താരാപഥങ്ങള്‍ക്കു ചുറ്റും കോടികണക്കിനു വര്‍ഷങ്ങള്‍ സഞ്ചരിച്ച് ടെലിസ്‌കോപ്പില്‍ എത്തുന്നതാണ് ചിത്രങ്ങളെന്ന് നാസയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ വ്യക്തമാക്കി. ഞങ്ങള്‍ 13 ബില്യണ്‍ വര്‍ഷങ്ങള്‍ പുറകിലേക്ക് നോക്കുകയാണ്. ബഹിരാകാശ ഏജന്‍സി പുറത്തുവിടുന്ന കൂടുതല്‍ ചിത്രങ്ങള്‍, പ്രപഞ്ചോല്‍പ്പത്തിയുടെ തുടക്കമെന്നു കരുതുന്ന പോയിന്റില്‍ നിന്നുമുള്ള പ്രകാശം 13.5 ബില്യണ്‍ വര്‍ഷങ്ങള്‍ സഞ്ചരിച്ച് എത്തുന്നവയാണ്. 'ഞങ്ങള്‍ തുടക്കത്തിലേക്ക് മടങ്ങുകയാണെന്നും' അദ്ദേഹം കൂട്ടിചേര്‍ത്തു.
ജെയിംസ് വെബില്‍ നിന്നുള്ള കൂടുതല്‍ വര്‍ണ ചിത്രങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും ബില്‍ നെല്‍സണ്‍ പറയുന്നു. ഇതില്‍ പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് വെളിച്ചം വീശുന്ന ചിത്രങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
10 ബില്യണ്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മ്മിച്ച ജെയിംസ് വെബ് ടെലിസ്‌കോപ്പിന് എക്‌സോപ്ലാനറ്റുകളുടെ അന്തരീക്ഷത്തിലെ ചിത്രങ്ങള്‍ പകര്‍ത്താനും നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത ഇന്‍ഫ്രാറെഡ് സ്‌പെക്ട്രത്തിലെ സിഗ്‌നലുകള്‍ കണ്ടെത്തുന്നതിനും സംവിധാനങ്ങളുണ്ട്.
സൂര്യനെയല്ലാതെ മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെയാണ് എക്‌സോപ്ലാനറ്റുകള്‍ എന്നു പറയുന്നത്. ലെന്‍സുകള്‍, പ്രിസങ്ങള്‍, ഫില്‍റ്ററുകൾ എന്നിവയുടെ സംവിധാനമുപയോഗിച്ച് പ്രപഞ്ചത്തിലെ ഏറ്റവും പഴയ ഗ്യാലക്‌സികളില്‍ ചിലത് നിരീക്ഷിക്കാനും സാധിക്കും. ഈ സംവിധാനങ്ങള്‍ ഇതുവരെ കുറ്റരഹിതമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അരിസോണ സര്‍വ്വകലാശാലയിലെ ജ്യോതിശാത്ര പ്രൊഫസറായ മാര്‍സിയ റൈക്കെ പറയുന്നത്.
വെബ് ടെലസ്‌കോപ്പ് ഹബിള്‍ ടെലസ്‌കോപ്പിനേക്കാള്‍ വലുതായതുകൊണ്ടുതന്നെ കൂടുതല്‍ അകലെയുള്ള മങ്ങിയ ഗ്യാലക്‌സികളെ വരെ കണ്ടെത്താന്‍ സാധിക്കും. വിദൂരതയിലുള്ള ഗ്യാലക്‌സികളെ നിരീക്ഷിക്കുന്നതിലൂടെ ' ബിഗ് ബാങ്' സമയത്ത് ഉണ്ടായ പ്രകാശത്തെപോലും നിരീക്ഷിക്കാന്‍ ജെയിംസ് വെബിന് സാധ്യമാണ്. (പ്രപഞ്ചത്തിന്റെ ഉത്ഭവം വിശദീകരിക്കുന്ന ഒരു ശാസ്ത്ര സിദ്ധാന്തം ആണ് ബിഗ് ബാങ്ങ് തിയറി) ആ ഗ്യാലക്‌സികളില്‍ നിന്നും പ്രകാശം നമ്മിലേക്കെത്താന്‍ കോടികണക്കിന് വര്‍ഷങ്ങളെടുത്തിട്ടുണ്ട്.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സികളുടെ സംയുക്ത ശ്രമമായ ജെയിംസ് വെബ് ടെലിസ്‌കോപ്പ് 1990 കളോടെയാണ് വികസിപ്പിച്ചുതുടങ്ങിയത്. 2021 ഡിസംബറില്‍ വിക്ഷേപിച്ച ജെയിംസ് വെബ് വിദൂര ഗ്യാലക്‌സികളെ നിരീക്ഷിച്ചുകൊണ്ട് ഭൂമിയിൽ നിന്നും 1 മില്ല്യണ്‍ മൈല്‍ അകലെയാണ് ഇപ്പോള്‍ സ്ഥിതിചെയ്യുന്നത്. മനുഷ്യരാശിയുടെ മികച്ച എഞ്ചിനിയറിംഗ് നേട്ടങ്ങളിലൊന്നായി ഇതിനെ കണക്കാക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.
ജെയിംസ് വെബിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍
നക്ഷത്രങ്ങള്‍ ഉടലെടുക്കുന്ന കരീന നെബുലയുടെ നിരീക്ഷണങ്ങളും ഉള്‍പ്പെടുന്നു. 76000 പ്രകാശവര്‍ഷം അകലെയാണ് നെബുല സ്ഥിതിചെയ്യുന്നത്. സൂര്യനേക്കാള്‍ പലമടങ്ങ് വലിപ്പമുള്ള ഭീമന്‍ നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ നെബുല.
സൗരയുഥത്തിന് പുറത്തുള്ള ഭീമന്‍ വാതക ഗ്രഹമായ WASP - 96 ബിയുടെ നിരീക്ഷണം.
ഭൂമിയില്‍ നിന്ന് 2000 പ്രകാശവര്‍ഷം അകലെയുള്ള നശിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രത്തിനു ചുറ്റും വികസിച്ചുവരുന്ന വാതക മേഘങ്ങളെ കുറിച്ചുള്ള പഠനം.
സതേണ്‍ റിംഗ് നെബുലയുടെ നിരീക്ഷണം.
1877 ല്‍ കണ്ടെത്തിയ ആദ്യത്തെ കോംപാക്റ്റ് ഗാലക്‌സി ഗ്രൂപ്പായ സ്റ്റീഫന്‍ ക്വിന്‍റെറ്റ് നിരീക്ഷണം.
20 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ജെയിംസ് വെബിന് ഉണ്ടെന്നാണ് നാസ പറയുന്നത്.