സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പായ ടിക് ടോക്കിന് ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമാകുന്നുണ്ടെന്ന് വെളിപ്പെടുത്തി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ബീജിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ജീവനക്കാര്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമ കമ്പനിയായ ഫോര്‍ബസിന്റെ റിപ്പോര്‍ട്ട് . നിരോധിക്കുന്നതിനു തൊട്ട് മുന്‍പ് വരെ പ്രതിമാസം 150 ദശലക്ഷം ഉപഭോക്താക്കളാണ് ഇന്ത്യയില്‍ മാത്രം ഈ ആപ്പ് ഉപയോഗിച്ചു പോന്നത്
വ്യക്തിഗത വിവരങ്ങള്‍ സുഖമായി ലഭ്യമാകുന്ന കാര്യത്തെ കുറിച്ച് ഇന്ത്യക്കാര്‍ക്ക് ബോധ്യമില്ലെന്നായിരുന്നു ടിക് ടോക് ജീവനക്കാരന്റെ പ്രതികരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കമ്പനിയിലെ ഏതൊരു ജീവനക്കാരനും വളരെ എളുപ്പത്തില്‍ ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും സാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റ് പല രാജ്യങ്ങളിലും ടിക് ടോക് ആപ്പിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. ടിക് ടോകിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സിന് ലോകത്താകമാനം 1,10,000 ജീവനക്കാരാണുള്ളത് . ഇതില്‍ പലരും ചൈന, യുഎസ് , റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ജനറേഷന്‍ Z വിഭാഗത്തില്‍ വരുന്ന യുവതലമുറയുടെ വിവരങ്ങള്‍ ലഭിക്കാന്‍ എളുപ്പമാകുന്നതോടെ ആ വിവരങ്ങള്‍ ബിസിനസ് താത്പര്യ പ്രകാരം ദുരുപയോഗം ചെയ്യുമെന്നുള്ള ആശങ്കയും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നുണ്ട്.
അതേ സമയം ഫോര്‍ബസിന്റെ റിപ്പോര്‍ട്ടിലെ കാര്യങ്ങളില്‍ ഒന്നും തന്നെ യാതൊരു കഴമ്പുമില്ലെന്നായിരുന്നു ടിക് ടോകിന്റെ നിലപാട്. ഇന്ത്യ ടിക് ടോക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇത്തരം ആരോപണങ്ങളില്‍ യാതൊരു പ്രസക്തിയുമില്ലെന്ന് ടിക് ടോക് പ്രതികരിച്ചു.
ഈ വര്‍ഷം തുടക്കത്തില്‍ 40 ഇന്ത്യന്‍ ജീവനക്കാരെയാണ് ടിക് ടോക്ക് പിരിച്ചു വിട്ടത്. പല റിമോട്ട് സെയില്‍ സപ്പോര്‍ട്ട് ഹബുകളും അടച്ചു പൂട്ടാനൊരുങ്ങുന്നതിന്റെ ഭാഗമായിരുന്നു ഈ കൂട്ടപ്പിരിച്ചു വിടലെന്നും കമ്പനി അറിയിച്ചിരുന്നു.
സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീ ചാറ്റ് , ഷേയര്‍ ഇറ്റ്, ഹെലോ, ലൈക്കീ ,യുസി ന്യൂസ് ,ബിഗോ ലൈവ് ,യുസി ബ്രൗസര്‍ എന്നീ ആപ്പുകളും ഇന്ത്യ നിരോധിച്ചിരുന്നു. 300 ലധികം ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ ഈ ആപ്പുകള്‍ക്കും പല സൈറ്റുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയത്.