പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം വേരിഫയിഡ് കണ്ടൻ്റ് ക്രിയേറ്റേഴ്സിന് നൽകുമെന്ന് ട്വിറ്റര്‍. കണ്ടൻ്റ് ക്രിയേറ്റേഴ്സിൻ്റെ മറുപടിയില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്കായിരിക്കും ലഭിക്കുക. കഴിഞ്ഞ 3 മാസങ്ങളില്‍ ഓരോ മറുപടിയിലും കുറഞ്ഞത് 50 ലക്ഷം ഇംപ്രഷനുകള്‍ ലഭിച്ചിട്ടുള്ളതും സ്‌ട്രൈപ് പെയ്‌മെന്റ് അക്കൗണ്ട് ഉള്ളതുമായ കണ്ടൻ്റ് ക്രിയേറ്റേഴ്സാണ് ഈ വരുമാനത്തിന് അര്‍ഹരാവുക.
ടെസ്ല സിഇഓ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ പ്ലാറ്റ്ഫോമിലേയ്ക്ക് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനുള്ള ലക്ഷ്യത്തിലാണ്. ഇതിന്റെ ഭാഗമായി ഏപ്രിലില്‍ ട്വിറ്ററില്‍ ലേഖനങ്ങള്‍ വായിക്കുന്നതിന് ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കാൻ പ്രസാധകരെ അനുവദിക്കുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചിരുന്നു.
കൂടാതെ, മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ പരിഷ്കാരങ്ങളെ തുടര്‍ന്ന് ട്വിറ്ററില്‍ നിന്നകന്ന പരസ്യദാതാക്കളെ തിരികെ എത്തിക്കാനുള്ള പുതിയ മാര്‍ഗങ്ങളും ട്വിറ്റര്‍ പദ്ധതിയിടുന്നുണ്ട്. കൂട്ട പിരിച്ച് വിടലുകള്‍ ഏറെ നേരിട്ട പ്ലാറ്റ്‌ഫോമിനെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറ്റാനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള പരിശ്രമത്തിലാണ് കമ്പനിയിപ്പോള്‍.
കൂടാതെ ഉപയോക്താക്കള്‍ക്ക് പ്രതിദിനം വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം ട്വിറ്റര്‍ പരിമിതപ്പെടുത്തിയത് പ്ലാറ്റ്‌ഫോമിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നതിന് കാരണമായി. പരസ്യദാതാക്കളെ ആകര്‍ഷിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമായിരുന്നു പുതിയ നീക്കം.
അക്കൗണ്ടില്ലാത്തവരെ ട്വീറ്റുകള്‍ വായിക്കുന്നതില്‍ നിന്ന് വിലക്കിയതിന് പിന്നാലെയായിരുന്നു മസ്‌കിന്റെ പുതിയ തീരുമാനം. ട്വിറ്ററിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാനും കൃത്രിമത്വം ഒഴിവാക്കാനുമുളള പോരാട്ടത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് മസ്‌ക് പറഞ്ഞിരുന്നത്.
അതേസമയം, മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതിയുളള മെറ്റാ ട്വിറ്ററിന് സമാനമായ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ് അവതരിപ്പിച്ചത് കമ്പനിയ്ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്. സമാനമായ ഫീച്ചറുകളോടൊപ്പം എത്തിയ പ്ലാറ്റ്ഫോം അഞ്ച് ദിവസത്തിനുള്ളില്‍ 1000 കോടി ഉപയോക്താക്കളെയാണ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം തിരഞ്ഞെടുത്ത കണ്ടൻ്റ് ക്രിയേറ്റേഴ്സിന് പങ്ക് വയ്ക്കാനുള്ള ട്വിറ്ററിന്റെ നീക്കം.
എന്നാൽ പുതിയ നീക്കത്തിന് മുമ്പായി കമ്പനിയുടെ വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിക്കുന്നുവെന്നും 'ബൗദ്ധിക സ്വത്തവകാശം' ലംഘിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ത്രെഡ്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളും മറ്റ് ബൗദ്ധിക സ്വത്തുക്കളും നിയമവിരുദ്ധമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകന്‍ അലക്‌സ് സ്പിറോ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തെഴുതുകയായിരുന്നു.
ട്വിറ്ററിന്റെ രഹസ്യാത്മക വിവരങ്ങളിലേക്ക് ആക്‌സസ് ഉണ്ടായിരുന്നതും തുടരുന്നതുമായ ഡസന്‍ കണക്കിന് മുന്‍ ട്വിറ്റര്‍ ജീവനക്കാരെ മെറ്റ നിയമിച്ചതായാണ് കത്തിലെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്നും മെറ്റയ്ക്ക് കമ്പനി മുന്നറിയിപ്പ് നല്‍കി.