2023ലെ ടെലികമ്യൂണിക്കേഷന്‍സ് നിയമം കഴിഞ്ഞ മാസം 26നാണ് പ്രാബല്യത്തില്‍ വരുന്നത്. ഡിസംബറില്‍ പാസാക്കിയ നിയമം കൊണ്ടുവന്ന പുതിയ വ്യവസ്ഥകള്‍ നിരവധി ആശങ്കകള്‍ ഉയർത്തുന്നുണ്ട്. കൊളോണിയല്‍ കാലഘട്ടം മുതല്‍ ഉപയോഗിക്കുന്ന മൂന്ന് നിയമങ്ങള്‍ മാറ്റിയാണ് പുതിയ നിയമം പാസാക്കിയത്. ഇന്ത്യന്‍ ടെലഗ്രാഫ് നിയമം 1885, ഇന്ത്യന്‍ വയര്‍ലെസ് ടെലഗ്രഫി നിയമം, 1933, ടെലഗ്രാഫ് വയേര്‍സ് പൊസഷന്‍ നിയമം 1951 എന്നിവയാണ് മാറ്റിയ നിയമങ്ങള്‍ എന്നിവയാണ് മാറ്റങ്ങൾ വരുത്തിയത്. സാങ്കേതികതയിലും ടെലിഫോണ്‍ സര്‍വീസിലുമുള്ള മാറ്റങ്ങളെ മുന്‍നിര്‍ത്തി നിയമങ്ങളും പുതുക്കണമെങ്കിലും ഇവ എങ്ങനെ ഉപയോക്താക്കളെ ബാധിക്കുമെന്നത് പ്രധാന പ്രശ്നമാണ്.
പഴയ നിയമങ്ങളില്‍ ലാന്‍ഡ്‌ലൈന്‍ വഴിയുള്ള ആശയവിനിമയത്തിലും കോളുകള്‍, എസ്എംഎസ് തുടങ്ങിയവയിലും ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളെയായിരുന്നു അഭിമുഖീകരിച്ചതെങ്കിലും പുതിയ നിയമം ഒടിടിയെയും വാട്‌സ്ആപ്പ്, ടെലഗ്രാം, മെസഞ്ചര്‍ തുടങ്ങിയ ആപ്പുകളില്‍ നേരിടുന്ന പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുന്നു.
ഉദാഹരണമായി നമ്മള്‍ ഒരു മൊബൈല്‍ നമ്പറിനുവേണ്ടി അപേക്ഷിക്കുമ്പോള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ യൂണിവേഴ്‌സിറ്റി ആക്‌സസ് സര്‍വിസ് ലൈസന്‍സിന് (യുഎസിഎല്‍) കീഴിലുള്ള കെവൈസി (നോ യുവര്‍ കസ്റ്റമര്‍) മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതില്‍ നമ്മുടെ വ്യക്തിഗത വിവരങ്ങളും മേല്‍വിലാസം തെളിയിക്കുന്ന രേഖയും സമര്‍പ്പിക്കേണ്ടതുണ്ട്. ഇതേ രീതി വാട്‌സ്ആപ്പ്, സൂം, ജിമെയില്‍ മുതലായ ഒടിടി കമ്മ്യൂണിക്കേഷന്‍ ആപ്പുകളില്‍ പ്രയോഗിക്കുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.
ഡേറ്റിങ് ആപ്പുകള്‍, വീഡിയോ ആപ്പുകള്‍, ഗെയിമിങ് ആപ്പുകള്‍ തുടങ്ങിയ ആപ്പുകളിലും ഈ രീതികള്‍ അവലംബിക്കാൻ സാധ്യതയുണ്ട്. അങ്ങനെയുണ്ടായാൽ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ നല്‍കേണ്ടി വരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു.
ടെലിഫോണ്‍ സേവനങ്ങള്‍ക്കും മെസേജിങ് സേവനങ്ങള്‍ക്കുമെന്ന പോലെ ഒടിടി ആപ്പുകള്‍ക്കും 'ഒരേ സേവനം, ഒരേ നിയമം' എന്ന നയം വേണമെന്ന് ടെലികോം കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്. ടെലികോം സേവനങ്ങള്‍ക്കായി കമ്പനികള്‍ വലിയ നിക്ഷേപം നടത്തുമ്പോള്‍ മിക്ക ആപ്പുകളും സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നത് ടെലികോം കമ്പനികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാല്‍ നിലവിൽ ആപ്പുകൾക്ക് ടെലികോം സേവനങ്ങൾക്കു നൽകുന്ന ലൈസന്‍സ് എഗ്രിമെന്റുകള്‍ പോലെയുള്ള ഈ നിയമത്തില്‍ ഉള്‍പ്പെടുന്നില്ല.
ഉപയോക്താക്കള്‍ക്കു മുന്നിലുള്ള ഉത്തരവാദിത്തമാണ് പുതിയ വ്യവസ്ഥകള്‍ സൃഷ്ടിക്കുന്ന മറ്റൊരു ആശങ്ക. ടെലികമ്യൂണിക്കേഷന്‍ സേവനങ്ങൾക്കായി തിരിച്ചറിയല്‍ രേഖകള്‍ നല്‍കുമ്പോള്‍ കൃത്രിമ വിവരങ്ങള്‍ നല്‍കരുത്, മെറ്റീരിയല്‍ വിവരങ്ങള്‍ (തീരുമാനത്തെ സ്വാധീനിക്കാൻ സാധ്യതയുള്ള വിവരങ്ങൾ) നൽകരുത്, ആള്‍മാറാട്ടം നടത്തരുത് മുതലായ നിര്‍ദേശങ്ങള്‍ 29-ാം വകുപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇവ നല്ലതാണെങ്കിലും മെറ്റീരിയല്‍ വിവരങ്ങള്‍ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്നുമില്ല.
പൊതുവെ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് മുതലായ ആപ്പുകളില്‍ സ്വന്തം പേരിന് പകരം തങ്ങൾ അറിയപ്പെടാൻ ആഗ്രഹിക്കുന്ന പേരുകളോ രണ്ടാമത്തെ പേരുകളോ ഉപയോക്താക്കള്‍ ഉപയോഗിക്കാം. ഈ വകുപ്പ് പ്രകാരം ഒടിടി കമ്മ്യൂണിക്കേഷന്‍ ആപ്പുകളുടെ ഒരു ഉപയോക്താവിന് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ഓമനപ്പേരുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണോ അര്‍ത്ഥമാക്കുന്നതെന്ന ആശങ്കയും നിലനില്‍ക്കുന്നു.
അതേസമയം, തട്ടിപ്പുകളില്‍നിന്നു രക്ഷനേടാമെന്ന വലിയൊരു നേട്ടം നിയമത്തിനു പിന്നിലുണ്ട്. കഴിഞ്ഞ 12 മാസമായി ശരാശരി 60 ശതമാനം ഇന്ത്യക്കാര്‍ക്കും പ്രതിദിനം മൂന്നോ അതിലധികമോ സ്പാം കോളുകള്‍ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ല്‍ എംസിഅഫീ നടത്തിയ ഒരു സര്‍വേയില്‍ 47 ശതമാനം ഇന്ത്യക്കാരും ഏതെങ്കിലും തരത്തിലുള്ള എഐ വോയ്സ് തട്ടിപ്പ് അനുഭവിച്ചിട്ടുണ്ടെന്നും സൂചിപ്പിക്കുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഈ തട്ടിപ്പുകളില്‍നിന്ന് ഒരു പരിധിവരെ രക്ഷ നേടാം.