അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ചതിനു ശേഷം പുതിയ മാറ്റങ്ങളുമായി വാട്സ് ആപ്പ്. ബിസിനസ് അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് ഇനി മുതൽ സ്റ്റാറ്റസ് ആർക്കൈവ് ചെയ്യാം. നിലവിൽ ആൻഡ്രോയിഡിൽ വാട്സ് ആപ്പ് ബിസിനസ്സിന്റെ ബീറ്റാ ടെസ്റ്റേഴ്‌സിനാണ് ഈ ഫീച്ചർ ഉപയോഗിക്കാൻ പറ്റുന്നത്. അടുത്ത ആഴ്ച മുതൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഇത് എത്തിത്തുടങ്ങുമെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്.
ഉപയോക്താക്കളുടെ ബിസിനസ് മെച്ചപ്പെടുത്തുക എന്നതാണ് പുതിയ ഫീച്ചറിലൂടെ വാട്സ് ആപ്പ് ലക്ഷ്യമിടുന്നത്. ബിസിനസ് അക്കൗണ്ട് ഉപയോഗിക്കുന്നവർ സ്റ്റാറ്റസ് ഷെയർ ചെയ്‌താൽ അത് 30 ദിവസം വരെ ആർക്കൈവിൽ സൂക്ഷിക്കാവുന്നതാണ്. ആർക്കൈവിൽ നിന്നും പോകുന്നത് വരെ സ്റ്റാറ്റസുകൾ ഫേസ്‌ബുക്ക്
, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിൽ പരസ്യ സേവനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാം.
ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഏറ്റവും പുതിയ വാട്സ് ആപ്പ് ബീറ്റ ഡൗൺലോഡ് ചെയ്താൽ ഈ സേവനം ലഭ്യമാകും. പുതിയ വാട്സ് ആപ് ബീറ്റ ഡൗൺലോഡ് ചെയ്താൽ സ്റ്റാറ്റസ് ബാറിൽ ആർക്കൈവ് സ്റ്റാറ്റസ് എന്നൊരു നോട്ടിഫിക്കേഷൻ കാണാം. ആർക്കൈവ് സെറ്റിങ്സിൽ സ്റ്റാറ്റസ് ആർക്കൈവ് ചെയ്യാനുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്‌താൽ മതി.
മുൻഗണനാക്രമത്തിൽ സ്റ്റാറ്റസ് ആർക്കൈവ് ചെയ്യാനും സ്റ്റാറ്റസ് ടാബ് മെനുവിൽ തന്നെ ആർക്കൈവ് ചെയ്ത സ്റ്റാറ്റസുകൾ കാണാനുമുള്ള അവസരമുണ്ട്. ആർക്കൈവ് ചെയ്ത സ്റ്റാറ്റസുകൾ സ്വകാര്യത കാത്തു സൂക്ഷിക്കേണ്ടതിനാൽ ബിസിനസ് അക്കൗണ്ടുള്ളവർക്ക് മാത്രമേ ഇത് കാണാൻ സാധിക്കൂ.
വാട്സപ്പ് ബിസിനസിന് മാത്രമായാണ് ഈ സേവനം ഇപ്പോൾ ലഭ്യമാകുക. വാട്സപ്പിന്റെ മറ്റ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കുന്നതിനെപ്പറ്റി റിപ്പോർട്ടുകൾ ഒന്നും പുറത്ത് വന്നിട്ടില്ല.