വാട്സ് ആപ്പില്‍ അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാതെ അത് തിരുത്താനോ മാറ്റങ്ങൾ വരുത്താനോ തോന്നാറില്ലേ. അതിനും പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ് വാട്സ് ആപ്പ്. ചില സ്വകാര്യ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഓപ്‌ഷൻ അവതരിപ്പിച്ചതിന് പിന്നാലെയാണ് മറ്റൊരു പ്രധാന അപ്‌ഡേറ്റുമായി വാട്സ് ആപ്പ് എത്തുന്നത്. അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ തിരുത്താനുള്ള സംവിധാനവുമായാണ് വാട്‌സ് ആപ്പ് എത്തിയിരിക്കുന്നത്. എന്നാൽ ഇത് എല്ലാ ഉപയോക്താക്കൾക്കും ഉടനടി ലഭ്യമാകില്ല.
കഴിഞ്ഞ ആഴ്ച ആദ്യം, ആൻഡ്രോയിഡ്, ഐഒഎസ് ആപ്പിന്റെ ബീറ്റ പതിപ്പിലും വെബ് ഇന്റർഫേസിലും വാട്സ് ആപ്പ് ഈ ഫീച്ചർ പരീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആഗോളതലത്തിലും ഈ ഫീച്ചർ ലഭിക്കും. ഒരു സന്ദേശം അയച്ച് 15 മിനിറ്റ് വരെ മാത്രമാണ് അത് തിരുത്തിനുള്ള എഡിറ്റ് ഓപ്ഷന്‍ ലഭ്യമാകൂ. അയച്ച സന്ദേശം നീക്കം ചെയ്യാനുള്ള ഫീച്ചർ വാട്സാപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഡിലീറ്റ് ചെയ്യാതെ തന്നെ ഒരു സന്ദേശം തിരുത്തി അയയ്ക്കാമെന്ന് മാർക്ക് സക്കർബർഗ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അക്ഷരതെറ്റുകൾ തിരുത്തുന്നതിനും, കൂടുതൽ വാക്കുകൾ ഉൾപ്പെടുത്തുന്നതിനുമുള്ള സമയം ലഭിക്കുകയും ചെയ്യും. സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി സംരക്ഷിക്കപ്പെടുമെന്നും കമ്പനി അറിയിച്ചു.
അയച്ച സന്ദേശത്തിൽ ദീർഘമായി അമർത്തിപ്പിടിച്ചാൽ എഡിറ്റിനുള്ള ഓപ്‌ഷൻ ദൃശ്യമാകും. തിരുത്തിയ സമയത്തോടൊപ്പം എല്ലാ സന്ദേശങ്ങളിലും ടൈം സ്റ്റാമ്പിനൊപ്പം എഡിറ്റഡ് എന്ന് കാണിക്കും. അതുകൊണ്ടുതന്നെ സന്ദേശം ലഭിച്ചയാൾക്ക് അത് തിരുത്തിയിട്ടുണ്ടെന്ന് മനസിലാക്കാം. എന്നാൽ ആപ്പ് എഡിറ്റഡ് ഹിസ്റ്ററി സൂക്ഷിക്കുകയില്ല.