ഉറങ്ങിക്കിടക്കുന്ന സമയത്ത് വാട്‌സാപ്പ് തന്റെ അനുമതിയില്ലാതെ ഫോണിലെ മൈക്രോഫോണ്‍ ഉപയോഗിച്ചു എന്ന് ആരോപിച്ചുള്ള ഒരു ട്വീറ്റ് കുറച്ച് ദിവസം മുന്‍പ് പ്രത്യക്ഷപ്പെട്ടിരുന്നു. അത് വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചു. രാത്രിയില്‍ വാട്‌സാപ്പ് സ്വകാര്യതയെ ലംഘിച്ച് ചാരപ്പണി നടത്തുകയാണെന്ന് ആളുകള്‍ ആശങ്കപ്പെടാന്‍ തുടങ്ങി. ട്വിറ്ററിലെ എഞ്ജിനീയറായ ഫോക്ക് ഡാബിരിയായിരുന്നു ഈ ട്വീറ്റിന്റെ പിന്നില്‍, പിന്നീട് നിരവധിപേര്‍ വാട്‌സാപ്പില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടായന്ന് ആരോപിച്ച് രംഗത്തെത്തി.
ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കും ട്വീറ്റിനെ പിന്തുണച്ച് മുന്നോട്ട് വന്നു. ''വാട്‌സാപ്പിനെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല'' എന്നായിരുന്നു മസ്‌ക് ട്വീറ്റ് ചെയ്തത്. പുലര്‍ച്ചെ ഉറങ്ങുന്ന സമയത്തും തന്റെ വാട്‌സപ്പ് പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകളുമായാണ് ഡാബിരി എത്തിയത്. വാട്‌സാപ്പ് മൈക്രോഫോണ്‍ ആക്‌സസ് ചെയ്തത് കാണിക്കുന്നതിനായി ആന്‍ഡ്രോയിഡ് ഡാഷ് ബോര്‍ഡിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തു. പുലര്‍ച്ചെ 4.20 മുതല്‍ 6.53 വരെ വാട്‌സാപ്പ് മൈക്രോഫോണ്‍ ആക്‌സസ് ചെയ്തതായാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണിക്കുന്നത്.
ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ ആണ് ഡാബിരി ഉപയോഗിച്ചിരുന്നത്. ഇതോടെയാണ് വിവാദത്തില്‍ ഗൂഗളിന്റെ പേരും കുടുങ്ങിയത്. ഇക്കാര്യത്തില്‍ വാട്‌സാപ്പും പ്രതികരണവുമായി രംഗത്തെത്തി. ഫോണിലെ പ്രൈവസി ഡാഷ്ബോര്‍ഡിലെ വിവരങ്ങള്‍ തെറ്റായി ആട്രിബ്യൂട്ട് ചെയ്യുന്ന ആന്‍ഡ്രോയിഡിലെ ഒരു ബഗ് മൂലമാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതെന്നാണ് വാട്‌സാപ്പിന്റെ വാദം. ഗൂഗിളിനോട് കാര്യം പരിശോധിക്കാനും ഉപയോക്താക്കള്‍ക്കായി പരിഹാരം കണ്ടെത്താനും ആവശ്യപ്പെട്ടതായി വാട്‌സാപ്പ് അറിയിച്ചു.
വാട്‌സാപ്പ് അതിന്റെ ഉപയോക്താക്കള്‍ക്ക് മൈക്രോഫോണ്‍ സെറ്റിങ്‌സില്‍ പൂര്‍ണ നിയന്ത്രണം നല്‍കുന്നുണ്ടെന്നും, ഒരിക്കല്‍ അനുമതി ലഭിച്ചാല്‍ കോള്‍ ചെയ്യുമ്പോഴോ വോയിസ് നോട്ടോ വീഡിയോയോ റെക്കോര്‍ഡ് ചെയ്യുമ്പോഴോ മാത്രമാണ് മൈക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുന്നത്. കൂടാതെ ഈ ആശയവിനിമയങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ മുഖേനെ സംരക്ഷിച്ച് വാട്‌സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്നു എന്നും വാട്‌സാപ്പ് ട്വീറ്റിലൂടെ വിശദീകരിച്ചു.