വാട്ട്‌സ്ആപ്പിലൂടെ വ്യാജ കോളുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആപ്പിന്റെ ദുരുപയോഗം തടയാനുള്ള നീക്കങ്ങളുമായി വാട്ട്‌സ്ആപ്പ്. ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് പരിചിതമല്ലാത്ത അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് കോളുകള്‍ ലഭിച്ചതായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. ഇത്തരം സംശയാസ്പദമായ നമ്പറുകളില്‍ നിന്നും കോളുകള്‍ വരികയാണെങ്കില്‍ അക്കൗണ്ടുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
കോളുകള്‍ ലഭിച്ചവര്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ട്വിറ്ററില്‍ പങ്കുവെച്ച് പരാതി അറിയിച്ചിട്ടുണ്ട്
മലേഷ്യ, കെനിയ, വിയറ്റ്‌നാം, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഓഡിയോ, വീഡിയോ കോളുകള്‍ വരുന്നത്. എന്നാല്‍ വിളിക്കുന്നവര്‍ ആരാണെന്നോ അവരുടെ ഉദ്ദേശ്യമെന്താണെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത്തരം കോളുകള്‍ ലഭിച്ചവര്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ട്വിറ്ററില്‍ പങ്കുവെച്ച് വാട്ട്‌സ്ആപ്പിനെ മെന്‍ഷന്‍ ചെയ്ത് പരാതി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
' ഉപയോക്താക്കളുടെ സുരക്ഷയാണ് ഞങ്ങള്‍ക്ക് പ്രധാനം. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനും സ്വയം സുരക്ഷിതരാകുന്നതിനും കൂടുതല്‍ സംവിധാനങ്ങള്‍ കൊണ്ടു വരാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത് സന്ദേശമയയ്ക്കല്‍ സംവിധാനത്തിലൂടെ സുരക്ഷിതരായി തുടരുന്നതിന് അവബോധ ക്യാമ്പെയ്‌നുകള്‍ നടത്തുകയും ചെയ്തിരുന്നു. പരിചിതമല്ലാത്ത നമ്പറുകളില്‍ നിന്ന് അന്താരാഷ്ട്ര കോളുകള്‍ വരുന്നത് ബ്ലോക്ക് ചെയ്യുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും ഇത്തരം വ്യാജന്‍മാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനമാണ്'. വാട്ടസ്ആപ്പ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സേഫ് വിത്ത് വാട്ട്‌സ്ആപ്പ്' എന്ന സുരക്ഷാ ക്യാമ്പെയ്ന്‍ ആരംഭിച്ചതായി വാട്ട്സ്ആപ്പ്
മാര്‍ച്ച് മാസത്തില്‍ മാത്രം ദുരുപയോഗത്തിന്റെ പേരിൽ 4.7 ദശലക്ഷത്തിലധികം അക്കൗണ്ടുകളാണ് വാട്ട്‌സ്ആപ്പ് നിരോധിച്ചത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍, ബ്ലോക്ക് ആന്‍ഡ് റിപ്പോര്‍ട്ട്, സ്വകാര്യതാ നിയന്ത്രണങ്ങള്‍ എന്നിവയെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 'സേഫ് വിത്ത് വാട്ട്‌സ്ആപ്പ്' എന്ന സുരക്ഷാ ക്യാമ്പെയ്ന്‍ ആരംഭിച്ചതായും കമ്പനി അറിയിച്ചു.
അതേസമയം ഇന്റർനെറ്റ് വഴിയുള്ള സ്പാം കോളുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വാട്സാപ്പ് അടക്കമുള്ള ആപ്പുകളിലും കോൾ ഐഡന്റിഫിക്കേഷൻ ആപ്ലിക്കേഷനായ ട്രൂകോളർ സേവനം ആരംഭിക്കുകയാണ്. നിലവിൽ ബീറ്റാ വേർഷനിലുള്ള ഈ ഫീച്ചർ മെയ് മാസം ഉപയോക്താക്കൾക്കായി പുറത്തിറക്കുമെന്നാണ് ട്രൂകോളർ ചീഫ് എക്‌സിക്യൂട്ടീവ് അലൻ മമേദി കഴിഞ്ഞ ദിവസം വ്യാക്തമാക്കിയത്.