TECHNOLOGY

ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുമോ വാട്‌സ്ആപ്പ്? കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

സന്ദേശങ്ങളിലെ എൻക്രിപ്ഷൻ ഇല്ലാതാക്കാൻ നിർബന്ധിതരായാൽ ഇന്ത്യയിൽ പ്രവർത്തനം നിർത്തുമെന്ന് വാട്‌സ്ആപ്പ് ഈ വർഷം ആദ്യം ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു

വെബ് ഡെസ്ക്

വാട്‌സ്ആപ്പും മാതൃ കമ്പനിയായ മെറ്റയും രാജ്യത്ത് തങ്ങളുടെ സേവനങ്ങൾ നിർത്തലാക്കാനുള്ള പദ്ധതികളൊന്നും കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അശ്വിനി വൈഷ്ണവ്. ഉപയോക്തൃ വിശദാംശങ്ങൾ പങ്കിടാനുള്ള സർക്കാർ നിർദേശങ്ങൾ കാരണം വാടസ്ആപ്പ് ഇന്ത്യയിൽ പ്രവർത്തനം നിർത്താൻ പദ്ധതിയിടുന്നുണ്ടോയെന്ന കോൺഗ്രസ് എംപി വിവേക് ​​തൻഖയുടെ ചോദ്യത്തിന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലായിരുന്നു പരാമർശം.

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, പൊതുക്രമം എന്നിവ സംരക്ഷിക്കുന്നതിനായി 2000 ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ 69 എ വകുപ്പ് പ്രകാരം സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നുവെന്ന് പാർലമെൻ്റിന് നൽകിയ മറുപടിയിൽ അശ്വിനി വൈഷ്ണവ് വിശദീകരിച്ചു.

“ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം വാട്‌സ്ആപ്പ് അല്ലെങ്കിൽ മെറ്റ അത്തരം പദ്ധതികളൊന്നും സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

പുതിയ ഐടി നിയമങ്ങളെക്കുറിച്ചുള്ള ആശങ്ക ചൂണ്ടിക്കാട്ടിക്കൊണ്ട്, നിയമങ്ങൾ വാട്സാപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ തകർത്തേക്കാമെന്ന് കമ്പനി ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച ചോദ്യം രാജ്യസഭയിൽ ഉയർന്നത്. സന്ദേശങ്ങളിലെ എൻക്രിപ്ഷൻ ഇല്ലാതാക്കാൻ നിർബന്ധിതരായാൽ ഇന്ത്യയിൽ പ്രവർത്തനം നിർത്തുമെന്ന് വാട്‌സ്ആപ്പ് ഈ വർഷം ആദ്യം ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എൻക്രിപ്ഷൻ തകർക്കുന്നത് ഉപയോക്തൃ സ്വകാര്യതയെ തകർക്കുമെന്നും വിശ്വാസ്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നുമാണ് വാട്‌സ്ആപ്പിൻ്റെ അഭിഭാഷകൻ തേജസ് കാര്യ കോടതിയെ അറിയിച്ചത്. സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുമെന്ന് ചൂണ്ടിക്കാട്ടി വാട്‌സ്ആപ്പും മെറ്റയും ഭേദഗതി ചെയ്ത ഐടി നിയമങ്ങൾക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.

വാട്‌സ്‌ആപ്പ് ഇന്ത്യ വിടുന്നത് കമ്പനിയെയും അതിൻ്റെ 40 കോടിയിലധികം ഉപയോക്താക്കളെയും സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ നിരവധി വ്യക്തികളും ബിസിനസ്സുകളും ആശയവിനിമയത്തിനായി വാട്ട്‌സ്ആപ്പിനെ ആശ്രയിക്കുന്നുണ്ട്. മെറ്റ ഇന്ത്യയിൽനിന്ന് പുറത്തുപോകുന്നത് ഈ ആശയവിനിമയ സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യും

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍