ആഗോള ടെക് ഭീമന്‍ കമ്പനിയായ ആപ്പിളില്‍ വേതന വ്യവസ്ഥയില്‍ ലിംഗ വിവേചനമെന്ന് ആക്ഷേപം. കമ്പനിയില്‍ വനിതാ ജീവനക്കാര്‍ക്ക് സമാന ജോലിക്ക് തങ്ങളുടെ പുരുഷന്മാരായ സഹ തൊഴിലാളികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ തുച്ഛമായ ശമ്പളം നല്‍കുന്നു എന്നാണ് ആരോപണം. ക്രിസ്റ്റീന ജോംഗ്, സാമന്ത സല്‍ഗാഡോ എന്നീ ജീവനക്കാര്‍ ആപ്പിളിന് എതിരെ കാലിഫോര്‍ണിയ കോടതിയെ സമീപിച്ചതോടെയാണ് കമ്പനിയിലെ വിവേചനം ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്.
ശമ്പളത്തിന്റെ കാര്യത്തില്‍ പുരുഷ സഹപ്രവര്‍ത്തകരേക്കാള്‍ വലിയ വ്യത്യാസം നിലനില്‍ക്കുന്നു
മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും എത്ര രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നതിനനുസരിച്ചാണ് ആപ്പിള്‍ പുതിയ ആളുകളെ നിയമിക്കുന്നതെന്നും പരാതിയില്‍ പറയുന്നതായി ബ്ലൂംബര്‍ഗ് റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ചെറിയ ശമ്പളം മാത്രമേ തൊഴിലിടങ്ങളില്‍ ലഭിക്കുന്നുള്ളുവെന്നത് പല പഠനങ്ങളും സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പുതിയ ആളുകള്‍ക്ക് ആപ്പിള്‍ ശമ്പളം നല്‍കുമ്പോള്‍ പുരുഷന്മാരേക്കാള്‍ കുറവ് മാത്രമേ സ്ത്രീകള്‍ക്ക് ലഭിക്കുന്നുള്ളു. സമാന ജോലിയാണ് ഇരുവരും ചെയ്യുന്നതെങ്കിലും ശമ്പളത്തിന്റെ കാര്യത്തില്‍ പുരുഷ സഹപ്രവര്‍ത്തകരേക്കാള്‍ വലിയ വ്യത്യാസം നിലനില്‍ക്കുന്നു എന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ആപ്പിളിന്റെ എഞ്ചിനീയറിങ് വിഭാഗം, ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യല്‍, മാര്‍ക്കറ്റിങ്, സെയില്‍സ് തുടങ്ങി ആപ്പിളിന്റെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിയായ സ്ത്രീകളുടെ പ്രതിനിധികളായാണ് പരാതി നല്‍കിയിരിക്കുന്നതെന്നാണ് ഇരുവരുടെയും വിശദീകരണം.
ശമ്പള വേര്‍തിരിവില്‍ നേരത്തെയും സാല്‍ഗാഡോ പ്രതികരിച്ചിരുന്നു. എന്നാല്‍ സാല്‍ഗാഡോയും അവരുടെ പുരുഷ സഹ തൊഴിലാളികളും തമ്മില്‍ ശമ്പളത്തില്‍ വ്യത്യാസമുണ്ടെന്ന് മൂന്നാം കക്ഷി അന്വേഷണത്തില്‍ കണ്ടെത്തിയതിലൂടെയാണ് ആപ്പിള്‍ സാല്‍ഗാഡോയുടെ ശമ്പളം വര്‍ധിപ്പിച്ചത്. ടെക് കമ്പനികളിലെ ശമ്പള വേര്‍തിരിവിന്റെ ഒരുപാട് കേസുകളിലെ ഒരു ഉദാഹരണം മാത്രമാണ് ഇത്. അതേസമയം, നിലവില്‍ ആപ്പിള്‍ ഇതുവരെ പരാതിയില്‍ മറുപടി നല്‍കിയിട്ടില്ല.