TECHNOLOGY

എക്‌സ് ഇനി 'സൗജന്യമാകില്ല'; ട്വീറ്റ്, ലൈക്, റിപ്ലൈ തുടങ്ങിയ സേവനങ്ങൾക്ക് വരിസംഖ്യ ഉടനെന്ന് റിപ്പോർട്ട്

ദിനംപ്രതി ഉയരുന്ന വ്യാജ അക്കൗണ്ടുകളും അവയിലെ ഉള്ളടക്കങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് മസ്കിന്റെ വിശദീകരണം

വെബ് ഡെസ്ക്

എക്സ് ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരും. ട്വീറ്റ്, ലൈക്, റിപ്ലൈ തുടങ്ങിയ എക്സ് സേവനങ്ങൾ ഉപയോഗിക്കുന്നതിനായി പുതിയ ഉപയോക്താക്കളില്‍നിന്ന് ഇനി മുതൽ ഒരു നിശ്ചിത തുക ഈടാക്കും.

ട്വീറ്റുകൾ ലൈക്ക് ചെയ്യുന്നതും പോസ്റ്റുചെയ്യുന്നതും അവയ്ക്ക് മറുപടി നൽകുന്നതുമെല്ലാം ഇത്രയും നാൾ സൗജന്യ സേവനങ്ങളായിരുന്നു. എന്നാൽ എക്സിന്റെ പുതിയ നയപ്രകാരം ഇവ ഉൾപ്പടെ ട്വീറ്റുകൾ ബുക്ക്‌മാർക്ക് ചെയ്യുന്നതിന് പോലും പണം നൽകേണ്ടി വരും.

'എക്സ് ഡെയിലി ന്യൂസ്' എന്ന എക്സ് അക്കൗണ്ടാണ് പുതിയ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കുന്ന കമ്പനി നടപടി ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ഉപയോക്താക്കൾക്ക് എക്സ് ഉപയോഗിക്കണമെങ്കിൽ വാർഷിക വരിസംഖ്യ നൽകണമെന്ന് സൂചിപ്പിക്കുന്ന ഉള്ളടക്കങ്ങൾ എക്സ് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ടെന്നും എക്സ് ഡെയിലി ന്യൂസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഉപയോക്താക്കൾക്ക് പ്രതിവർഷം വരിസംഖ്യ ഏർപ്പെടുത്തുന്ന സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ കഴിഞ്ഞ ഒക്ടോബറിൽ മസ്ക് അവതരിപ്പിച്ചിരുന്നു. ആദ്യ പടിയെന്നോണം ന്യൂസിലൻഡ്, ഫിലിപ്പൈൻസ് എന്നി രാജ്യങ്ങളിലാണ് ഈ സേവനം ആദ്യം നിലയിൽ വന്നത്. ന്യൂസിലൻഡിൽ 1.43 ന്യൂസിലൻഡ് ഡോളറും ഫിലിപ്പീൻസിൽ 42.51 ഫിലിപ്പീൻ പെസോയുമാണ് സബ്സ്ക്രിപ്ഷൻ നിരക്ക്. ഈ നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രതിവർഷം ഒരു ഡോളറെന്ന (ഏകദേശം 83 ഇന്ത്യന്‍ രൂപ) കണക്കിലാകും വരിസംഖ്യ ഈടാക്കുകയെന്നാണ് സൂചന. ക്രമേണ മാറ്റ് രാജ്യങ്ങളിലേക്ക് സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കമ്പനി.

ദിനംപ്രതി ഉയരുന്ന വ്യാജ അക്കൗണ്ടുകളും അവയിലെ ഉള്ളടക്കങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് മസ്കിന്റെ വിശദീകരണം. പുതിയ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക എന്നതാണ് ശ്രദ്ധേയം. എന്നാൽ, നിലവിലെ ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കുമോ എന്ന കാര്യത്തിൽ എക്സ് വ്യക്തത നൽകിയിട്ടില്ല.

പുതിയ മാതൃകയിൽ പണമടയ്ക്കാതെ ഉപോയോഗിക്കുന്നവർക്ക് 'റീഡ് ഒൺലി' മോഡിലായിരിക്കും എക്സ് ലഭ്യമാകുക, അതായത്, പുതിയ ഉപയോക്താക്കൾക്ക് പോസ്റ്റുകൾ കാണാനും വായിക്കാനും വീഡിയോകൾ കാണാനും അക്കൗണ്ടുകൾ പിന്തുടരാനും മാത്രമേ കഴിയൂ. പണമടച്ച് ഉപയോഗിക്കുന്നവർക്ക് മാത്രമേ ഇനി മുതൽ എക്‌സിലെ പോസ്റ്റുകൾ ലൈക് ചെയ്യാനും വീണ്ടും ഷെയർ ചെയ്യാനും സാധിക്കുകയുള്ളു.

44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങിയ ശേഷം, മസ്‌ക് പ്ലാറ്റ്‌ഫോമിൽ നിരവധി വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേത് അടക്കം മുൻപ് നിരോധിച്ച അക്കൗണ്ടുകൾ തിരികെ നൽകി. പ്രശസ്തരായ ആളുകളുടെ അക്കൗണ്ടുകൾ തിരിച്ചറിയുന്ന "ബ്ലൂ ടിക്ക്" വെരിഫിക്കേഷൻ സംവിധാനവും ഇല്ലാതാക്കി. ഇപ്പോൾ നിശ്ചിത തുക ഫീസ് ആയി നൽകുന്ന ആർക്കും എക്‌സിൽ ബ്ലൂ ടിക്ക് സ്വന്തമാക്കാം. 

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും