ബോൾഡ്, ഇറ്റാലിക് ഫോണ്ടുകളിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകൾ സമൂഹമാധ്യമമായ എക്‌സിൽനിന്ന് നീക്കംചെയ്യുമെന്ന് ഉടമ ഇലോൺ മസ്ക്. ആളുകൾ എക്സ് പോസ്റ്റുകളിൽ ബോൾഡും ഇറ്റലിക്കുമായ ഫോണ്ടുകൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ അത് പ്രധാന ടൈം ലൈനിൽ നീക്കം ചെയ്യുമെന്നാണ് മസ്ക് എക്‌സിൽ കുറിച്ചിരിക്കുന്നത്.
ആളുകൾക്ക് അവരുടെ പോസ്റ്റിലെ പ്രധാനഭാഗങ്ങൾ പ്രത്യേക പ്രാധാന്യത്തോടെ നൽകാനാണ് ബോൾഡ് അക്ഷരങ്ങൾ ഉൾപ്പെടുത്തിയതെന്നും എന്നാൽ അതിന്റെ അമിത ഉപയോഗം അലോസരമുണ്ടാക്കുന്നെന്നതിനാലാണ് ഈ സവിശേഷത ഒഴിവാക്കാൻ തീരുമാനിച്ചതെന്നും മസ്ക് പറയുന്നു.
പോസ്റ്റിൽ ക്ലിക്ക് ചെയ്ത് മാത്രമേ ഇനിമുതൽ ബോൾഡ്, ഇറ്റാലിക് അക്ഷരങ്ങളുള്ള പോസ്റ്റുകൾ വായിക്കാനാകൂയെന്നു മസ്ക് വ്യക്തമാക്കി.
ഈ പോസ്റ്റുകൾ കണ്ട 'എന്റെ കണ്ണിൽനിന്ന് ചോരവാർക്കുകയാണ്' എന്ന് അദ്ദേഹം പിന്നീട് എക്‌സിൽ കുറിച്ചു. ആദ്യം ബോൾഡ് അക്ഷരങ്ങളിലുള്ള പോസ്റ്റുകളെ കുറിച്ചു മാത്രം സംസാരിച്ച അദ്ദേഹം പിന്നീട് മറ്റൊരു പോസ്റ്റിലാണ് ഇറ്റാലിക് ഫോണ്ടിനെക്കുറിച്ച് പറഞ്ഞത്.
ഈ മാറ്റങ്ങൾ ഉടൻ പ്രത്യക്ഷമാകുമെന്നാണ് എക്സ് അറിയിക്കുന്നത്. ബോൾഡ്, ഇറ്റാലിക് അക്ഷരങ്ങളിൽ എഴുതിയ പോസ്റ്റുകൾ മെയിൻ ഫീഡിൽനിന്ന് അപ്രത്യക്ഷമാകും. അത് വായിക്കണമെങ്കിൽ പോസ്റ്റിൽ ക്ലിക്ക് ചെയ്ത മാത്രമേ സാധ്യമാകൂ. ഐ ഫോൺ, ആൻഡ്രോയിഡ് ആപ്പുകളും വെബ്ബും ഉൾപ്പെടെ എല്ലാ പ്ലാറ്റുഫോമുകളിലും ഈ മാറ്റം എത്രയും പെട്ടന്ന് പ്രത്യക്ഷപ്പെടുമെന്നും കമ്പനി അറിയിച്ചു.
എക്‌സ് ട്വിറ്ററായിരുന്ന കാലത്ത്, കംപ്യൂട്ടറുകളിൽ മാത്രം ഉപയോഗിക്കാവുന്ന അവസ്ഥയിൽ ഇറ്റാലിക് ഫോണ്ട് മാത്രമായിരുന്നു അനുവദിച്ചിരുന്നത്. പിന്നീട് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള മറ്റു ഡിവൈസുകളിലേക്കും എക്സ് എത്തുന്നതിലൂടെ ഇത് മാറുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ബ്രസീലിലെ നിരോധനം ഉടൻ അവസാനിക്കും
ബ്രസീലിൽ എക്സ് നേരിടുന്ന നിരോധനം ഉടൻ അവസാനിക്കുമെന്നാണ് വാർത്തകൾ. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസിലാണ് ബ്രസീൽ സുപ്രീംകോടതിയാണ് എക്‌സിനു നിരോധനം ഏർപ്പെടുത്തിയത്.
എക്സിന്റെ ബാങ്ക് അക്കൗണ്ടുകൾ ബ്രസീൽ സെൻട്രൽ ബാങ്ക് ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ ബ്രസീൽ സുപ്രീംകോടതി ജസ്റ്റിസ് അലക്‌സാണ്ടർ ഡി മൊറേസിന്റെ ഉത്തരവിനെതുടർന്ന് ഉപരോധം അവസാനിപ്പിക്കാൻ ബാങ്ക് തീരുമാനിച്ചു. 50 ലക്ഷം ഡോളർ പിഴയായി നല്കാൻ കമ്പനി തയ്യാറായെന്നാണ് വാർത്തകൾ.