TECHNOLOGY

ജോലി നഷ്ടമായത് രണ്ട് ലക്ഷത്തിലധികം പേർക്ക്: പിരിച്ചുവിടലുകളുടെ 2023

ടെക് മേഖലയിലെ വളരെ പ്രക്ഷുബ്ധമായ വർഷമായിരുന്നു 2023

വെബ് ഡെസ്ക്

2023 പിരിച്ചുവിടലുകളുടെ വർഷം കൂടിയാണെന്ന് പറയാനാകും. ടെക് ലോകത്ത് വ്യാപകമായ പിരിച്ചുവിടലുകളും പലയിടങ്ങളിലും വലിയ തോതിൽ ശമ്പളം വെട്ടിക്കുറയ്ക്കലുകളും നമ്മൾ ഈ വർഷം കണ്ടു. സാമ്പത്തിക പ്രതിസന്ധികൾ തന്നെയാണ് പിരിച്ചു വിടലുകളുടെ കാരണമായി എല്ലാവരും ചൂണ്ടിക്കാട്ടുന്നത്. ഗൂഗിൾ മുതൽ ആമസോൺ വരെയുള്ള ടെക് ഭീമന്മാർ ഉൾപ്പടെ രണ്ട് ലക്ഷത്തിലധികം ജീവനക്കാരെയാണ് കഴിഞ്ഞ വർഷം മാത്രം പിരിച്ച് വിട്ടത്. ചുരുക്കത്തിൽ പറയുമ്പോൾ ടെക് മേഖലയിലെ വളരെ പ്രക്ഷുബ്ധമായ വർഷമായിരുന്നു 2023 .

ഈ വർഷമാദ്യം, ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, യാഹൂ, മെറ്റാ, സൂം, ട്വിറ്റർ തുടങ്ങിയ ടെക് ഭീമന്മാരാണ് പിരിച്ച് വിടലുകൾക്ക് ആരംഭം കുറിച്ചത്. പല മേഖലകളിലുമുള്ള സ്റ്റാർട്ടപ്പുകളും വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചു.

2022 നെ അപേക്ഷിച്ച് ആകെ 58 ശതമാനം അധികം പിരിച്ചുവിടലുകൾക്ക് 2023 സാക്ഷ്യം വഹിച്ചു. കണക്കുകൾ പ്രകാരം, 2022-ൽ 1,064 ടെക് കമ്പനികൾ 1,64,969 ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ 2023-ൽ മൊത്തം 1,175 ടെക് കമ്പനികൾ 2,60,509 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോൺ ആണ് ഈ വർഷം ഏറ്റവും കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടത് 18,000 പ്രൊഫഷണലുകൾ കമ്പനി വിട്ടു. ഇന്ത്യയിൽ, ബൈജൂസ് രണ്ട് റൗണ്ടുകളിലായി 3,500 ജീവനക്കാരെ പിരിച്ചുവിട്ടു. തുടർന്ന് അൺകാഡമി (മൊത്തം ജീവനക്കാരുടെ 12 ശതമാനം), ഷെയർചാറ്റ് (500), സ്വിഗ്ഗി (380), ഓല (200), ഫിസിക്സ് വാല (120) എന്നിങ്ങനെയുള്ള കമ്പനികളും പിരിച്ചുവിടൽ തുടർന്നു.

ടെക് ഭീമന്മാരുടെ പിരിച്ച് വിടൽ നിരക്ക് :

ആഗോളതലത്തിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതികളായിരുന്നു ഗൂഗിൾ പ്രഖ്യാപിച്ചത്. മൈക്രോസോഫ്റ്റ് 10,000 ജീവനക്കാരെ ജീവനക്കാരെ പിരിച്ച് വിടുമെന്ന് പിന്നാലെ അറിയിച്ചു. ആമസോണും മെറ്റയും മറ്റുള്ളവരും സമാനമായ പ്രഖ്യാപനങ്ങളുമായി രംഗത്ത് വന്നു. സാമ്പത്തിക മാന്ദ്യവും പുനർനിർമ്മാണ പദ്ധതികളും ചൂണ്ടിക്കാണിച്ചാണ് പിരിച്ചു വിടൽ നീക്കങ്ങൾ കമ്പനികൾ നടത്തിയത്.

2022-ൽ,10,000 ജീവനക്കാരെ പിരിച്ചുവിട്ട ആമസോൺ 2023 ജനുവരിയിൽ 18,000 ജീവനക്കാരെയാണ് പിരിച്ച് വിട്ടത്. നവംബറിൽ കമ്പനി വിവിധ ഡിവിഷനുകളിൽ നിന്ന് നൂറുകണക്കിന് ജീവനക്കാരെ വീണ്ടും പിരിച്ച് വിട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച കൃത്യമായ കണക്കുകൾ കമ്പനി രഹസ്യമായി വെച്ചിരിക്കുകയാണ്.

2023 ജനുവരി പകുതിയോടെ, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 12,000 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിവിധ ഡിപാർട്മെന്റുകളിൽ നിന്നുള്ള അതിന്റെ ആഗോള തൊഴിലാളികളുടെ ഏകദേശം 6 ശതമാനം ആണിത്. ആഗോള സാമ്പത്തിക മാന്ദ്യം, പകർച്ചവ്യാധി, പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളാണ് പിരിച്ചുവിടലിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലും ഗൂഗിൾ അതിന്റെ റിക്രൂട്ടിംഗ് ഡിവിഷനിലെ നൂറുകണക്കിന് ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു. ബാധിക്കപ്പെട്ട ജീവനക്കാരുടെ യഥാർത്ഥ കണക്ക് അവർ പ്രഖ്യാപിച്ചതിലും വളരെ കൂടുതൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2023 ജനുവരിയിൽ മൈക്രോസോഫ്റ്റ് ഏറ്റവും വലിയ പിരിച്ചുവിടൽ പ്രഖ്യാപിച്ചു. 10,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതികളായിരുന്നു അത്. ഇത് ആകെ തൊഴിലാളികളുടെ 5% വരും. ചെലവ് ചുരുക്കൽ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ പിരിച്ചുവിടലുകൾ. അധിക നിയമനവും മാക്രോ ഇക്കണോമിക് അവസ്ഥകളും തൊഴിലാളികളെ തൊഴിലാളികളെ കുറയ്ക്കുന്നതിനുള്ള കാരണങ്ങളായി സിഇഒ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2023 ജൂലൈയിൽ വീണ്ടും മൈക്രോസോഫ്റ്റ് പിരിച്ച് വിടലുകൾ നടത്തിയിട്ടുണ്ട്. കമ്പനിക്കുള്ളിലും ഈ നീക്കങ്ങൾ പല തരത്തിലുള്ള സ്വാധീനങ്ങൾ ചെലുത്തിയിട്ടുണ്ട്.

ആഗോളതലത്തിൽ 11,000 ജീവനക്കാരെ വെട്ടിക്കുറച്ച് കൊണ്ട് 2022 നവംബറിൽ മെറ്റാ അതിന്റെ തൊഴിലാളികളെ പിരിച്ച് വിടൽ ആരംഭിച്ചു. പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കുന്നതിനും സാമ്പത്തിക അനിശ്ചിതത്വങ്ങൾ മറികടക്കുന്നതിനുമുള്ള മാർക്ക് സക്കർബർഗിന്റെ നീക്കമായിരുന്നു അത്. പിന്നീട്, ഏപ്രിൽ അവസാനത്തിലും മെയ് അവസാനത്തിലും രണ്ട് റൗണ്ട് പിരിച്ചുവിടലുകളിലായി 10,000 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് 2023 മാർച്ചിൽ സക്കർബർഗ് പ്രഖ്യാപിച്ചു. ഏപ്രിലിലെ പിരിച്ചുവിടലുകൾ സാങ്കേതിക ജീവനക്കാരെ ലക്ഷ്യമിട്ടായിരുന്നു. മെയ് മാസത്തിലെ പിരിച്ചുവിടലുകൾ മെറ്റയുടെ ബിസിനസ് ഗ്രൂപ്പുകളിലെ അംഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇതിന് പുറമെ വർഷം മുഴുവനും വിവിധ വകുപ്പുകളിലെ ചെറിയ തോതിലുള്ള പിരിച്ച് വിടലുകളും നടന്നിരുന്നു. വിവിധ ഡിപ്പാർട്മെന്റിൽ ഇതിനനുസരിച്ച് ജീവനക്കാരുടെ കുറവുകൾ ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്. മെറ്റാ സ്ഥിരീകരിച്ച പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം ആകെ 21,000 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും =, 2023 ലെ മെറ്റയിലെ പിരിച്ചുവിടലുകളുടെ യഥാർത്ഥ കണക്ക് ഇപ്പോൾ അവതരിപ്പിച്ചതിനേക്കാൾ ഉയർന്നതായിരിക്കും.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ കമ്പനിയായ സെയിൽസ്ഫോഴ്സ്, 2023-ന്റെ തുടക്കത്തിൽ പിരിച്ചുവിടൽ ആരംഭിച്ചിരുന്നു. ജീവനക്കാരുടെ 10% കുറയ്ക്കാനുള്ള പദ്ധതികൾ ആണ് കമ്പനി പ്രഖ്യാപിച്ചത്. ഏകദേശം 8,000 ജീവനക്കാരെയാണ് ഇത് ബാധിക്കുക. ഈ പിരിച്ചുവിടലുകൾ ചില ഓഫീസുകൾ അടച്ചുപൂട്ടുന്നത് കൂടി ഉൾപ്പെട്ട ഒരു പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമാണെന്നാണ് കമ്പനി വ്യക്തമാക്കിയത്. പിന്നാലെ, സെയിൽസ്ഫോഴ്സ് മറ്റൊരു റൗണ്ട് ജോലി വെട്ടിക്കുറയ്ക്കൽ കൂടി പ്രഖ്യാപിച്ചിരുന്നു. ഇത് നൂറുകണക്കിന് അധിക ജീവനക്കാരെ ബാധിച്ചു. ഫെബ്രുവരിക്ക് ശേഷമുള്ള ആഴ്‌ചകളിൽ കൂടുതൽ പിരിച്ചുവിടലുകളുടെ സാധ്യതയെക്കുറിച്ച് സിഒഒ സൂചന നൽകിയെങ്കിലും കൃത്യമായ സംഖ്യകൾ വ്യക്തമല്ല. 2022 ൽ എലോൺ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ എക്‌സിൽ ആരംഭിച്ച പിരിച്ച് വിടലുകൾ 2023 യിലും തുടർന്ന് കൊണ്ടിരിക്കുകയാണ്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍