ഫാൻ അക്കൗണ്ടുകൾക്കായുള്ള ഉള്ളടക്ക നയങ്ങളിൽ മാറ്റം വരുത്തി വീഡിയോ ഷെയറിങ് പ്ലാറ്റഫോമായ യുട്യൂബ്. ഇതുപ്രകാരം ഫാൻ അക്കൗണ്ടുകളിൽ ഏതെങ്കിലും താരങ്ങളുടെയോ ഗായകരുടെയോ സെലിബ്രറ്റികളുടെയോ വീഡിയോകൾ പങ്കുവെക്കുമ്പോൾ നിങ്ങൾ ആ വ്യക്തിയേയോ അവരുടെ സ്ഥാപനത്തെയോ പ്രതിനിധീകരിക്കുന്നില്ലെന്ന് വ്യക്തമാക്കണം. യഥാർത്ഥ കണ്ടന്റ് ക്രിയേറ്റർമാരായി ഫാൻ അക്കൗണ്ടുകൾ ആൾമാറാട്ടം നടത്തുന്നത് തടയാനാണ് നടപടി. യുട്യൂബിലെ പല കണ്ടന്റെ ക്രിയേറ്റർമാരുടേയും വീഡിയോകളും മറ്റു ഉള്ളടക്കങ്ങളും അതുപോലെ തന്നെ സ്വന്തം അക്കൗണ്ടിൽ പങ്കുവയ്ക്കുന്ന ധാരാളം ചാനലുകൾ യുട്യൂബിൽ സജീവമാണ്.
" ഒരു ഫാൻ ചാനൽ തുടങ്ങുകയാണെങ്കിൽ, അതിന്റെ യഥാർത്ഥ പേര് ഉപയോഗിക്കണം . അല്ലെങ്കിൽ നിങ്ങളുടെ ചാനൽ വീഡിയോയുടെ യഥാർത്ഥ കണ്ടന്റ് ക്രിയേറ്റേറിനേയോ കലാകാരനെയോ സ്ഥാപനത്തെയോ പ്രതിനിധീകരിക്കുന്നില്ലെന്ന് വ്യക്തമാക്കണം" - യൂട്യൂബിന്റെ പുതിയ അപ്ഡേറ്റിൽ പറയുന്നു. ആദ്യം ഫാൻ അക്കൗണ്ടുകളായി അവതരിപ്പിച്ച്, പിന്നീട് കണ്ടെന്റുകൾ പങ്കുവെച്ച് ആൾമാറാട്ടം നടത്തുന്നത് ഇതോടെ നിരോധിക്കപ്പെടും.
ഒപ്പം യഥാർത്ഥ ചാനലിന് സമാനമായ പേര്, അവതാർ, ബാനർ എന്നിവ ഉപയോഗിക്കുന്ന ചാനലുകൾക്കും പിടിവീഴും. ചില ചാനലുകളുടെ പേരുകൾക്ക് യഥാർത്ഥ അക്കൗണ്ടുകളുടെ പേരുമായി നിസാരമായ മാറ്റങ്ങൾ മാത്രമാണുണ്ടാവുക. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഫാൻ അക്കൗണ്ടുകൾക്കായി YouTube-ന് നേരത്തെ പ്രത്യേക നയങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ യഥാർത്ഥ ക്രിയേറ്റേഴ്സിന്റെ വീഡിയോകൾ കോപ്പിയടിക്കുന്ന അക്കൗണ്ടുകളുടെ എണ്ണം വൻതോതിൽ വർധിച്ചതോടെയാണ് പ്ലാറ്റ്ഫോം പുതിയ നയങ്ങൾ കൊണ്ടുവന്നത്. ഇതുപ്രകാരം പ്രിയപ്പെട്ട കണ്ടന്റ് ക്രിയേറ്ററിന്റെ വീഡിയോയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പങ്കുവയ്ക്കാൻ ഫാൻ ചാനലുകൾക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകും.
കണ്ടന്റ് ക്രിയേറ്റേഴ്സിനും ഫാൻ അക്കൗണ്ടുകൾക്കും പിന്തുണ നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കുക, അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുക, യഥാർത്ഥ കണ്ടന്റ് ക്രിയേറ്റർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയവ സാധ്യമാക്കുകയാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. കൂടാതെ ഉപയോക്താക്കൾ വ്യാജന്മാരാൽ വഞ്ചിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനും സഹായകമാകും. കണ്ടന്റ് ക്രിയേറ്ററുടെ പേരും സാദൃശ്യമുള്ള ഉള്ളടക്കങ്ങളും തെറ്റായ രീതിയിൽ പങ്കുവച്ച് അവരുടെ പ്രശസ്തിക്ക് മങ്ങലേൽപ്പിക്കുന്നതിന് തടയിടും. ഫാൻ അക്കൗണ്ടുകൾക്കായുള്ള പുതിയ നയം 2023 ഓഗസ്റ്റ് 21 മുതൽ പ്രാബല്യത്തിൽ വരും.
ഒപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വിവിധ ഭാഷകളിലേക്ക് വീഡിയോകൾ ഡബ്ബ് ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്ന പുതിയ ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട് .