ഓണ്‍ലൈന്‍ അടിവസ്ത്ര വ്യാപാര സൈറ്റായ സിവാമേയിൽ നിന്ന് സ്ത്രീകളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു. പർച്ചേസിന്റെ ഭാഗമായി ഉപഭോക്താക്കളായ സ്ത്രീകള്‍ സിവാമേയിൽ നൽകിയിരുന്ന സ്വകാര്യ വിവരങ്ങളാണ് വില്‍പ്പനയ്ക്ക് വച്ചത്. ഏകദേശം 1.5 ദശലക്ഷം വരുന്ന സ്ത്രീകളുടെ വിവരങ്ങള്‍ പുറത്തുപോയതായാണ് റിപ്പോര്‍ട്ടുകള്‍.
സിവാമേയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുന്ന സമയത്ത് ഉപഭോക്താക്കൾ നൽകിയ പേര്, ഇമെയിൽ, ഫോൺ നമ്പർ, മേൽവിലാസം, മെഷര്‍മെന്റ് വിശദാശങ്ങള്‍ എന്നിവയുൾപ്പെടെയുള്ള വിവരങ്ങള്‍ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 500 ഡോളർ ക്രിപ്റ്റോകറൻസി നൽകിയാൽ സിവാമേയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുന്ന സ്ത്രീകളുടെ പൂർണമായ വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കാമെന്നാണ് ചില സ്ഥാപങ്ങളുടെ വാഗ്ദാനം.
1,500ലധികം സ്ത്രീകളുടെ പേരും മേൽവിലാസങ്ങളും വിശദാംശങ്ങളും അടങ്ങിയ സാമ്പിൾ ഡാറ്റ പങ്കുവച്ചാണ് വിലപേശല്‍. ഇന്ത്യാ ടുഡെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.
സാമ്പിൾ ഡാറ്റയിൽ ലഭിച്ച സ്ത്രീകളുടെ വിവരങ്ങൾ അന്വേഷിച്ചു നോക്കിയപ്പോൾ അവരെല്ലാം സിവാമേയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിയവരാണെന്ന് വ്യക്തമാകുകയായിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോർന്ന കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ഉപഭോക്താക്കൾ വെളിപ്പെടുത്തിയെങ്കിലും സിവാമേ ഇതുവരെ പ്രതികരിച്ചിട്ടില്ല.