പ്രശസ്ത ഇന്ത്യൻ -ഇംഗ്ലീഷ് എഴുത്തുകാരി അനിത ദേശായിയെയാണ് ഇത്തവണ ബുക്ക് സ്റ്റോപ്പിൽ സുനീത ബാലകൃഷ്ണൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. അവിസ്മരണീയമായ യാത്രകളിലൂടെ വായനക്കാരെ കൊണ്ടുപോകുന്ന അതിശയകരമായ സാഹിത്യകൃതികൾ കൊണ്ട് പ്രശസ്തയായ എഴുത്തുകാരിയാണ് അനിത ദേശായി.
സൽമാൻ റുഷ്ദിക്കും അരുന്ധതി റോയിക്കും മുൻപേ, ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യങ്ങൾ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നതിനും ഏറെ മുൻപേ ആ ധാരയിൽ ഉയർന്നുവന്ന പേരാണ് അനിത ദേശായി. 1950 കളിൽ മസൂറിയിൽ നിന്ന് ഡൽഹിയിലേക്കെത്തിയ ഒരു കോളേജ് കുമാരി പിന്നീട് ഇന്ത്യൻ സാഹിത്യ മാസികകളിൽ ഇടം പിടിച്ച എഴുത്തുകാരി ഉണ്ടാകുന്നത്. ഇന്ത്യയുടെ ആദ്യത്തെ ബുക്കർ പ്രതീക്ഷ കൂടിയായിരുന്നു അനിത.
സ്ത്രീ മനസ്സിന്റെ അന്തഃസംഘർഷങ്ങളും പ്രശ്നങ്ങളും പ്രമേയവത്ക്കരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയ ഈ എഴുത്തുകാരി മധ്യവർഗ്ഗത്തിലെ നഗരവത്കൃതസ്ത്രീയുടെ പ്രശ്നങ്ങളാണ് പ്രധാനമായും തന്റെ കൃതികളിൽ ആവിഷ്കരിക്കുന്നത്. 1984-ലാണ് അനിത ദേശായി വിഖ്യാത നോവൽ 'ഇൻ കസ്റ്റഡി' പ്രസിദ്ധീകരിക്കുന്നത്. മെർച്ചൻ്റ് ഐവറി പ്രൊഡക്ഷൻസ് 'ഇൻ കസ്റ്റഡി' പിന്നീട് സിനിമയായി. ഷാരൂഖ് ഹുസൈൻ്റെ തിരക്കഥയിൽ ഇസ്മായിൽ മർച്ചൻ്റ് ആണ് ചിത്രം സംവിധാനം ചെയ്തത്. 1994 ലെ മികച്ച ചിത്രത്തിനുള്ള ഇന്ത്യൻ പ്രസിഡന്റ് ഗോൾഡ് മെഡൽ നേടിയ ഈ ചിത്രത്തിൽ ശശി കപൂർ, ഷബാന ആസ്മി , ഓം പുരി എന്നിവർ മികച്ച പ്രകടം കാഴ്ച വെച്ചിട്ടുണ്ട്.
മൂന്ന് തവണ ബുക്കർ പ്രൈസിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യാപ്പെട്ടയാളാണ് അനിത ദേശായി. ഏറ്റവും ഒടുവിലായി 2014 ൽ പത്മഭൂഷൺ നൽകിയാണ് രാജ്യം അവരെ ആദരിച്ചത്.