കോഴിക്കോടിന്റെയും സാമൂതിരിമാരുടെയും കഥപറയുന്ന ഹിസ്റ്ററി സോൺ പോഡ്കാസ്റ്റ് സീരീസിന്റെ ആദ്യ എപ്പിസോഡ് തുടങ്ങുന്നത് ഏതാണ്ടൊരു ആയിരം കൊല്ലം മുൻപ് കേരളത്തെ അവസാനത്തെ ചേരമാൻ പെരുമാൾ നിരവധി നാട്ടുരാജ്യങ്ങളാക്കി വിഭജിച്ചു എന്ന കേരളോല്പത്തി ഗ്രന്ഥത്തിലെ ഐതിഹ്യ കഥ പറഞ്ഞാണ്. ആ കഥ പ്രകാരം പെരുമാളിനു ഏറെ പ്രിയരായ ഏറനാട്ടിലെ വിക്കിരനും മാനിച്ചനുമെന്ന രണ്ടു യോദ്ധാക്കൾ അവർക്ക് അന്ന് ലഭിച്ച ഒരു ചെറിയ തുറമുഖത്തെ കോഴിക്കോടായി വളർത്തി എടുത്തു.
പെരുമാളിന്റെ കൽപ്പന പ്രകാരം "ചത്തും കൊന്നും" നാടുകൾ വെട്ടിപ്പിടിക്കാൻ പുറപ്പെട്ട അവർ നിരവധി യുദ്ധങ്ങളിലൂടെയും കൗശലങ്ങളിലൂടെയും തങ്ങളുടെ രാജ്യ വിസ്‌തൃതി വർധിപ്പിച്ചു. കടലുമായി ബന്ധപ്പെട്ട 'പൂന്തുറക്കോൻ' എന്ന അധികാര പദവിയിൽ ആദ്യകാലങ്ങളിൽ അറിയപ്പെട്ട സാമൂതിരിമാർ പിന്തുടർന്ന ഭരണ-വാണിജ്യ നയങ്ങൾ കടൽ വ്യാപാരത്തിൽ കോഴിക്കോട് തുറമുഖത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമായി വളർത്തി.
എം ജി എസ് നാരായണൻ, വി വി ഹരിദാസ് മുതലായ ചരിത്രകാരന്മാരെ ഉൾപ്പെടുത്തി ചരിത്ര പഠനങ്ങളിലൂന്നി വികസിപ്പിച്ചെടുത്ത ഈ പോഡ്കാസ്റ്റ് വിവരിക്കുന്നത് ആർക്കൈവൽ ആൻഡ് റിസർച്ച് പ്രൊജക്ട് കോ-ഫൗണ്ടർ ശ്രുതിൻ ലാൽ ആണ്