ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്. സാഹിത്യ ലോകത്തെ ഈ അതികായനെ ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. നോബൽ സമ്മാന ജേതാവായ കൊളംബിയൻ എഴുത്തുകാരൻ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് തന്റെ ഭാവനാത്മകമായ എഴുത്തു രീതി കൊണ്ട് ലോകമെമ്പാടുമുള്ള വായനക്കാരെ സ്വാധീനിച്ചിട്ടുണ്ട്. ഓർമകൾ കൊണ്ടുള്ള ഇതിഹാസങ്ങൾ തീർത്ത ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് 2014ൽ, തന്റെ 87 ആം വയസിൽ മരണപ്പെടുന്നതിന് മുൻപുള്ള കുറച്ച് വർഷങ്ങളിൽ തന്റെ ഓർമകളുമായി മല്ലിടുകയായിരുന്നു.
തന്റെ എഴുത്തിലെ ഏറ്റവും മികച്ച പാഠഭേദം തന്നെ വേണം വായനക്കാരിൽ എത്താൻ എന്ന് നിർബന്ധമുള്ളയാളായിരുന്നു മാര്‍ക്വേസ്. മാര്‍ക്വേസ് മരണത്തിന് കീഴ്‌പ്പെട്ട് ഒരു ദശാബ്ദം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ അവസാന നോവൽ വായനക്കാരിലേക്കെത്തുന്നത്. 30 രാജ്യങ്ങളിലായി ആഗോള പ്രസാധനം നടന്ന മഹാ സംഭവമായിരുന്നു 'അണ്‍റ്റില്‍ ഓഗസ്റ്' (Until August) എന്ന അദ്ദേഹത്തിന്റെ അവസാന കൃതിയുടെ പ്രകാശനം. രണ്ട് വർഷം മുൻപ് ഈ പുസ്തകത്തിനെ ക്കുറിച്ചുള്ള വിവരം പുറത്ത് വന്നത് മുതൽ സാഹിത്യലോകം കാത്തിരിപ്പിന്റെയും വിമർശനങ്ങളുടെയും ഇടയിൽ ചാഞ്ചാടുകയായിരുന്നു.
2014ല്‍ മാര്‍ക്വേസ് മരിച്ചതിന് ശേഷം അദ്ദേഹം അവസാനമായി എഴുതാന്‍ ശ്രമിച്ച നോവലിന്റെ ഒന്നിലധികം ഡ്രാഫ്റ്റുകളും കുറിപ്പുകളും അധ്യായ ഭാഗങ്ങളും ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയിലെ ഹാരി റാന്‍സം സെന്ററിലെ അദ്ദേഹത്തിന്റെ ആര്‍ക്കൈവുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിൽ നിന്നാണ് അദ്ദേഹത്തിന്റെ മക്കൾ ഈ നോവൽ കണ്ടെത്തുകയും പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയും ചെയ്തത്. ഓർമകൾ പതുക്കെ പിൻവലിഞ്ഞു തുടങ്ങിയ കാലത്ത് വാക്കുകളോടും അക്ഷരങ്ങളോടും മല്ലിട്ടാണ് അദ്ദേഹം ആ പുസ്തകം പൂർത്തിയാക്കിയത്. പല തവണ വെട്ടിയും തിരുത്തിയും മാറ്റങ്ങൾ വരുത്തി, കുറഞ്ഞത് അഞ്ച് ഡ്രാഫ്റ്റുകളെങ്കിലും അതിന്റേതായി അദ്ദേഹം എഴുതിയിരുന്നു. ഒടുവിൽ അതൊരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് തീരുമാനിച്ചു.
എന്നാൽ മാര്‍ക്വേസിന്റെ ആ തീരുമാനം ധിക്കരിച്ചാണ് മക്കൾ ഇപ്പോൾ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. മാര്‍ക്വേസിന്റെ സാഹിത്യ സഞ്ചയത്തെ ദുർബലമാക്കുന്ന ഒന്നാണ് 'അണ്‍റ്റില്‍ ഓഗസ്റ്' എന്ന കൃതിയെന്ന് സൽമാൻ റുഷ്ദി അടക്കമുള്ളവർ ഭയപ്പെടുന്നു.
എന്തൊക്കെയാണ് ഇത് സംബന്ധിച്ച് സാഹിത്യ ലോകത്ത് നില നിൽക്കുന്ന ആശങ്കകൾ ? 'അണ്‍റ്റില്‍ ഓഗസ്റ്' ന്റെ പ്രസിദ്ധീകരണം ഒരു അർത്ഥ ശൂന്യമായ നീക്കമായി പലരും കരുതുന്നത് എന്ത് കൊണ്ടാണ് ?