ഒരു ക്ഷേത്രത്തിൽ ആരാധനാ മൂർത്തിയുടെ എത്ര വിഗ്രഹങ്ങൾ ഉണ്ടാകും? കോലാറിലെ കമ്മസന്ദ്രയിലുള്ള ശിവ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ഈ ചോദ്യമെങ്കിൽ ഒരു കോടിയോളം എന്നായിരിക്കും ഉത്തരം. അത്രയുമുണ്ട് ഈ ക്ഷേത്രത്തിലെ ശിവലിംഗങ്ങൾ. ഇത് കോട്ടി ലിംഗേശ്വര ക്ഷേത്രം, കന്നടയിൽ കോട്ടി എന്നാൽ കണക്കിലെ കോടി (crore) എന്നർത്ഥം . ഭക്തരാണ് ശിവലിംഗങ്ങൾ നേർന്ന് നേർന്ന് ഈ ക്ഷേത്രത്തിന് ഈ പേര് വരാൻ കാരണക്കാർ.
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥാപിച്ചിരിക്കുന്നതും ഈ ക്ഷേത്രത്തിനകത്താണ്. 108 അടി ഉയരമുണ്ട് ക്ഷേത്ര മുറ്റത്തെ ശിവലിംഗത്തിന്. ഇതും ഭീമൻ നന്തി പ്രതിമയുമാണ് (35 അടി ഉയരം) ക്ഷേത്രത്തിലെ പ്രധാന ആകർഷണം. ബ്രഹ്മാവിനും വിഷ്ണുവിനും അന്നപൂർണേശ്വരിദേവിക്കും ഹനുമാനും ശ്രീരാമനും സീതാ ദേവിക്കും പഞ്ചമുഖമുള്ള ഗണപതിക്കുമൊക്കെ ഈ ക്ഷേത്രത്തെ ചുറ്റി കുഞ്ഞു ക്ഷേത്രങ്ങളുണ്ട്. എല്ലാ ദൈവങ്ങളുടെയും ഭക്തരുടെയും സംഗമ സ്ഥലം കൂടിയാണ് ഈ ക്ഷേത്ര പരിസരം എന്ന് പറയാം. കർണാടകയിലെ മികച്ചൊരു തീർത്ഥാടന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കോട്ടിലിംഗേശ്വര ക്ഷേത്രം.
കോടി എന്നത് ഒരു ലക്ഷ്യമാണ്. നിലവിൽ ക്ഷേത്ര ഭാരവാഹികൾ തയ്യാറാക്കിയ കണക്ക് പ്രകാരം 93 ലക്ഷം ശിവലിംഗങ്ങളാണ് ക്ഷേത്രത്തിലുള്ളത്. വൈകാതെ തന്നെ എണ്ണം, കോടി തൊട്ട് ലക്ഷ്യത്തിലെത്തും. ദിനവും നൂറു കണക്കിന് ഭക്തരെത്തുന്ന ക്ഷേത്രത്തിൽ കുറഞ്ഞത് അൻപതോളം ശിവലിംഗങ്ങൾ പുതുതായി എത്തും. ഭക്തർക്ക് ഇഷ്ടമുള്ള വലിപ്പത്തിൽ ശിവലിംഗങ്ങൾ സമർപ്പിക്കാം. അവരവരുടെ പേരു വിവരങ്ങളും എഴുതി പ്രദർശിപ്പിക്കാം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയുടെ വിഗ്രഹത്തിൽ പൂജ ചെയ്യും പോലെ തന്നെ ഈ 93 ലക്ഷം ശിവലിംഗങ്ങൾക്കും ഇവിടെ പൂജയുണ്ടാകും. ഇതിനായി നിരവധി പൂജാരികൾ ഈ ക്ഷേത്രത്തിലുണ്ട്.
ശിവരാത്രി മഹോത്സവമാണ് ഇവിടെത്തെ പ്രധാന ദിനം. ഭക്തരെ കൊണ്ടും ശിവലിംഗങ്ങൾ കൊണ്ടും ക്ഷേത്രം നിറയുന്ന ദിവസം . ഈ ദിനത്തിലാണ് പുതിയ ശിവലിംഗങ്ങൾ ക്ഷേത്രത്തിൽ കൂടുതലായി എത്തുക. വിവിധ വലിപ്പത്തിലും നിറത്തിലും വിവിധ വസ്തുക്കൾ കൊണ്ട് നിർമിക്കപ്പെട്ടതുമായ ശിവലിംഗങ്ങൾ ക്ഷേത്ര പരിസരത്ത് തന്നെ വില്പനയ്ക്ക് വച്ചിട്ടുണ്ട്. ഭക്തർക്ക് ഇവ വാങ്ങി ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ട് വന്ന് പൂജ ചെയ്ത് ഇടം കണ്ടെത്തി സ്ഥാപിക്കാം. പ്ലാസ്റ്റിക്കിൽ തീർത്ത ശിവലിംഗം പാടില്ല.
ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങളുണ്ട്. ഭക്തർക്ക് വിശ്വസനീയമായ കഥകളാണ് ഓരോന്നും. ശിവലിംഗങ്ങൾ ഒന്നിന് പിറകെ ഒന്നായി എത്തി മഹേശ്വര ചൈതന്യം നിറഞ്ഞൊരു മനോഹര ക്ഷേത്രം, അതാണ് കോട്ടി ലിംഗേശ്വര ക്ഷേത്രം.