TRAVEL

മലാന: ലഹരിയും പ്രകൃതിയും ഒത്തുചേരുന്ന ഗ്രാമം

മലാനക്കാരെ പുറത്തുനിന്ന് വരുന്ന ആരും സ്പര്‍ശിക്കാന്‍ പാടില്ല. അവരുടെ ആരാധന മൂര്‍ത്തിയേയോ ആരാധനാലയത്തെയോ തൊടുന്നതും അശുദ്ധിയാണ്. തൊടുന്നവര്‍ക്ക് 3500 രൂപയാണ് പിഴ

എ പി നദീറ

ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ പാര്‍വതി താഴ്‌വര...ശാന്തമായൊഴുകുന്ന തണുത്ത പാര്‍വതി നദി... നദി മുറിച്ചുകടന്ന് ചെങ്കുത്തായ മലകയറാന്‍ തയാറെടുക്കുകയാണ്.

മലാന ഗ്രാമത്തിലേക്കുള്ള വഴി

കസോളില്‍നിന്ന് ടാക്‌സിയിലാണ് യാത്ര. കല്ലുകളും പാറക്കെട്ടുകളും നിറഞ്ഞ, പേരിനുമാത്രം ടാര്‍ ചെയ്ത വഴികള്‍. വളഞ്ഞുപുളഞ്ഞ് മല കയറിയെത്തിയാല്‍ മറ്റൊരു ലോകത്തേക്കുള്ള കവാടമായി. അവിടെ 'മലാന ഗ്രാമത്തിലേക്കുള്ള വഴി' എന്നെഴുതിയ കമാനം കാണാം. ഇനി ടാക്‌സി മുന്നോട്ടുപോകില്ല. കാല്‍നട മാത്രമാണ് ശരണം. അതിമനോഹരമായ മലാന ഗ്രാമം പൈന്‍ മരങ്ങള്‍ക്കും പച്ചപ്പുല്‍മേടുകള്‍ക്കിടയിലും ചിതറിക്കിടക്കുന്നത് ദൂരെനിന്ന് കാണാം. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കാല്‍നടയായുള്ള മലകയറ്റമാണ് ഇനി.

മലകയറ്റം തുടങ്ങി മുന്നോട്ടുപോകുമ്പോള്‍ കുറേ 'ആത്മീയകേന്ദ്ര'ങ്ങള്‍ കാണാം. മലാനയില്‍ ആളുകള്‍ തേടിവരുന്നത് എന്താണോ അത് നല്‍കാന്‍... ഉന്മാദത്തിന്റെ ഉത്തുംഗ ശൃംഗങ്ങളില്‍ നിങ്ങളെയെത്തിക്കാന്‍ പോന്ന കേന്ദ്രങ്ങള്‍. ഓരോ കേന്ദ്രങ്ങളില്‍നിന്നും പ്രതീക്ഷയോടെ സഞ്ചാരിയുടെ കണ്ണിലേക്കുനോക്കുന്ന കച്ചവടക്കാര്‍. വേണ്ട... ഉപയോഗിക്കാറില്ല, താല്‍പ്പര്യമില്ല, ഇതുവരെ പരീക്ഷിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ നിസ്സംഗതയോടെ അവര്‍ അകത്തേക്ക് വലിഞ്ഞു.

മലാന ക്രീം
ഈ ഡബ്ബകളില്‍നിന്ന് ഒരു തോല (10 ഗ്രാം) അദ്ദേഹം വില്‍ക്കാന്‍ ശ്രമിക്കുകയാണ്, വില 1500 രൂപ. വാങ്ങൂ ഉപയോഗിക്കൂ, ലോകം നിങ്ങള്‍ക്ക് ചുറ്റും നൃത്തം വയ്ക്കും

വീണ്ടും മുന്നോട്ടുനടന്നപ്പോള്‍ മലയിറങ്ങിവരുന്ന ഏതാനും മലാന വാസികള്‍. പ്രായം 70 പിന്നിട്ട സ്വരൂ റാം അരക്കെട്ടില്‍ തിരുകിവച്ച രണ്ട് കുഞ്ഞ് ഡബ്ബകള്‍ പുറത്തെടുത്തു. ലോകപ്രശസ്തമായ മലാന ക്രീം എന്ന മയക്കുമരുന്നാണ് കയ്യില്‍. ഡബ്ബകളില്‍ കറുത്ത നിറത്തില്‍ ലേഹ്യം പോലെ മലാന ക്രീം.

മലാനയിലെ ഗ്രാമീണർ

കൗതുകം തീരാതെ മലാനയുടെ വിശേഷങ്ങള്‍ ചോദിച്ചു. മലാന എന്ന ഗ്രാമത്തെക്കുറിച്ച് പറയുന്നതിനേക്കാള്‍ മലാന ക്രീമിനെക്കുറിച്ച് പറയാനായിരുന്നു സ്വരൂ റാമിന് ഇഷ്ടം. ഈ ഡബ്ബകളില്‍നിന്ന് ഒരു തോല (10 ഗ്രാം) അദ്ദേഹം വില്‍ക്കാന്‍ ശ്രമിക്കുകയാണ്, വില 1500 രൂപ. വാങ്ങൂ ഉപയോഗിക്കൂ, ലോകം നിങ്ങള്‍ക്ക് ചുറ്റും നൃത്തം വയ്ക്കുമെന്ന് പറഞ്ഞ് സ്വരൂ റാം കണ്‍കോണുകളില്‍ ചുളിവുകള്‍ ദൃശ്യമാകും വിധം ചിരിച്ചു. സ്‌നേഹപൂര്‍വം നിരസിച്ച് വീണ്ടും മുന്നോട്ടുനടന്നു. സമാനരൂപത്തില്‍ വൃദ്ധരും യുവാക്കളും ഡബ്ബകളുമായി എതിരെ വന്നുകൊണ്ടിരുന്നു. ഗ്രാമം കാണാന്‍ മാത്രം വന്നതാണ്, ക്രീം വേണ്ടെന്നു പറഞ്ഞപ്പോള്‍ നിരാശ നിഴലിച്ച മുഖങ്ങള്‍.

മലാനയിലെ ഗ്രാമീണർ

ക്ഷീണം തോന്നിത്തുടങ്ങുന്നു. എങ്കിലും മുകളില്‍ എത്തിയാല്‍ കാണാന്‍ പോകുന്ന മലാന എന്ന ആ വിചിത്രലോകത്തെക്കുറിച്ചോര്‍ത്തപ്പോള്‍ കാലുകള്‍ മുന്നോട്ടുതന്നെ. വഴിയിലെല്ലാം കഞ്ചാവ് ചെടികള്‍ തളിരിട്ടുനില്‍ക്കുന്നു. സഞ്ചാരികള്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക്കുകള്‍ മലാനയെ വികൃതമാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

മലാന ഗ്രാമത്തിലെ പെൺകുട്ടി

പുറത്ത് വലിയ കൂടകളുമായി മലയിറങ്ങിപ്പോകുന്ന അതീവ സുന്ദരികളായ മലാനയിലെ പെണ്‍കുട്ടികള്‍, യുവതികള്‍, മുതിര്‍ന്നവര്‍... വിറകും തടിക്കഷ്ണങ്ങളും ശേഖരിക്കാന്‍ രാവിലെ തന്നെ മല ഇറങ്ങുന്നവര്‍... അതിശൈത്യത്തെ അതിജീവിക്കാന്‍ ചാക്കും കമ്പിളിയും ചേര്‍ത്തുതുന്നിയ കുപ്പായങ്ങള്‍ അണിഞ്ഞവര്‍... ശൈത്യകാലം വരും മുന്‍പേയുള്ള ഒരുക്കങ്ങളിലാണ് മലാന. വീടുകളുടെ അറ്റകുറ്റപ്പണികളും നിര്‍മാണജോലികളും തകൃതിയായി നടക്കുന്നു. മഞ്ഞുവീഴ്ച തുടങ്ങിയാല്‍ മലാന ഒറ്റപ്പെടും. മഞ്ഞുപാളികള്‍ നീക്കി മല ഇറങ്ങലും കയറലും അസാധ്യം.

മലാനയിലെ പെൺകുട്ടികൾ

ഗ്രാമത്തിന്റെ മുറ്റത്തുനില്‍ക്കുകയാണ്... ഹിമാചലിന്റെ വാസ്തുകലാ ശൈലിയില്‍ തടിയില്‍ നിര്‍മിച്ച വിവിധ നിറത്തിലുള്ള വീടുകള്‍. വീട് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളും പുരുഷന്മാരും. അവിടവിടെയായി സൊറ പറഞ്ഞിരിക്കുന്ന യുവാക്കള്‍.

മലാനയിലെ തടികൊണ്ട് നിർമിച്ച വീടുകളിലൊന്ന്

മലാനയില്‍ എന്നെ വരവേറ്റത് ഭരണഘടനാ വിരുദ്ധമെന്ന് ഉറപ്പിക്കാവുന്ന ചില ബോര്‍ഡുകള്‍. മലാനക്കാരെ പുറത്തുനിന്ന് വരുന്ന ആരും സ്പര്‍ശിക്കാന്‍ പാടില്ല. അവരുടെ ആരാധന മൂര്‍ത്തിയേയോ ആരാധനാലയത്തെയോ നമ്മളാരെങ്കിലും തൊട്ടാൽ 3500 രൂപ പിഴയടയ്ക്കണം.

പുറത്തുനിന്ന് വരുന്നവർ മലാനക്കാരെ സ്പര്‍ശിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കുന്ന ഗ്രാമത്തിലെ ബോർഡ്

മലാനയിലേക്ക് തിരിക്കും മുന്‍പേ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയുണ്ടായിരുന്നെങ്കിലും ഈ യുഗത്തിലും ഇതൊക്കെ പാലിക്കുന്ന മനുഷ്യര്‍ ഉണ്ടാകുമോയെന്നായിരുന്നു മനസ്സില്‍. അവിടെ എത്തിയപ്പോള്‍ സംഗതി സത്യമാണെന്ന് ബോധ്യമാകാന്‍ അധികസമയം വേണ്ടിവന്നില്ല. സംസാരിക്കാന്‍ ചെന്നപ്പോള്‍ മലാനക്കാര്‍ അഞ്ചാറ് അടി മാറിനിന്നു. കോവിഡ് കാലത്തെ സാമൂഹ്യ അകലം പാലിക്കല്‍ ഓര്‍മ വന്നു.

''എല്ലാരേക്കാളും വിശുദ്ധരായാണ് ഞങ്ങള്‍ ഞങ്ങളെ കാണുന്നത്. ആരും തൊട്ട് അശുദ്ധമാക്കരുത്,'' പഹാഡി തൊപ്പി ധരിച്ച, വടികുത്തി വന്ന ഒരാള്‍ വിവരിക്കാന്‍ തുടങ്ങി

''എല്ലാരേക്കാളും വിശുദ്ധരായാണ് ഞങ്ങള്‍ ഞങ്ങളെ കാണുന്നത്. ആരും തൊട്ട് അശുദ്ധമാക്കരുത്,'' പഹാഡി തൊപ്പി ധരിച്ച, വടികുത്തി വന്ന ഒരാള്‍ വിവരിക്കാന്‍ തുടങ്ങി. ലിപി ഇല്ലാത്ത കനാക്ഷി എന്ന ഭാഷയാണ് മലാനക്കാര്‍ സംസാരിക്കുക. ഗ്രാമത്തിന് പുറത്തുള്ള ആര്‍ക്കും ആ ഭാഷ അറിയില്ല. സഞ്ചാരികളോട് ആശയ വിനിമയം നടത്താന്‍ മലാനക്കാര്‍ മുറി ഹിന്ദി ഉപയോഗിക്കും. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പടയാളികളായിരുന്നു തങ്ങളുടെ മുന്‍ തലമുറക്കാരെന്നാണ് മലാനക്കാര്‍ കരുതുന്നത്.

അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പടയാളികളായിരുന്നു തങ്ങളുടെ മുന്‍ തലമുറക്കാരെന്നാണ് മലാനക്കാര്‍ കരുതുന്നത്

മലാനക്കാരുടെ കാവല്‍ ദൈവം ജമദഗ്‌നി ഋഷിയാണ്. ദൈവത്തിനായി തടിയില്‍ കൊത്തുപണി ചെയ്ത സാമാന്യം വലുപ്പമുള്ള ക്ഷേത്രമുണ്ട് ഗ്രാമത്തില്‍. വിശേഷാ വസരങ്ങളില്‍ മാത്രമാണ് ക്ഷേത്രം തുറക്കുക. മലാനക്കാര്‍ അല്ലാത്ത ആര്‍ക്കും ക്ഷേത്രത്തിലേക്കൊന്ന് എത്തിനോക്കാന്‍ പോലും അവകാശമില്ല. ജമദഗ്‌നി ഋഷിയുടെ പ്രതിപുരുഷനായ ജംലു ആണ് ഗ്രാമത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇന്ത്യയിലെ ഒരു നിയമമവും മലാനക്കാര്‍ക്കു ബാധകമല്ല.

ഒന്ന് മുതല്‍ 10 വരെ പഠിക്കാന്‍ ഗ്രാമത്തില്‍ ഒരു സ്‌കൂളുണ്ട്. കുട്ടികളില്‍ ചിലര്‍ അവിടെ പോകും. പഠിപ്പിക്കാന്‍ മുന്‍പ് പുറത്തുനിന്ന് അധ്യാപകരെത്തിയിരുന്നു, തൊട്ടുകൂടായ്മ വിഷയം തലപൊക്കിയപ്പോള്‍ അതുനിന്നു. ഇപ്പോള്‍ പഠനം കാര്യമായി നടക്കുന്നില്ല. കുട്ടികള്‍ ഗ്രാമത്തില്‍ കളിച്ചുല്ലസിച്ച് വളരുന്നു. മൊബൈല്‍ ഫോണും സാറ്റലൈറ്റ് ടിവിയും ഒക്കെ ഉപയോഗിക്കുന്നവരാണ് മലാനക്കാര്‍. പക്ഷെ ഇന്നും പുരോഗതി ഗ്രാമത്തെ തൊട്ടുതീണ്ടിയിട്ടില്ല.

മലാനയില്‍ തഴച്ചുവളരുന്ന കഞ്ചാവ് ചെടിയുടെ ഇലകളുടെ ഗുണമേന്മ മനസിലാക്കിയ വിദേശികള്‍ കൂട്ടമായി ഇങ്ങോട്ടുവന്നു

കുറച്ചുവര്‍ഷങ്ങളെ ആയിട്ടുള്ളൂ പുറം നാട്ടുകാര്‍ മലാനയിലെത്താന്‍ തുടങ്ങിയിട്ട്. അതുവരെ ഒരു അദൃശ്യ ആവരണത്തിനുള്ളിലായിരുന്നു മലാനാവാസികള്‍. മലാനയില്‍ തഴച്ചുവളരുന്ന കഞ്ചാവ് ചെടിയുടെ ഇലകളുടെ ഗുണമേന്മ മനസിലാക്കിയ വിദേശികള്‍ കൂട്ടമായി ഇങ്ങോട്ടുവന്നു. മലാനക്കാരെ മലാന ക്രീം ഉണ്ടാക്കാന്‍ പഠിപ്പിച്ചു... മലാന ക്രീം കടല്‍ കടന്നു... ഉപയോഗിച്ചവര്‍ തേടിവന്നു... ലോകത്തിലെ ഏറ്റവും ഗുണം മേന്മയുള്ള ചരസുകളില്‍ ഒന്നായി മലാന കുപ്രസിദ്ധമായി.

മലാനയിലെ കഞ്ചാവ് തോട്ടം

അന്താരാഷ്ട്ര വിപണിയില്‍ താരമാണ് മലാനയില്‍ വിളയുന്ന കഞ്ചാവ് ചെടികള്‍. മലാനയിലെ അടുക്കളത്തോട്ടങ്ങള്‍ പോലും കഞ്ചാവ് ചെടികള്‍ നിറഞ്ഞവയാണ്. ഹിമാചല്‍ എന്ന സംസ്ഥാനത്തെ ലഹരിവ്യാപനത്തിന്റെ പിടിയിലാക്കിയ ഗ്രാമം കൂടിയാണ് മലാന. സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് മലാന ഉള്‍പ്പെടുന്ന കുളു ജില്ലയില്‍നിന്ന് മയക്കുമരുന്ന് കടത്തിന് പിടിയിലാവുന്നത്. കുട്ടികള്‍ക്കിടയില്‍ പോലും മയക്കുമരുന്ന് ഉപയോഗം വ്യാപകമായതോടെ ഹിമാചല്‍ സര്‍ക്കാര്‍ ബോധവത്കരണ പദ്ധതികള്‍ നടപ്പാക്കിവരികയാണ് .

ഹിമാചല്‍ എന്ന സംസ്ഥാനത്തെ ലഹരിവ്യാപനത്തിന്റെ പിടിയിലാക്കിയ ഗ്രാമം കൂടിയാണ് മലാന

വീടിനകത്ത് ഹൈടെക് കഞ്ചാവ് കൃഷി നടത്തി അറസ്റ്റിലായ സംഘത്തെക്കുറിച്ച് മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ് മലാനയുടെ മുറ്റത്തുനില്‍ക്കുമ്പോള്‍ ഓര്‍മ വന്നത്. കഞ്ചാവിന്റെ സ്വന്തം മലാന തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ അഞ്ചോ പത്തോ കഞ്ചാവ് ചെടികളുടെ പേരില്‍ അറസ്റ്റിലായവരെ കുറിച്ചോര്‍ത്ത് ഉള്ളിലൊരു ചിരി ഊറിക്കൂടി.

ഗ്രാമത്തില്‍നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഡോളിയില്‍ ഒരു സ്ത്രീയെ കിടത്തി ഒരുസംഘം ആളുകള്‍ വേഗത്തില്‍ മലയിറങ്ങുന്നതു കണ്ടു വഴിമാറിനിന്നു. അസുഖബാധിതയായ ഒരു മലാന നിവാസിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ്. അയിത്താചരണം വിശുദ്ധമായി കാണുന്ന ഇവരെ എങ്ങനെയാകും ഡോക്ടര്‍ പരിശോധിക്കുകയെന്ന ചിന്ത അലട്ടുന്ന മനസുമായാണ് മലാന വിട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ