എന്താ മുഖത്ത് പുട്ടിയിട്ടിരിക്കുകയാണോ എന്നുള്ള കൂട്ടുകാരുടെ ചോദ്യം ഇനി കേള്‍ക്കണ്ട. ഏത് വസ്ത്രത്തിനും ഇണങ്ങുന്ന നിത്യേന ചെയ്യാവുന്ന സിംപിളും മനോഹരവുമായ ന്യൂഡ് മേക്കപ്പ് മതി. പരിപാടി എന്തുമാകട്ടെ ഹെവി മേക്കപ്പ് ലുക്കില്‍ പ്രത്യക്ഷപ്പെടാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് എളുപ്പത്തില്‍ അണിഞ്ഞൊരുങ്ങാം. കുറഞ്ഞ ചിലവില്‍ വീട്ടില്‍ തന്നെ പ്രൊഫഷണല്‍ മേക്കപ്പ് കൊണ്ടുവരാനും ഇതിലൂടെ സാധിക്കും. സിനിമാതാരങ്ങള്‍ തുടങ്ങി മോഡലുകള്‍ വരെ ഇപ്പോള്‍ ന്യൂഡ് മേക്കപ്പ് ഇഷ്ടപെടുന്നവരാണ്. ന്യൂഡ് മേക്കപ്പില്‍ തിളങ്ങാനുള്ള ചില എളുപ്പ വഴികള്‍ നോക്കാം.
1. ക്ലെന്‍സിംഗ്
ഏതൊരു കാര്യവും വൃത്തിയായി തുടങ്ങണം. മേക്കപ്പ് ഇടുന്നതിന് മുന്‍പ് മുഖം വൃത്തിയായി കഴുകുക. അണുക്കള്‍ മുഖത്തിരിക്കുന്നത് സുഷിരങ്ങള്‍ അടയാനും മുഖക്കുരു ഉണ്ടാകുന്നതിനും കാരണമായേക്കാം. നിങ്ങളുടെ ചര്‍മത്തിന് ഇണങ്ങിയ ഫേസ് വാഷ് ഉപയോഗിക്കുന്നതാണ് നല്ലത്. എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ ജെല്‍ ബേസ്ഡ് ക്ലെന്‍സറും, വരണ്ട ചര്‍മമാണെങ്കില്‍ ക്രീം ബേസ്ഡ് ക്ലെല്‍സറും, നോര്‍മല്‍ ചര്‍മമാണെങ്കില്‍ ഫോമിംഗ് ക്ലെന്‍സറും തിരഞ്ഞെടുക്കുക. ഫേസ് വാഷ് ഉപയോഗിച്ച് ഒരു മിനിറ്റോളം മുഖം കഴുകാന്‍ വിട്ടു പോകരുത്.
2. മോയ്സ്ചറൈസർ
തുടക്കം നന്നായെങ്കിലെ ഒടുക്കവും നന്നാകൂ. മേക്കപ്പ് ഇടുന്നതിനു മുന്‍പുള്ള ആദ്യപടി ചര്‍മത്തെ മോയ്സ്ചറൈസ് ചെയ്യുക എന്നതാണ്. മേക്കപ്പ് ഇളകിപ്പോകാതെ കുറേ നേരം നില്‍ക്കണമെങ്കില്‍ മുഖം നല്ല ഹൈഡ്രേറ്റഡ് ആയിരിക്കണം. ശരിയായ മോയ്സചറൈസര്‍ ഉപയോഗിച്ചില്ലെങ്കില്‍ മേക്കപ്പ് ചര്‍മത്തില്‍ പിടിക്കില്ല. ചര്‍മത്തിന്‍റെ സ്വഭാവം അനുസരിച്ച് മോയ്സ്ചറൈസര്‍ തിരഞ്ഞെടുക്കുക. അതിനായി ക്രീമോ ജെല്ലോ തിരഞ്ഞെടുക്കാം. മോയ്സ്ചറൈസര്‍ പുരട്ടിയതിനു ശേഷം അത് ചര്‍മത്തിലേക്ക് വലിയുന്നത് വരെ കാത്തിരിക്കണം. കാരണം, മോയ്സ്ചറൈസര്‍ ചര്‍മം നന്നായി ആഗിരണം ചെയ്തില്ലെങ്കില്‍ മേക്കപ്പ് ഇളകി പോകാനും മുഖത്ത് എണ്ണമയം കൂടാനും സാധ്യത ഉണ്ട്.
3. പ്രൈമര്‍
പ്രൈമര്‍ ഉപയോഗിക്കാതെ മേക്കപ്പ് ചെയ്യുന്നവരാണോ നിങ്ങള്‍? മേക്കപ്പില്‍ വളരെ പ്രധാനപെട്ട ഒന്നാണ് പ്രൈമര്‍. ചര്‍മത്തിന് കേടു വരാതെ സംരക്ഷിക്കുവാനാണ് മുഖത്ത് പ്രൈമര്‍ ഉപയോഗിക്കുന്നത്. മുഖത്തെ ചുളിവുകള്‍ മാറ്റാനും സുഷിരങ്ങള്‍ മറയ്ക്കാനും എണ്ണമയം കുറയ്ക്കാനും പ്രൈമര്‍ അത്യാവശ്യമാണ്.
നിങ്ങളുടെ മേക്കപ്പ് ദീര്‍ഘനേരം പടരാതെ നിലനില്‍ക്കുന്നതിന് പ്രൈമര്‍ ഉപയോഗിച്ചേ മതിയാകൂ. പ്രൈമര്‍ ഉപയോഗിച്ച് മേക്കപ്പ് ഒരുതവണ ചെയ്തു നോക്കൂ, വ്യത്യാസം അപ്പോള്‍ കാണാന്‍ സാധിക്കും.
4. ഫൗണ്ടേഷന്‍
കണ്‍സീലറും ഹൈലൈറ്റും ഒന്നും ഉപയോഗിച്ചില്ലെങ്കിലും അതിനെല്ലാം മുന്‍പേ ഫൗണ്ടേഷന്‍ ഇടാന്‍ മറക്കരുത്. ഇന്ത്യക്കാര്‍ക്ക് വെളുത്ത നിറത്തിനോടുള്ള അഭിനിവേശം തന്നെയായിരിക്കാം പലപ്പോഴും നിറത്തിന് ഇണങ്ങാത്ത ലൈറ്റ് ഷേഡുകള്‍ തിരഞ്ഞെടുക്കാനുള്ള കാരണം. ഒരുപക്ഷേ ഫൗണ്ടേഷനെ പറ്റി കൃത്യമായ അറിവില്ലാത്തതു കൊണ്ടുമാകാം. ഫൗണ്ടേഷന്‍ നിങ്ങളുടെ നിറത്തിനു ചേരുന്നതാകണം. ഡാര്‍ക്ക് ഷേഡുകള്‍ ഉപയോഗിക്കുന്നത് മേക്കപ്പ് ലളിതവും സ്വാഭാവികവും ആയി തോന്നിക്കും.
കുറച്ചു ഫൗണ്ടേഷന്‍ നിങ്ങളുടെ കയ്യിലെടുത്തു ഡോട്ടുകളായി മുഖത്തു പുരട്ടുക. എന്നിട്ട് നനഞ്ഞ ബ്ലെന്‍ഡിംഗ് സ്പോഞ്ച് ഉപയോഗിച്ച് പതുക്കെ മുഖത്തെല്ലായിടത്തേക്കും ബ്ലെന്‍ഡ് ചെയ്യുക.
മുഖം കൂടുതല്‍ മനോഹരമാകുന്നത് മൂക്കിന് നല്ല ആകൃതി കിട്ടുമ്പോഴാണ്. അതിനായി നിങ്ങളുടെ മൂക്ക് കോണ്ടോര്‍ ചെയ്യുന്നതു നല്ലതാണ്. കോണ്ടോര്‍ സ്റ്റിക്കോ പാലറ്റോ അതിനായി ഉപയോഗിക്കാം. പാലറ്റാണെങ്കില്‍ ചെറിയ ബ്രഷ് ഉപയോഗിച്ചു കൊണ്ട് മൂക്കിന്‍റെ ഇരുഭാഗത്തും ലൈന്‍ വരക്കുക. എന്നിട്ട് ബ്ലെന്‍ഡ് ചെയ്താല്‍ മൂക്കിന് നല്ല ആകൃതി ലഭിക്കും.
5. ഐ മേക്കപ്പ്
കണ്ണുകള്‍ക്ക് പലതും പറയാന്‍ കഴിയും എന്നത് സത്യമാണ്. ഒരുപക്ഷേ കണ്ണെഴുതുന്നത് നിങ്ങളുടെ ലുക്കിനെ തന്നെ മാറ്റിയേക്കാം.
ഐ ഷാഡോ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ നിറത്തിന് ചേര്‍ന്ന നിറം തിരഞ്ഞെടുക്കാന്‍ മറക്കരുത്. ഫോൻ അല്ലെങ്കില്‍ ട്വാപ് നിറത്തിലുള്ള ഷേഡുകള്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. തവിട്ടു നിറത്തിന്‍റെ ഡാര്‍ക്ക് ഷേഡ് കണ്ണുകളുടെ കോണുകളിലായി ബ്രഷ് ഉപയോഗിച്ചു പുരട്ടുക. കണ്ണുകള്‍ എടുത്തു കാണിക്കുന്നതിനാണിത്. ക്രീം നിറത്തിലുള്ള ഐ ഷാഡോ പുരികത്തിന് കീഴില്‍ എഴുതുക. പുരികം ഹൈലെയ്റ്റ് ചെയ്യാനാണിത് .
6. കോംപാക്ട് പൗഡര്‍
നിങ്ങളുടെ മേക്കപ്പ് കോംപാക്ട് പൗഡറില്ലാതെ പൂര്‍ണമാകില്ല. ഫൗണ്ടേഷന്‍ പോലെ തന്നെ നിങ്ങളുടെ ചര്‍മത്തിന്‍റെ നിറം ഏതാണോ, അതിനു ചേരുന്നതോ അല്ലെങ്കില്‍ ചര്‍മത്തിന്‍റെ അതേ നിറത്തിലുള്ള ഷേഡോ ഉപയോഗിക്കുന്നത് നാച്ചുറല്‍ ലുക്ക് തരും. നല്ല ഫിനിഷിംഗ് കിട്ടാന്‍ ബ്രഷ് ഉപയോഗിച്ച് ബ്ലെന്‍ഡ് ചെയ്യുക.
7. ലിപ്സ്റ്റിക്
ചുണ്ടിന് നിറം നല്‍കുമ്പോഴാണ് മുഖത്തെ മേക്കപ്പ് പലപ്പോഴും എടുത്തറിയുക. അതുകൊണ്ട് ലിപ്സ്റ്റിക്കിന്‍റെ കാര്യം മറക്കരുത്. ഇനി നിങ്ങള്‍ ലിപ്സ്റ്റിക് ഇഷ്മല്ലാത്തൊരാളാണെങ്കില്‍ ഈ സ്റ്റെപ്പ് വിട്ടു കളയാം. ആദ്യം ചുണ്ടിന്‍റെ അരികുകള്‍ സൂക്ഷ്മമായി എഴുതുക. ലിപ്സ്റ്റിക് പുറത്തേക്കു പടരാതെ ശ്രദ്ധിക്കണം. അതിനുശേഷം ലൈറ്റ് ഷേഡില്‍ മാറ്റ് ലിപ്സ്റ്റിക്കോ, ലിക്ക്വിഡ് ലിപ് സ്റ്റിക്കോ ഉപയോഗിച്ച് ഫില്‍ ചെയ്യാം.