ഇന്റർനെറ്റ് വ്യാപാര രംഗത്ത് പുതിയ നേട്ടം കൈവരിച്ച് പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റ് മീഷോ. ഏറ്റവും വേഗത്തിൽ 500 ദശലക്ഷം ഡൗൺലോഡുകൾ തികയ്ക്കുന്ന ഓൺലൈൻ വ്യപാര സൈറ്റായി മാറിയിരിക്കുകയാണ് മീഷോ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം ലോകത്തിലെ വേഗമേറിയ ഷോപ്പിംഗ് ആപ്പ് എന്ന പദവിയാണ് കരസ്ഥമാക്കിയിരിക്കുന്നത്. മൊബൈൽ വിവര ദാതാക്കളായ ഡാറ്റ എ ഐ ആണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. ഗൂഗിൾ പ്ലേ, ഐഒഎസ് ആപ്പ് സ്റ്റോറുകളിൽ നിന്നുമാണ് ലക്ഷക്കണക്കിനാളുകൾ ഓൺലൈൻ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത്.
ഇന്ത്യയിൽ പ്ലേ സ്റ്റോറിൽ ലഭ്യമായ ഏറ്റവും സൈസ് കുറഞ്ഞ വ്യാപാര ആപ്പാണിത്. 13.6 എം.ബി ആണ് മീഷോയുടെ സൈസ്. 2022 ലാണ് ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ നടന്നിട്ടുള്ളത്. ഓൺലൈൻ രംഗത്തെ പ്രമുഖ സ്ഥാപങ്ങളായ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയുമായി മത്സരിച്ച് 6 വർഷം കൊണ്ടാണ് മീഷോ ഈ നേട്ടം കൈവരിച്ചത്.
ഇന്റർനെറ്റ് ലഭ്യത കുറഞ്ഞയിടങ്ങളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനാലാണ് ഇത്രയധികം ഉപയോക്താക്കൾ എന്നാണ് റിപോർട്ടുകൾ. 750 -800 മില്യൺ സ്മാർട്ട് ഫോൺ ഉപയോക്താക്കളുള്ള ഇന്ത്യയിൽ ഇന്റെനെറ് വ്യാപാര ആപ്പുകൾക്ക് വലിയ അവസരങ്ങളാണുള്ളത്. മീഷോ ഉപയോക്താക്കളുടെ വർധന ഈ- വ്യാപാര രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.