കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ധരിച്ച സാരികളുടെ ഷേഡുകളില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും കഥയുണ്ട്. ഓരോ സാരിയും ഇന്ത്യയുടെ പല കോണുകളില്‍ നിന്നുള്ള വ്യത്യസ്തമായ സാംസ്‌കാരിക കഥകളെയാണ് പ്രതിനിധീകരിക്കുന്നത്. ഒപ്പം അവതരിപ്പിക്കപ്പെടാന്‍ പോകുന്ന പദ്ധതികളുടെ ചെറു സൂചനകളും ഇവയില്‍ നിന്ന് ലഭിക്കുന്നുണ്ട്.
2024-25 വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനായി ഇന്നലെ നിര്‍മല സീതാരാമന്‍ എത്തിയത് ആന്ധ്രാ പ്രദേശിന്റെ പൈതൃക പാരമ്പര്യം വിളിച്ചോതുന്ന വെള്ള നിറത്തില്‍ മജന്ത ബോര്‍ഡറുള്ള മംഗളഗിരി സാരി ധരിച്ചാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ ആന്ധ്രാ പ്രദേശിന് പ്രത്യേക പരിഗണനകള്‍ ലഭിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പൊള്ളാവരം ജലസേചന പദ്ധതിക്ക് ധനസഹായം നല്‍കാനും പദ്ധതി പൂര്‍ത്തിയാക്കാനുമുള്ള കേന്ദ്രത്തിന്റെ സന്നദ്ധതയാണ് ബജറ്റില്‍ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശിന്റെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഈ പദ്ധതി.
2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പശ്ചിമ ബംഗാളില്‍ നിന്നുമുള്ള കാന്താ തുന്നല്‍പ്പനികളോട് കൂടിയ സാരിയാണ് ധനമന്ത്രി ധരിച്ചരുന്നത്. ബംഗാളിലെ ഏറ്റവും പഴക്കമുള്ളതും പേര് കേട്ടതുമായ ചിത്രത്തയ്യലുകളാണ് സാരിയില്‍ ഉണ്ടായിരുന്നത്. നീല നിറത്തോടു കൂടിയ ഈ സാരി ആ ബജറ്റില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിനും നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികളെ സൂചിപ്പിച്ചതായാണ് പലരും കണക്കാക്കുന്നത്.
2023ലെ ബജറ്റ് അവതരണത്തില്‍ ധരിക്കാന്‍ കര്‍ണാടകയിലെ ധര്‍വാട് പ്രദേശത്തു നിന്നുമുള്ള ചുവന്ന നിറത്തിലുള്ള ഇല്‍കാല്‍ കസൂട്ടി സാരിയാണ് നിര്‍മല തിരഞ്ഞെടുത്തത്. കര്‍ണാടകയില്‍ നിന്നുമുള്ള നിര്‍മല സീതാരാമന്റെ രാജ്യസഭാംഗത്വത്തെയാണ് ഈ നെയ്ത്ത് സാരി സൂചിപ്പിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.
2022ല്‍ ഒഡിഷയുടെ ഗഞ്ചം ജില്ലയില്‍ നിന്നുമുള്ള തവിട്ട് നിറത്തിലുള്ള ബോമ്മകായ് സാരിയാണ് നിര്‍മല ധരിച്ചിരുന്നത്. ഇത് ഒഡിഷയുടെ തനതായ കൈത്തറി വ്യവസായത്തോടുള്ള ആദരവ് സൂചിപ്പിക്കാനാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തനതായ കൈത്തറി സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 2021ല്‍ ഹൈദരാബാദിലെ പോച്ചംപള്ളി ഗ്രാമത്തില്‍ നിന്ന് നെയ്തെടുക്കുന്ന വെള്ള നിറത്തിലുള്ള പോച്ചംപള്ളി സാരിയാണ് നിര്‍മല ധരിച്ചിരുന്നത്.
2020ല്‍ തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ചുവന്ന നിറത്തിലുള്ള ബാഹി ഖാത്ത ഫയലിനുള്ളിലാണ് നിര്‍മല സീതാരാമന്‍ ബജറ്റിന്റെ രേഖകള്‍ കൊണ്ടുവന്നത്. പിന്നീടുള്ള ബജറ്റ് അവതരണങ്ങളിലെല്ലാം ഇതേ രീതി തന്നെയാണ് ധനമന്ത്രി പിന്തുന്‍തുടര്‍ന്ന് പോയത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബജറ്റ് പേപ്പറില്‍ നിന്ന് ടാബ്ലെറ്റിലേക്ക് മാറിയപ്പോഴും തുണിയില്‍ നിര്‍മിച്ച ഇതേ ഫയലില്‍ തന്നെയാണ് നിര്‍മല സീതാരാമന്‍ ബജറ്റ് രേഖകള്‍ സൂക്ഷിച്ചത്.
2024ല്‍ തന്റെ തുടര്‍ച്ചയായ ഏഴാം ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിര്‍മല സീതാരാമന്‍, ആന്ധ്രാപ്രദേശിന് അതിന്റെ തലസ്ഥാന വികസനത്തിനായി 15,000 കോടി രൂപ പിന്തുണ നല്‍കുമെന്ന് പ്രസ്താവിച്ചു. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയുടെ നിര്‍മാണത്തിനും വികസനത്തിനുമായി 15,000 കോടി രൂപയുടെ ധനസഹായം ബജറ്റിന് മുമ്പുള്ള യോഗത്തില്‍ അഭ്യര്‍ഥിച്ച സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാനമായ ആവശ്യത്തെയാണ് ഈ പ്രഖ്യാപനം അഭിസംബോധന ചെയ്യുന്നത്. തലസ്ഥാനത്തിനായുള്ള ആന്ധ്രാപ്രദേശിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുന്നുവെന്നും ബഹുമുഖ വികസന ഏജന്‍സികള്‍ വഴി പിന്തുണ നല്‍കുമെന്നും ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സീതാരാമന്‍ പരാമര്‍ശിച്ചു. ഏഴു ബജറ്റുകളിലായി നിര്‍മല ധരിച്ച ഏഴു സാരികള്‍ ഇന്ത്യയുടെ വൈവിധ്യത്തെയും പാരമ്പര്യത്തെയും ഉയര്‍ത്തിക്കാട്ടിയതിനൊപ്പം അവതരിപ്പിക്കപ്പെട്ട പദ്ധതികളുടെ ചെറു സൂചനകള്‍ കൂടി നല്‍കിയിരുന്നതായി കാണാം.