TRENDS

മുഖത്തെ കുഴികളും കുരുക്കളും എളുപ്പത്തില്‍ മാറ്റാം

വെബ് ഡെസ്ക്

ചര്‍മസുഷിരങ്ങള്‍ക്ക് ശരീരഘടനയില്‍ വലിയ പ്രാധാന്യമുണ്ട്. ശരീര താപനില നിയന്ത്രിക്കുന്നതിനായി വിയര്‍പ്പ് പുറംതള്ളുന്നതിലും ശരീരത്തെ തണുപ്പിക്കുന്നതിലുമെല്ലാം ഇവയ്ക്ക് വലിയ പങ്കുണ്ട്. കൂടാതെ, ചര്‍മത്തിലെ എണ്ണമയം നിലനിര്‍ത്തി മനോഹരമായും ആരോഗ്യകരമായും സൂക്ഷിക്കുന്നതും ചർമസുഷിരങ്ങളാണ്.

സുഷിരങ്ങള്‍ പ്രധാനപ്പെട്ടതാണെങ്കിലും മുഖത്തെ കുഴികളും പാടുകളും പലപ്പോഴും നമ്മെ വിഷമത്തിലാക്കിയെന്ന് വരാം. മുഖക്കുരു വന്നു പോകുന്നതിനോടൊപ്പം മുഖത്തെ സുഷിരങ്ങള്‍ വലുതായി കാണപ്പെടാറുണ്ട്. ഇതിനായി ബ്യൂട്ടി പാര്‍ലറുകളില്‍ പല ഫേഷ്യല്‍ ട്രീറ്റ്മെന്‍റുകളും ലഭ്യമാണ്. എന്നാല്‍ ഇതൊരിക്കലും പൂര്‍ണമായി മാറ്റുവാന്‍ സാധിക്കുന്ന ഒന്നല്ല. എങ്കിലും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളിലൂടെ ഈ സുഷിരങ്ങളെ ചെറുതാക്കാന്‍ കഴിയും.

മുഖത്തെ കുഴികള്‍ മറയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നിരവധി മാര്‍ഗങ്ങളുണ്ട്.

1. ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകുക.

എണ്ണമയമുള്ള ചര്‍മക്കാരില്‍ ചര്‍മ സുഷിരങ്ങളില്‍ അണുക്കള്‍ അടിഞ്ഞു കൂടുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത് മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നു. നിത്യവും ക്ലെന്‍സര്‍ ഉപയോഗിച്ച് രണ്ട് നേരം മുഖം കഴുകുന്നത് മുഖക്കുരു വരാതിരിക്കാനും സുഷിരങ്ങള്‍ വൃത്തിയാക്കി വയ്ക്കുന്നതിനും സഹായിക്കുന്നു.

ക്ലെന്‍സര്‍ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാ വിധ ചര്‍മങ്ങള്‍ക്കും അനുയോജ്യമായത് എന്നതില്‍ കൊടുത്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. ദിവസത്തില്‍ രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ക്ലെന്‍സര്‍ ഉപയോഗിക്കുന്നത് ഒരുപക്ഷേ ചര്‍മത്തില്‍ അസ്വസ്ഥതയുണ്ടാക്കിയെന്ന് വരാം.

2. വെള്ളത്തിന്‍റെയോ ജെല്ലിന്‍റെയോ രൂപത്തിലുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കുക.

മേക്കപ്പിന് ഉള്‍പ്പെടെ ദ്രാവക രൂപത്തിലുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ക്ലെന്‍സറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ജെല്‍ രൂപത്തില്‍ ഉള്ളവ തിരഞ്ഞെടുക്കുക. ഗ്ലൈക്കോസിലിക് ആസിഡ് അടങ്ങിയിട്ടുള്ള ഇത്തരം ഉത്പന്നങ്ങള്‍ ചര്‍മത്തിന് വളരെ നല്ലതാണ്. ഇത് സുഷിരങ്ങളെ വൃത്തിയാക്കി വെക്കുന്നതിനോടൊപ്പം മുഖത്തെ കുഴികള്‍ മറയ്ക്കാനും സഹായിക്കും.

3. എണ്ണയും ആല്‍ക്കഹോളും അടങ്ങിയ ഉത്പന്നങ്ങള്‍ ഒഴിവാക്കുക

എണ്ണയും ആല്‍ക്കഹോളും അടങ്ങിയിട്ടുള്ള ക്ലെന്‍സറുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ചര്‍മത്തിന് നല്ലത്. എണ്ണ നല്ലൊരു മോയിസ്ച്ചറൈസര്‍ ആണെങ്കില്‍ പോലും മുഖത്ത് പുരട്ടുന്നത് പലപ്പോഴും ചൊറിച്ചിലിനും മുഖക്കുരുവിനും കാരണമാകും. ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ഉത്പന്നങ്ങള്‍ ചര്‍മം ചുവന്ന് തടിക്കുന്നതിനും വരണ്ട് പോകുന്നതിനും കാരണമായേക്കാം.

4. മോയിസ്ചറൈസറുകള്‍ ഉപയോഗിക്കുക

ചര്‍മം വരണ്ടു പോകാതെ സംരക്ഷിക്കുന്നതിന് വേണ്ടി ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥി എണ്ണയുടെ രൂപത്തിലുള്ള സെബം നിര്‍മിക്കുന്നു. ഇത് ചര്‍മത്തെ മൃദുലവും മിനുസവും ആക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ അമിതമായ സെബം ഉത്പാദനം മുഖക്കുരുവിനും ചര്‍മ സുഷിരങ്ങളില്‍ അണുക്കള്‍ കയറുന്നതിനും കാരണമാകുന്നു.

എന്നാല്‍ നിങ്ങള്‍ ചര്‍മത്തില്‍ മോയിസ്ചറൈസര്‍ പുരട്ടുമ്പോള്‍ അത് ചര്‍മത്തിലെ സെബം നിര്‍മാണം കുറയ്ക്കുന്നു. കൂടാതെ ചര്‍മത്തിലെ ഈര്‍പ്പം സംരക്ഷിക്കുകയും അണുക്കള്‍ മൂലമോ വരള്‍ച്ച മൂലമോ മുഖക്കുരു വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

മോയിസ്ചറൈസര്‍ തിരഞ്ഞെടുക്കുമ്പോള്‍ എണ്ണമയം ഇല്ലാത്തതാണെന്ന് (ഓയില്‍ ഫ്രീ) ഉറപ്പ് വരുത്തണം. മുഖം നന്നായി കഴുകി തുടച്ച് വൃത്തിയാക്കിതിന് ശേഷം മാത്രം മോയിസ്ചറൈസര്‍ പുരട്ടുക.

5. ടോപ്പിക്കല്‍ റെറ്റിനോയിഡ്സ് ഉപയോഗിക്കാം

ടോപ്പിക്കല്‍ റെറ്റിനോയിഡ്സുകള്‍ മുഖക്കുരുവിനുള്ള ചികിത്സയാണ്. ഇത് ഡോക്ടറിന്‍റെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കാവുന്ന ഒന്നാണ്. റെറ്റിനോയിഡ് സംയുക്തങ്ങള്‍ ഉപയോഗിക്കുന്നത് മുഖത്തെ കുഴികള്‍ കുറയ്ക്കുന്നതിന് സഹായിക്കുമെങ്കിലും ചര്‍മം വരണ്ടതാകുന്നതിന് ഇത് കാരണമാകുന്നു. നല്ലൊരു മോയിസ്ചറൈസറിനോടൊപ്പം ഇത് ഉപയോഗിക്കുന്നതാണ് നല്ലത്. എപ്പോഴും ഡോക്ടറിന്‍റെ വിദഗ്ദ്ധാഭിപ്രായം നേടിയതിന് ശേഷം മാത്രം ഇത് ഉപയോഗിക്കുക.

6. കെമിക്കല്‍ പീല്‍ ഉപയോഗിക്കുന്നത് നല്ലതാണ്

ചര്‍മം അമിതമായി സെബം നിര്‍മിക്കുന്നത് സുഷിരങ്ങള്‍ വലുതാകുന്നതിന് കാരണമാകുന്നു. കെമിക്കല്‍ പീല്‍ ഉപയോഗിക്കുന്നത് ഇത് കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൈഡ്രോ ലൂറോണിക് ആസിഡ് അടങ്ങിയ പീലുകള്‍ സെബം ഉത്പാദിക്കുന്നത് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അത് പോലെ, സാലിസൈക്ലിക്ക് ആസിഡ് അടങ്ങിയിട്ടുള്ള പീല്‍സ് പഴയ കേടായ കോശങ്ങളെ മാറ്റി പുതിയ ചര്‍മ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ പീല്‍സുകള്‍ മിതമായി മാത്രം ചര്‍മത്തില്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

ബംഗാൾ വെള്ളപ്പൊക്കം: ജാർഖണ്ഡ് സർക്കാരിനെ കുറ്റപ്പെടുത്തി മമത ബാനർജി, ഗൂഢാലോചന നടന്നതായി ആരോപണം

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു; വിലയും ബാങ്ക് ഓഫറുകളും അറിയാം

ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഒരു 'കുഞ്ഞൻ ചന്ദ്ര'നെത്തും; രണ്ടുമാസം വലയം വയ്ക്കുമെന്നും ശാസ്ത്രലോകം