ബാലേട്ടൻ നീട്ടിയങ്ങ് വിളിച്ചാൽ മതി, ചിലർ ഓടിയെത്തും. ഭക്ഷണമെത്തിയിരിക്കുന്നു, വേഗം പോരേ എന്നാണ് സിഗ്നൽ. വിളികേട്ട് എത്തുന്നതോ, കുരങ്ങനും ആനയും കാട്ടുപന്നിയുമുൾപ്പെടെ വന്യമൃഗങ്ങൾ. അയ്യർമലയിൽ തുടങ്ങി മുണ്ടൂർവരെയുള്ള 17 കി മീ ദൂരത്തിലാണ് ഈ വന്യജീവിയൂട്ട്. ഒരു ദിവസം പോലും കല്ലൂർ ബാലൻ അത് മുടക്കാറില്ല.
മാർക്കറ്റിൽ നിന്ന് ഉപേക്ഷിക്കുന്ന, എന്നാൽ കേടാവാത്ത പഴങ്ങൾ ബാലൻ ശേഖരിക്കും. ചിലപ്പോൾ ധോണിയിലും വാളയാറിലും ആനകളെ ഊട്ടാനും പോകും. ഗ്രീൻമാൻ എന്ന് അറിയപ്പെടുന്ന കല്ലൂർ ബാലൻ പാലക്കാടും പരിസര ജില്ലകളിലുമായി ഒന്നരലക്ഷത്തിലധികം മരങ്ങളും പനകളുമാണ് വച്ചുപിടിപ്പിച്ചത്. കള്ള് കച്ചവടത്തിൽ നിന്ന് വഴിമാറി നടന്ന ബാലൻ, പിന്നീട് നടന്ന വഴികൾ ചെറുതല്ല.