തീരദേശ ജനത തെരുവിലേക്കിറങ്ങുമ്പോള്‍ അവരുടെ ദുരിത ജീവീതം കൂടി നാം കാണേണ്ടതുണ്ട്. കലി തുള്ളിയ കടല്‍ കര കയറിയപ്പോള്‍ സര്‍വതും നഷ്ടപ്പെട്ട് ക്യാമ്പില്‍ എത്തിയവരാണ് ഇവര്‍. ഏഴുവര്‍ഷത്തിലേറെയായി പല കുടുംബങ്ങളും വലിയതുറയിലെ ക്യാമ്പിലെത്തിയിട്ട്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലുമുളള സൗകര്യമില്ലാതെ ക്യാമ്പില്‍ നരകിക്കുമ്പോഴും സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും.
വാടകയ്ക്ക് ഒരു വീടെടുത്ത് മാറാനുള്ള സാധ്യത പോലുമില്ലാത്ത അത്രയും സാമ്പത്തിക ബാധ്യത ഒരു വശത്ത് . കുട്ടികള്‍ക്കോ വയസായവര്‍ക്കോ വൃത്തിയുള്ള ഭക്ഷണം പോലും കൊടുക്കാനാകാത്ത ദൈന്യത മറുവശത്ത്. വാഗ്ദാനങ്ങള്‍ക്ക് അപ്പുറത്ത് തിരിഞ്ഞു നോക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ . മനുഷ്യരെന്ന പരിഗണന, കയറി കിടക്കാന്‍ ഒരു വീട് , ഇതിന് അപ്പുറം മറ്റൊന്നും അവര്‍ ആവശ്യപ്പെടുന്നില്ല. ഇനിയെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണുതുറന്ന് നോക്കണം, ദുരിതങ്ങള്‍ക്ക് അവസാനമില്ലാത്ത ഈ ക്യാമ്പുകളിലേക്ക്