കേരളത്തില്‍ സ്ഥിരീകരിച്ച കോവിഡിന്‌റെ പുതിയ വകഭേദം ജെഎന്‍.1 മഹാരാഷ്ടയിലും ഗോവയിലും കണ്ടെത്തി. ഗോവയില്‍ 18 പേര്‍ക്കും മഹാരാഷ്ട്രയില്‍ ഒരാള്‍ക്കുമാണ് ജെഎന്‍.1 വകഭേദം സ്ഥിരീകരിച്ചത്.
ഒൻപത് ദിവസത്തിനിടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇരട്ടി വർധനവാണുള്ളത്. ഡിസംബർ 11-ന് 938 ആയിരുന്നത് ഡിസംബർ 19 ആയപ്പോഴേക്കും രണ്ടായിരത്തിനടുത്തെത്തി. കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു.
കേരളത്തില്‍ ഇന്നലെ 292 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി സ്ഥിരീകരിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 2041 ആയി.
പുതുതായി കണ്ടെത്തിയ ജെഎന്‍.1 വകഭേദമാണ് യുഎസ് ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ വർധനവിന് കാരണമായെതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കോവിഡിന്‌റെ പിറോള വൈറസിന്‌റെ പിന്‍ഗാമിയാണ് ജെഎന്‍.1. ഈ വകഭേദം ആദ്യം കണ്ടെത്തിയത് ലക്‌സംബര്‍ഗിലായിരുന്നു. ബിഎ 2.86 വകഭേദത്തില്‍നിന്നുണ്ടായ പുതിയ രൂപമാണ് ജെഎന്‍.1. ഇന്നലെ പുതുക്കിയ ഇൻസാകോഗ് ഡാഷ്‌ബോർഡ് ഡേറ്റ പ്രകാരം 20 ജെഎൻ 1 കേസുകളിൽ 18 എണ്ണം ഗോവയിലും കേരളം, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിൽനിന്ന് ഒരു കേസ് വീതവുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഏപ്രിലിൽ 'ഇന്സാകോഗ് ഇന്ത്യ' റിപ്പോർട്ട് ചെയ്ത എക്സ്ബിബി വകവകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിൽ സ്ഥിരീകരിച്ചിട്ടുള്ള ജെഎൻ.1 പുതിയൊരു വേരിയന്റ് പ്രൊഫൈലാണ് വെളിപ്പെടുത്തുന്നത്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നത്.