ആരോഗ്യസംരക്ഷണത്തിന് വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മടി കാരണമോ സമയക്കുറവ് കൊണ്ടോ കൃത്യമായി വ്യായാമം ചെയ്യാത്തവര്‍ നിരവധിയാണ്. ജീവിതശൈലീ രോഗങ്ങളുള്ളവരെല്ലാം വ്യായാമം ചെയ്യണമെന്ന് ഡോക്ടര്‍മാരും നിര്‍ദേശിക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ആഗോള ജനസംഖ്യയുടെ 85 ശതമാനം വരെ ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ വ്യായാമത്തിന്‌റെ ഫലങ്ങൾ നൽകുന്ന ഗുളിക കണ്ടെത്താനുള്ള ശ്രമത്തിലാണ് ജപ്പാനിലെ ടോക്കിയോ മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍.
വ്യായാമത്തിനു സമാനമായി എല്ലുകളിലും പേശികളിലുമുള്ള മാറ്റങ്ങള്‍ തിരിച്ചറിയുന്ന ലോക്കാമിഡാസോള്‍ എന്ന ഗുളിക (L-AMZ) ഗവേഷകര്‍ കണ്ടെത്തി. L-AMZ എന്ന സംയുക്തത്തിന് വ്യായാമത്തിന് സമാനമായ ഫലങ്ങളുണ്ടാക്കാന്‍ കഴിവുള്ളതായി ഗവേഷകര്‍ തിരിച്ചറിഞ്ഞു.
അസ്ഥികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന കോശങ്ങളെ ഉത്തേജിപ്പിക്കാനും പുനരുജ്ജീവിപ്പിക്കുന്ന കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കാനും LAMZന് കഴിവുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
എലികളിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. ഇതിനായി മൂന്ന് ഗ്രൂപ്പുകളായി എലികളെ തിരിച്ച് 6 mg/kg LAMZ ദിവസേന രണ്ടുതവണ കുത്തിവയ്പ്പിലൂടെയും 10 mg/kg ദിവസേന ഒരിക്കല്‍ ഗുളികരൂപത്തിലും ഒരു ഗ്രൂപ്പില്‍ ഒന്നും നല്‍കാതെയും രണ്ടാഴ്ചക്കാലം നിരീക്ഷിച്ചു.
മടിയന്‍മാരായ എലികള്‍ക്ക് വ്യായാമം വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ നല്‍കുമ്പോള്‍ അവ കൂടുതല്‍ കലോറി കത്തിക്കുകയും ഭാരം കുറയുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. LAMZ ഉപയോഗിക്കാതിരുന്നവയെ അപേക്ഷിച്ച് പേശികളുടെ ശക്തിയും ഊര്‍ജസ്വലതയും കൂടുകയും ചെയ്തു. ട്രെഡ്മില്ലില്‍ കൂടുതല്‍ നേരം ഓടാനും ഇവയ്ക്ക് സാധിച്ചു.
അസ്ഥികളിലെയും പേശികളിലെയും കോശങ്ങളുടെ ഊര്‍ജ കേന്ദ്രമായ മൈറ്റോകോണ്‍ഡ്രിയയുടെ എണ്ണം LAMZ വര്‍ധിപ്പിച്ചതായി ജീന്‍ വിശകലനത്തിലൂടെ കണ്ടെത്തി. മൈറ്റോകോണ്‍ഡ്രിയയുടെ ഉത്പാദനം കൂട്ടുന്നതിനും എല്ലുകളുടെയും പേശികളുടെയും കോശങ്ങളെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന പ്രോട്ടീനായ പിജിസി-1 ആല്‍ഫയിലും വര്‍ധനവുണ്ടായി. കൂടാതെ, അസ്ഥി സാമ്പിളുകളുടെ 3ഡി ചിത്രങ്ങളിലും സാന്ദ്രതയിലും കനത്തിലുമെല്ലാം വ്യത്യാസം പ്രകടമായിരുന്നു.
ചുറ്റുമുള്ള കോശങ്ങളെ പ്രതികൂലമായി ബാധിക്കാതെ പേശികളുടെയും അസ്ഥികളുടെയും ശക്തിയില്‍ LAMZ ഗുണകരമായ ഫലം കാണിക്കുന്നുണ്ടെങ്കിലും വ്യായാമം മാറ്റി ഈ ഗുളിക മാത്രം ഉപയോഗിക്കല്‍ പര്യാപ്തമല്ലെന്നും ഗവേഷകര്‍ പറയുന്നു. ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വ്യായാമം ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വ്യായാമത്തിന്റെ ഫലത്തെ അനുകരിക്കുന്ന ഒരു മരുന്ന് എന്ന ആശയം മാത്രമാണിത്. മാത്രമല്ല, ഭാവിയില്‍ ഈ മരുന്ന് പൊതു ഉപയോഗത്തിന് ലഭ്യമായാലും, ഗുളികകള്‍ കഴിക്കുന്നതിനുപകരം ചില വ്യായാമ മുറകള്‍ പിന്തുടരുന്നതുതന്നെയാണ് നല്ലതെന്നും ഗവേഷകര്‍ പറയുന്നു.