HEALTH

വേണ്ടത് താക്കോലല്ല; കൃത്യമായ ചികിത്സ

ഡോ. സുനീഷ് ഇ ആർ

അലസമായ ചിന്തകളുമായി സ്വാമിനാഥൻ തന്റെ വീട്ടിലേക്ക് നടക്കുകയായിരുന്നു. പെട്ടെന്നാണ് ഗൃഹാതുരത്വം നിറഞ്ഞ ഏതോ ഒരു ഗന്ധം അയാളെ അങ്ങോട്ട് ആകർഷിച്ചത്. അതേ ഓട് മേഞ്ഞ മേൽക്കൂരയ്ക്ക് താഴെ പടർന്നു കിടക്കുന്ന പഴയ ഇൻ കാൻഡസന്റ് ബൾബിന്റെ മഞ്ഞ വെളിച്ചം. നാമജപങ്ങളുടെയും, മണിയടിയുടെയും ശബ്ദം കുറേശെ കാതുകളിൽ അലയടിക്കുന്നു.

ഇനി സ്വാമിനാഥനിലേക്ക് കടക്കാം...പ്രശസ്ത സ്ഥാപനത്തിൽ നിന്നും വൈദ്യശാസ്ത്ര ബിരുദം സമ്പാദിച്ച് തന്റെ നാട്ടിൽ നിന്നും ദൂരെയുള്ള ഒരു സ്ഥാപനത്തിൽ ജോലിക്ക് പ്രവേശിച്ചയാൾ. തന്റെ യൗവനത്തിൻ്റെ വിലപ്പെട്ട നാഴികകൾ ആശുപത്രി വാർഡുകളിൽ ചിലവഴിച്ച്, തനിക്ക് ചുറ്റുമുള്ള ലോകത്തിന്റെ മനോഹാരിത അറിയാൻ മറന്നുപോയതിന്റെ കുറ്റബോധം അയാളിൽ നീറുന്നുണ്ടായിരുന്നു. അതിനാലാണ് നഗരത്തിന്റെ തിരക്കിൽ നിന്നും അകലെയായി ഒരു ഗ്രാമ വീഥിയിൽ അദ്ദേഹം താമസിക്കാൻ ഒരിടം കണ്ടെത്തിയത്.

കിടപ്പുമുറിയുടെ വടക്കുഭാഗത്ത് നിന്നും നോക്കെത്താ ദൂരത്തായിരുന്നു, എന്തോ ദുരൂഹത നിറഞ്ഞ ആ വീടും പരിസരവും. സ്വാമിനാഥൻ തന്റെ പ്രിയപ്പെട്ട ചാരുകസേരയിൽ തൻ്റെ പ്രിയപ്പെട്ട ഗാനങ്ങളുമായി ഇഴകിച്ചേർന്നിരുന്നു. ഒരു നനുത്ത കാറ്റിന്റെ സ്പർശനവും, ചാറ്റൽ മഴയുടെ ശബ്ദവും, പുതുമണ്ണിൻ്റെ സുഗന്ധവും അയാളെ ചെറുമയക്കത്തിലേക്ക് നയിച്ചു. പെട്ടെന്നൊരു നിലവിളി ശബ്ദം കേട്ടാണ് അയാൾ എണീറ്റത്. അതേ!! അത് അവിടുന്ന് തന്നെ. പൊടുന്നനെ മണിയടി നാദവും മന്ത്രജപങ്ങളും അയാളുടെ കാതുകളിൽ ഇരച്ചെത്തി. ആ മേൽക്കൂരയ്ക്ക് കീഴിലെ അരണ്ട മഞ്ഞ വെളിച്ചത്തിൽ ഇപ്പോൾ ഒരു കൂട്ടം ആളുകൾ കൂപ്പുകൈയ്യുമായി നിൽക്കുന്നു. അതൊരു പതിവ് കാഴ്ചയായി, പല രാത്രികൾ അങ്ങനെ കടന്ന് പോയി.

ജനൽ കാഴ്ചകൾക്ക് പുറകെ പോയി മറ്റുള്ളവരുടെ ലോകത്തോട്ട് ചികയേണ്ടെന്ന് സ്വാമിനാഥനും കരുതി. പക്ഷെ നാട്ടിൻപുറമായതിനാൽ രഹസ്യം പതിയെ അയാളെ തേടിയെത്തി കാര്യസ്ഥൻ ശങ്കരനിലൂടെ. കഥാ നായിക 23 വയസ്സുള്ള ഒരു മിടുക്കി ആയ പെൺകുട്ടിയും. സമർത്ഥയായതിനാൽ പ്രശസ്തമായ കോളേജിൽ എഞ്ചിനീയറിങ്ങിന് അഡ്മിഷൻ കിട്ടി. ദൂരെ ആയതിനാൽ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ആറുമാസക്കാലം പ്രശ്നമില്ലാതെ കടന്നുപോയി. പിന്നീടുള്ള രാത്രികളിൽ അവൾ ഒച്ചവെച്ച് ചാടി എഴുന്നേൽക്കുമായിരുന്നത്രേ. ആദ്യമാദ്യം പേടിസ്വപ്നമാണെന്ന് വെച്ചു. പിന്നീട് ഇതൊരു സ്ഥിരം പല്ലവിയായപ്പോൾ ആരോ ഒരു സൈക്കോളജിസ്റ്റിനെ കാണിച്ചു. മിടുക്കി ആയ അവളിൽ പ്രത്യേകിച്ച് ഒരു മാനസിക വൈകല്യങ്ങളും അവർക്കും തോന്നിയില്ല.

യാഥാസ്ഥിതികരായ വീട്ടുകാർ പ്രാർത്ഥനകൾ നടത്തി നോക്കി. അവസാനം അവരെത്തിയത് ഒരു സിദ്ധനിൽ. സിദ്ധപൂജയാണ് താൻ അവിടെ കണ്ടതെന്ന് അനുമാനിക്കാൻ സ്വാമിനാഥന് പിന്നീട് സമയം ഒന്നും വേണ്ടിവന്നില്ല. തന്റെ ഐഡി വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്വാമിനാഥൻ, ശങ്കരേട്ടനോട് തനിക്ക് അവരെ സഹായിക്കാൻ പറ്റുമെന്നും, എങ്ങനെയെന്നും വിശദീകരിച്ചു. വാക്ചാതൂര്യം ഉണ്ടായിട്ടും, ശങ്കരേട്ടൻ നന്നേ വെള്ളം കുടിച്ചാണ് ആ കുടുംബത്തെ പട്ടണത്തിൽ എത്തിച്ചത്.

ഇനി കാര്യത്തിലേക്ക് കടക്കാം. സ്വാമിനാഥൻ ആ പട്ടണത്തിലെ പ്രശസ്തമായ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ആയിരുന്നു. സ്വാമിനാഥന് അസുഖത്തെപ്പറ്റി നല്ല ഗ്രാഹ്യമുള്ളതിനാൽ കുട്ടിയെ വീഡിയോ EEG എന്ന ടെസ്റ്റിന് വിധേയയാക്കി. വീഡിയോ EEG എന്നാൽ തലച്ചോറിലെ വൈദ്യുത തരംഗങ്ങളെ തുടർച്ചയായി റെക്കോർഡ് ചെയ്യുന്നതോടൊപ്പം രോഗിയുടെ ചലനങ്ങളും ഭാവ വ്യത്യാസങ്ങളും വീഡിയോ വഴി റെക്കോർഡ് ചെയ്യുക എന്നതാണ്. ഡോ.സ്വാമിനാഥൻ്റെ ലക്ഷ്യവും അതായിരുന്നു.

എല്ലാം കൃത്യമായി നടന്നു. അവൾ മയക്കത്തിലേക്ക് പ്രവേശിച്ചു. പെട്ടെന്ന് ആ നിലവിളിയും, അവളുടെ മുഖഭാവങ്ങളും EEG വ്യതിയാനങ്ങളും കൃത്യമായി പകർത്തി. രാവിലെ ഡോക്ടർ അത് അപഗ്രഥിച്ചതിൽ നിന്നും അവളുടെ രോഗം ഫ്രോണ്ടൽ ലോബ് എപ്പിലെപ്സി (അപസ്മാരം ) ആണെന്ന് തിരിച്ചറിഞ്ഞു. അവളുടെ കുടുംബത്തെ ശാസ്ത്രീയ വസ്തുതകൾ സഹിതം മനസ്സിലാക്കി കൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വൈകാതെ തന്നെ കൃത്യമായി ചികിത്സ ആരംഭിക്കുക വഴി അവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇന്നവൾ പ്രശസ്തമായ ഒരു ഐടി കമ്പനിയുടെ സിഈഒ ആണ്.

അപസ്മാരം മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് ഉണ്ടാകുന്നു. മസ്തിഷ്കത്തിലെ ഏതു ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്നതനുസരിച്ച് ഓരോരുത്തരുടേയും ലക്ഷണങ്ങളും പലതാകാം

എപ്പിലെപ്സി അഥവാ അപസ്മാരം മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് ഉണ്ടാകുന്നു. മസ്തിഷ്കത്തിലെ ഏതു ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്നതനുസരിച്ച് ഓരോരുത്തരുടേയും ലക്ഷണങ്ങളും പലതാകാം.... കൈകാലുകൾ അടിച്ച്, നുരയും പതയും വരുന്ന നമ്മുടെ സങ്കല്പത്തിലെ രോഗം മാത്രമല്ല: അശ്രദ്ധയും ഓർമ്മക്കുറവും, മുഖഭാവങ്ങളിലെ വ്യത്യാസവും ലക്ഷണങ്ങളാകാം. വിദഗ്ധ പരിശോധനയിലൂടെയും വ്യക്തമായ രോഗ നിർണയത്തിലൂടെയും ഭൂരിഭാഗം രോഗികൾക്കും വിദഗ്ധ ചികിത്സയിലൂടെ സാധാരണ ജീവിതം നയിക്കാനാകും. വിഭൂതിയും മന്ത്രച്ചരടുകളും ഒന്നിനും ഒരു പരിഹാരമല്ല. അപസ്മാരത്തെ അറിയുക വിദഗ്ധ ചികിത്സ തേടുക എന്നതാണ് പ്രധാനം.

സ്വാമിനാഥൻ തൻ്റെ ചാരുകസേരയിൽ വീണ്ടും വിശ്രമിച്ചു. ആ അലയൊളികൾ ഇന്നില്ല, പകരം അവിടെ ഇപ്പോൾ സുന്ദരമായ ഒരു കുടുംബം വസിക്കുന്നു. പുതിയ കേസുകളുമായി ശങ്കരേട്ടൻ സ്വാമിനാഥനെ കാത്തുനിൽക്കുക പതിവ് കാഴ്ചയായി, പുതിയ വാസസ്ഥാനത്തിനുള്ള തിരച്ചിലുകൾ സ്വാമിനാഥനും ഊർജിതമാക്കി. വിഭൂതിയുടെ ഗന്ധം വിസ്മൃതിയിലുമായി.

അപസ്മാരം മിഥ്യാധാരണകൾ

താക്കോൽ/ലോഹ വസ്തുക്കൾ കൈയ്യിൽ തിരുകുന്നതുകൊണ്ട് ഗുണമുണ്ടോ?

തീർച്ചയായും അശാസ്ത്രീയമായ രീതിയാണിത്. അപസ്മാര ലക്ഷണങ്ങൾ ഒരു രോഗി പ്രകടിപ്പിക്കുമ്പോൾ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റുകയും ചെരിച്ചു കിടത്തുകയുമാണ് ആദ്യം വേണ്ടത്. രോഗിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകാത്ത വിധം വായിലെ സ്രവങ്ങൾ ഒഴുകി പോകാൻ വേണ്ടിയാണിത്. എത്രയും പെട്ടെന്ന് വിദഗ്ദ ചികിത്സ കിട്ടുന്ന അടുത്ത സ്ഥലത്തേക്ക് എത്തിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്

എല്ലാ ഫിറ്റ്സും അപസ്മാരമാണോ ?

മസ്തിഷ്കത്തിലെ പോഷകങ്ങൾ/ലവണങ്ങൾ എന്നിവയുടെ അളവിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, ഉദാഹരണമായി രക്തത്തിലെ പഞ്ചസാര കുറവ്, സോഡിയം കാൽസ്യം എന്നിവയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മൂലം ചുഴലി ഉണ്ടാകാം. എന്നാൽ ഇത്തരം ചുഴലിക്ക് ദീർഘകാലം മരുന്നുകൾ ആവശ്യമില്ല. രക്തത്തിലെ മൂലകങ്ങളുടെ അളവുകൾ ക്രമീകരിക്കുക വഴി ഇത്തരം ചുഴലികൾ നിയന്ത്രിക്കാവുന്നതാണ്. ജനിതകമായോ മസ്തിഷ്കത്തിന്റെ ഘടനയിൽ ഉണ്ടാകുന്ന (ചതവ്, സ്ട്രോക്ക്) മാറ്റങ്ങൾ മൂലം ചുഴലി വീണ്ടും ഉണ്ടാകാനുള്ള സാധ്യതകൾ കൂടുമ്പോഴാണ് അപസ്മാരം എന്ന് വിളിക്കുന്നത്. ഇത്തരം രോഗത്തിന് ദീർഘകാലം ചികിത്സ വേണ്ടി വരാം.

ചികിത്സിച്ചു മാറ്റാമോ അപസ്മാരം? രോഗികൾക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുമോ ?

ഏകദേശം 80 ശതമാനം രോഗികൾക്കും കൃത്യമായ രോഗ നിർണ്ണയത്തിലൂടെ ശരിയായ മരുന്നുകൾ നൽകി അപസ്മാരം നിയന്ത്രണവിധേയമാക്കാം. 20% ആളുകളിൽ മരുന്നുകൾ കൊണ്ട് രോഗം നിയന്ത്രണാധിതമാക്കുവാൻ പ്രയാസം നേരിടാറുണ്ട്. അത്തരം രോഗികളിൽ അപസ്മാരത്തിന്റെ ഉറവിടം VEEG/ എംആർഐ / PET സ്കാൻ വഴി കണ്ടെത്തി ശാസ്ത്രക്രിയ വഴി ഭേദമാക്കാൻ സാധിക്കും. തീർച്ചയായും അപസ്മാര രോഗികൾക്ക് സാധാരണ ജീവിതം നയിക്കാം. പാർശ്വഫലങ്ങൾ തീരെ കുറഞ്ഞ മരുന്നുകളും ചികിത്സാരീതികളും വഴി ഒരു സാധാരണ ജീവിതം രോഗിക്ക് സാധ്യമാണ്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്