വിലക്കയറ്റവും വിതരണ ശൃംഖലയിലെ തടസങ്ങളും നിരവധി അവശ്യമരുന്നുകളുടെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. അവശ്യമരുന്നുകളുടെ പുതുക്കിയ പട്ടികയുടെ പ്രകാശനവേളയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
" ഉയർന്ന വിലയും വിതരണ ശൃംഖലയിലെ തടസങ്ങളും മൂലം ഗുണനിലവാരമുള്ള നിരവധി ആവശ്യമരുന്നുകൾ സ്ഥിരമായും തുല്യമായും ലഭ്യമാക്കുന്നതിൽ എല്ലാ രാജ്യങ്ങളും ഇപ്പോൾ പ്രയാസങ്ങൾ നേരിടുന്നുണ്ട്." അദ്ദേഹം വ്യക്തമാക്കി. അവശ്യ മരുന്നുകളുടെ മാതൃകാ പട്ടികയുടെ (ഇഎംഎൽ) 23-ാം പതിപ്പും കുട്ടികൾക്കുള്ള അവശ്യ മരുന്നുകളുടെ (ഇഎംഎൽസി) 9-ാം പതിപ്പും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ ദിവസം പുറത്തിറക്കി.
നീതിയുക്തമായി ആവശ്യമരുന്നുകൾ എത്തിക്കുന്നതിനുള്ള തടസങ്ങൾ മറികടക്കാൻ എല്ലാ രാജ്യങ്ങളെയും പിന്തുണയ്ക്കാൻ ലോകാരോഗ്യ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ വ്യക്തമാക്കി. " 40 വർഷത്തിലേറെയായി ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഏറ്റവും പ്രധാനപ്പെട്ട മരുന്നുകളുടെ കൃത്യമായ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള മാർഗ്ഗനിർദ്ദേശമായി ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയെ ആശ്രയിക്കുന്നു." ഡോ ഗെബ്രിയേസസ് പറഞ്ഞു.
ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ ആരോഗ്യ ബജറ്റിനെ തടസ്സപ്പെടുത്താതെ പൊതുജനാരോഗ്യ സംവിധാനങ്ങളിൽ സ്വാധീനം ചെലുത്തുക എന്ന പരിഗണന കൂടി മുൻനിർത്തി കൃത്യമായ ക്ലിനിക്കൽ നേട്ടങ്ങൾ ഉള്ള മരുന്നുകളെയാണ് പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് ശരീരത്തിൽ വ്യാപിക്കുന്നതിന്റെ വേഗത കുറക്കാനുള്ള മൂന്ന് മരുന്നുകളും ഉൾപ്പെടുന്നു. ആഗോളതലത്തിൽ 2.8 ദശലക്ഷം ആളുകളെ ബാധിക്കുന്ന ഭേദമാക്കാൻ സാധിക്കാത്ത നാഡീവ്യവസ്ഥ രോഗമാണ് മൾട്ടിപ്പിൾ സ്ക്ലിറോസിസ്.
ഫലപ്രദവും എല്ലാ രാജ്യങ്ങൾക്കും താങ്ങാനാവുന്നതുമായ മരുന്നുകൾക്ക് മുൻഗണന നൽകി തയ്യാറാക്കിയ, ആരോഗ്യ സംവിധാനങ്ങളെ സഹായിക്കുന്ന അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഗൈഡുകളാണ് അവശ്യ മരുന്നുകളുടെ മാതൃകാ പട്ടികയും (ഇഎംഎൽ) കുട്ടികൾക്കുള്ള അവശ്യ മരുന്നുകളുടെ പട്ടികയും (ഇഎംഎൽസി) .
കൂടാതെ കാൻസർ, വിവിധ പകർച്ചവ്യാധികൾ, ഹൃദ്രോഗം, മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവക്കുള്ള മരുന്നും പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് പോളിപില്ലുകളാണ് പട്ടികയിൽ ചേർത്തിട്ടുള്ളത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 40 ശതമാനത്തോളം കുറയ്ക്കാൻ ഇവയ്ക്ക് കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഗവേഷകർ അഭ്യർത്ഥിച്ചിട്ടും അമിതവണ്ണത്തിനുള്ള മരുന്നുകൾ പട്ടികയിൽ ചേർത്തിട്ടില്ല.
ഫലപ്രദവും എല്ലാ രാജ്യങ്ങൾക്കും താങ്ങാനാവുന്നതുമായ മരുന്നുകൾക്ക് മുൻഗണന നൽകി തയ്യാറാക്കിയ, ആരോഗ്യ സംവിധാനങ്ങളെ സഹായിക്കുന്ന അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഗൈഡുകളാണ് അവശ്യ മരുന്നുകളുടെ മാതൃകാ പട്ടികയും (ഇഎംഎൽ) കുട്ടികൾക്കുള്ള അവശ്യ മരുന്നുകളുടെ പട്ടികയും (ഇഎംഎൽസി) . ഓരോ രണ്ട് വർഷത്തിലും ലോകാരോഗ്യ സംഘടന ഈ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കും.