ഉണ്ടാകുന്ന അപകടം അല്ല, മറിച്ച് രക്ഷാപ്രവര്‍ത്തനത്തിലുണ്ടാകുന്ന അപാകതയാണ് പലരെയും ആജീവാനാന്ത രോഗികളാക്കുന്നത്. ചെറിയ പൊള്ളലില്‍ തുടങ്ങി ജീവന്‍ നഷ്ടമാകുന്ന സംഭവങ്ങള്‍വരെ അപകടത്തിന്‌റെ ശ്രേണിയില്‍പ്പെടുന്നുണ്ട്. അപകടം എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ ഒരുത്തരം നല്‍കുക പ്രയാസമാണ്. മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാന്‍ സാധിക്കുന്നവയുമല്ല പല അപകടങ്ങളും. അതുകൊണ്ടുതന്നെ നമ്മള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെ അപകടം സംഭവിച്ച ആള്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു പോകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇതിനായി പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തകരും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ചില കാര്യങ്ങളുണ്ട്. പെട്ടെന്നു നല്‍കുന്ന സിപിആറും ചോക്കിങ്ങുമൊക്കെ നിരവധി പേരുടെ ജീവന്‍ രക്ഷപ്പെടുത്തിയേക്കാം. അപകടത്തില്‍ പെട്ട ഒരാള്‍ക്ക് സ്വയം എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നും അപകടം സംഭവിച്ച വ്യക്തിയെ ആജീവനാന്ത രോഗിയാക്കാതെ എങ്ങനെ രക്ഷപ്പെടുത്താമെന്നും വിശദമാക്കുകയാണ് ന്യൂറോസര്‍ജന്‍ ഡോ.അരുണ്‍ ഉമ്മന്‍.
ആഘാതം കുറച്ച് സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും
അപകടം എന്നു പറയുമ്പോള്‍ ആദ്യം തെളിയുന്നത് റോഡപകടമാണെങ്കിലും ഈ പട്ടികയില്‍ നിരവധി സംഭവങ്ങള്‍ പെടുന്നുണ്ട്. ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് റോഡപകടങ്ങളാണ്. നിര്‍മാണമേഖലയില്‍ നിന്നുള്ള അപകടങ്ങളും തെന്നിവീണുള്ളതും അക്രമത്തിലൂടെയുള്ളതുമായ അപകടങ്ങളുമെല്ലാം ഗുരുതരാവസ്ഥയിലേക്കു നീങ്ങാവുന്നവയാണ്.
പ്രതിരോധ മാര്‍ഗങ്ങളും ബോധവത്കരണ പരിപാടികളും സുരക്ഷാമാര്‍ഗങ്ങളും വര്‍ധിപ്പിച്ചതിനുശേഷം അപകടങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, സ്പീഡ് നിയന്ത്രണം, ലൈന്‍ ട്രാഫിക് എന്നിവ അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിച്ചതിനൊപ്പം അപകടങ്ങളുടെ ഗുരുതരാവസ്ഥയും ലഘൂകരിച്ചിട്ടുണ്ട്. തലയ്ക്കും നട്ടെല്ലിനും സഭവിക്കുന്ന പരുക്ക്, ശ്വാസകശോത്തിനും വയറിനുമൊക്കെ സംഭവിക്കുന്ന പരുക്കുകള്‍, കൈകാലുകള്‍ക്കുണ്ടാകുന്ന ഒടിവും ചതവും, അവയവങ്ങള്‍ നഷ്ടമാകല്‍ എന്നിവയൊക്കെ അപകടങ്ങളില്‍ സംഭവിക്കുന്നുണ്ട്. പരുക്കുകള്‍ ഗുരുതരമാകുന്നതോടെ വിജയശതമാനവും ചെലവും ഭേദമാകാനുള്ള കാലയളവുമെല്ലാം കൂടുമെന്നത് ഓര്‍ക്കേണ്ടതുണ്ട്.
അപകടം സംഭവിച്ചാല്‍ ആദ്യം ചെയ്യേണ്ടത്
അപകടം സംഭവിച്ചശേഷം ബോധമുള്ള അവസ്ഥയിലാണെങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അവിടെനിന്ന് അനങ്ങാതിരിക്കുക എന്നതാണ്. സ്വയം എഴുന്നേല്‍ക്കാനോ ആശുപത്രിയിലേക്കോ പുറത്തേക്കോ നീങ്ങാനോ ശ്രമിക്കരുത്. ആ അവസ്ഥയില്‍ കിടന്നുതന്നെ സഹായം അഭ്യര്‍ഥിക്കാം. ശേഷം മുറിവ്പറ്റി രക്തസ്രാവം ഉണ്ടെങ്കില്‍ അത് സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കാം.
സാധാരണ ഒരു മനുഷ്യന്‌റെ ശരീരത്തില്‍ അഞ്ച് മുതല്‍ ആറ് ലിറ്റര്‍ രക്തമാണുള്ളത്. ഞരമ്പ് പൊട്ടുകയാണെങ്കില്‍ ചിലപ്പോള്‍ അതുവഴി രണ്ടോ മൂന്നോ ലിറ്റര്‍ രക്തം നഷ്ടപ്പെട്ടെന്നുവരാം. അതുകൊണ്ട് രക്തസ്രാവം നിയന്ത്രിക്കുക പ്രധാനമാണ്. കൈയിലോ കാലിലോ ഉള്ള മുറിവാണെങ്കില്‍ ആ ഭാഗം പൊക്കിപ്പിടിക്കുന്നത് നഷ്ടമാകുന്ന രക്തത്തിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കും. രക്തസ്രാവം ഉള്ള ഭാഗം നല്ലൊരു തുണിവച്ച് തുടര്‍ച്ചയായി പൊത്തിപ്പിടിക്കണം. ഇടയ്ക്ക് തുണി മാറ്റാന്‍ ശ്രമിക്കരുത്. രക്തം കട്ടപിടിക്കാനുള്ള സമയം രണ്ടു മുതല്‍ മൂന്നു മിനിട്ട് വരെയാണ്.
അബോധാവസ്ഥയിലുള്ള രോഗിയെ രക്ഷിക്കുമ്പോള്‍
അപകടം സംഭവിച്ചാല്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടായിരിക്കണം. അബോധാവസ്ഥയിലുള്ള രോഗിയാണെങ്കില്‍ അദ്ദേഹത്തിന് ഗുരുതരമായ എല്ലാ പ്രശ്‌നങ്ങളുമുണ്ടെന്ന് നമ്മള്‍ കരുതിവേണം രക്ഷാപ്രവര്‍ത്തനം ചെയ്യാന്‍. ആദ്യം ബ്ലീഡിങ് ഉണ്ടെങ്കില്‍ അത് നിയന്ത്രിക്കാന്‍ ശ്രമിക്കുക. കൈയോ കാലോ വളഞ്ഞിരിക്കുകയാണെങ്കില്‍ പൊട്ടലോ ഒടിവോ ഉറപ്പിക്കാം. അങ്ങനെയുള്ളപ്പോള്‍ ആ ഭാഗം അനങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. അനങ്ങുമ്പോള്‍ ചുറ്റുമുള്ള ഞരമ്പുകള്‍ക്കും പേശികള്‍ക്കും രക്തക്കുഴലിനും തകരാറ് സംഭവിച്ച് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാം. ഇതൊഴിവാക്കാന്‍ ഒരു പലക കഷണമോ കുടയോ എടുത്ത് ഫ്രാക്ചറിന്‌റെ ഇരുവശത്തും കെട്ടിവയ്ക്കാം.
അപകടം സംഭവിച്ചയാളെ ഒരിക്കലും പൊക്കിയെടുക്കാന്‍ ശ്രമിക്കരുത്. കഴുത്തിനും നട്ടെല്ലിനു താഴേക്കുമൊക്കെ തളര്‍ന്നുപോകുന്ന അവസ്ഥയിലെത്തിക്കുന്നത് അശ്രദ്ധമായ ഈ രക്ഷപ്പെടുത്തല്‍ ശ്രമമാണ്. എടുത്തുകൊണ്ട് ഒരു വാഹനത്തില്‍ കയറ്റാന്‍ പാടില്ല. രോഗിയെ കിടത്തി ഒരു പലക കഷണം വച്ച് നാലുപേര്‍ ചേര്‍ന്ന് തലയിലും തോളിലും നടുഭാഗത്തും കാലിലും ഒരേപോലെ പിടിച്ച് ചരിക്കുക. തുടര്‍ന്ന് രോഗിയുടെ അടിയിലേക്ക് ഒരു പലക കഷണം കയറ്റിവയ്ക്കാം. രോഗിയെ നേരേ കിടത്തിയിട്ടുവേണം ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍. പലപ്പോഴും രക്ഷാപ്രവര്‍ത്തനത്തിലെ പാളിച്ച കാരണം ആജീവനാന്തകാലം കിടപ്പിലാകുന്നവരുണ്ട്.
പ്ലാറ്റിനം മിനിട്ടും ഗോള്‍ഡന്‍ അവറും അറിയാം
അപകടവുമായി ബന്ധപ്പെട്ട് അഞ്ചു കാര്യങ്ങളിലാണ് ശ്രദ്ധ കൊടുക്കേണ്ടത്
1. പ്രതിരോധം- അപകടം സംഭവിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. ഹെല്‍മറ്റ് ധരിക്കുക, സീറ്റ് ബെല്‍റ്റ് ഇടുക, വേഗത നിയന്ത്രിക്കുക. ട്രോഫിക് നിര്‍ദേശങ്ങള്‍ പാലിക്കുക, മെച്ചപ്പെട്ട ഗതാഗത സംവിധാനം ഒരുക്കുക, അപകടങ്ങള്‍ സംഭവിക്കാത്ത രീതിയില്‍ റോഡുകളും സിഗ്നലുകളും ക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇവയെല്ലാം ഒരു പരിധിവരെ നടക്കുന്നുണ്ടെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങള്‍ മെച്ചപ്പെടാനുണ്ട്.
2. അപകടം നടക്കുന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തകരുടെ ഇടപെടല്‍- അപകടത്തില്‍ പെട്ടവരെ പലപ്പോഴും അലക്ഷ്യമായും അശ്രദ്ധമായും കൈകാര്യം ചെയ്യുന്നതാണ് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. ശരിയായ പരിശീലനവും അറിവും നേടുന്നതിലൂടെ ഇതൊഴിവാക്കാനാകും
3. ആശുപത്രിയിലേക്കുള്ള യാത്ര- രോഗിയെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്കു എത്തിക്കുന്നതുവരെയുള്ള സമയം വളരെ പ്രധാനപ്പെട്ടതാണ്. ഏത് ട്രോമ പേഷ്യന്‌റിനും ആദ്യത്തെ 10 മിനിട്ട് പ്ലാറ്റിനും മിനിട്ടെന്നും ഒരു മണിക്കൂര്‍ ഗോള്‍ഡന്‍ അവറെന്നും പറയും. ഈ സമയത്തുള്ള ശരിയായ ചികിത്സയാണ് രോഗിക്ക് ഏറ്റവുമധികം പ്രയോജനം ചെയ്യുന്നത്. ബ്ലീഡിങ് നിയന്ത്രിക്കുക, ഒടിവുണ്ടെങ്കില്‍ ആ ഭാഗം അനക്കാതെ വയ്ക്കുക, വായില്‍ എന്തെങ്കിലും തടഞ്ഞിരിപ്പുണ്ടെങ്കില്‍ ശ്വാസമെടുക്കാനായി അവയെല്ലാം മാറ്റിക്കൊടുക്കുക എന്നിവയൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗി ഛര്‍ദിക്കുന്നുണ്ടെങ്കില്‍ അത് തിരികെ ഉള്ളിലേക്കു പോകാതെയും ശ്രദ്ധ കൊടുക്കണം.
4. ഹോസ്പിറ്റല്‍ കെയര്‍- ആശുപത്രിയിലെത്തിക്കഴിഞ്ഞാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. അപകടാവസ്ഥ അനുസരിച്ച് എല്ലാ സജ്ജീകരണവുമുള്ള ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കണം.
5. റീഹാബിലിറ്റേഷന്‍
രോഗിക്കുണ്ടായ പ്രശ്‌നങ്ങളില്‍നിന്ന് പരിപൂര്‍ണ മോചനം ലഭിക്കുന്നതുവരെ ആരോഗ്യം തിരിച്ചുപിടിക്കാന്‍ സഹായിക്കാം. ചിലപ്പോള്‍ ഫിസിയോതെറാപ്പിയും കൗണ്‍സലിങ്ങും പോലുള്ള ചികിത്സാരീതികള്‍ വേണ്ടി വന്നേക്കാം
പരുക്ക് ഗുരുതരമാകാതിരിക്കാന്‍ നമുക്ക് ചെയ്യാവുന്നത്
അപകടത്തില്‍പെട്ടവരെ ട്രോമ കെയര്‍ സംവിധാനമുള്ള ആംബുലന്‍സില്‍ എത്തിക്കാന്‍ സാധിക്കുമെങ്കില്‍ അതിനു ശ്രമിക്കാം. ഇല്ലെങ്കില്‍ കാറില്‍ പുറകിലത്തെ സീറ്റില്‍ നേരേ കിടത്തിക്കൊണ്ടുപോകാം. പെട്ടെന്നുള്ള ബ്രേക്ക് പ്രശ്‌നമാകാമെന്നതിനാല്‍ അലക്ഷ്യമായ ഡ്രൈവിങ് പാടില്ല.
ഒരപകടം ഉണ്ടായാല്‍ നട്ടെല്ലിന് പ്രശ്‌നം ഉണ്ടെന്നു കരുതി വേണം ബാക്കി കാര്യങ്ങള്‍ ചെയ്യേണ്ടത്. അതനുസരിച്ചുള്ള ശ്രദ്ധ ആയിരിക്കണം ആശുപത്രിയില്‍ എത്തുന്നതുവരെ രോഗിക്ക് നല്‍കണം. എന്തെങ്കിലും സാധനങ്ങള്‍ കുത്തിക്കയറിയിട്ടുണ്ടെങ്കില്‍ വലിച്ചൂരാന്‍ ശ്രമിക്കരുത്. അത് അപകടത്തിന്‌റെ ആധിക്യം കൂട്ടാം. വയറിനുള്ളില്‍ അവയവങ്ങളൊക്കെ പുറത്തുവന്ന അവസ്ഥയിലാണെങ്കില്‍ അത് തിരിച്ചു കയറ്റാനും ശ്രമിക്കരുത്. വൃത്തിയുള്ള ഒരു തുണിവച്ച് മൂടി ആശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്യേണ്ടത്.
വിരലുകള്‍ അറ്റുപോയാല്‍
കൈയിലെയോ കാലിലെ വിരലുകള്‍ അറ്റുപോയിട്ടുണ്ടെങ്കില്‍ മൈക്രോവാസ്‌കുലാര്‍ സര്‍ജറിയില്‍ക്കൂടി അത് വയ്ച്ചുപിടിപ്പിക്കാന്‍ സാധിക്കും. പക്ഷേ ഇവ എങ്ങനെയാണ് ആശുപത്രിയിലെത്തിക്കേണ്ടത് എന്നറിഞ്ഞിരിക്കണം. അറ്റുപോയ വിരല്‍ ആണെങ്കില്‍ ബാക്ടീരിയല്‍ ലോഡ് കുറയ്ക്കാനായി ടാപ് വെള്ളത്തില്‍ വൃത്തിയായി കഴുകുക. ബാക്ടീരിയ ഉണ്ടെങ്കില്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബാക്ടീരിയ പെരുകാനുള്ള സാഹചര്യം ഉണ്ടാകും. ശേഷം വൃത്തിയുള്ള ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഐസ് ഉള്ള മറ്റാെരു ബാഗിലിട്ട് വേണം കൊണ്ടുപോകാന്‍. നേരിട്ട് ഐസിലേക്കിടാനോ വെള്ളത്തിലിടാനോ പാടില്ല. രക്തയോട്ടം ഇല്ലാത്തതുകൊണ്ടുതന്നെ വൊകുന്തോറും കോശങ്ങള്‍ക്ക് നാശം സംഭവിക്കാനുള്ള സാധ്യത കൂടും.
ഷോക്കടിച്ച വ്യക്തിയെ രക്ഷിക്കുമ്പോള്‍
ഷോക്കടിച്ച് അബോധാവസ്ഥയിലായ വ്യക്തിയെ നേരിട്ട് സ്പര്‍ശിക്കരുത്. പ്ലാസ്റ്റിക് പോലുള്ള സാധനങ്ങളോ പലക കഷണമോ ഉപയോഗിച്ചുവേണം രോഗിയെ അതില്‍നിന്ന് മാറ്റേണ്ടത്.
ഹൈ വോള്‍ട്ടേജ് ഷോക്ക് ആകുമ്പോള്‍ കാര്‍ഡിയാക് അറസ്റ്റിലേക്കു പോകാന്‍ സാധ്യതയുണ്ട്. പെട്ടെന്ന് ഹൃദയം നിലച്ചു പോകാം. ഉടന്‍തന്നെ സിപിആര്‍(കാര്‍ഡിയോ പള്‍മണറി റസിസ്റ്റന്‍സ്) നല്‍കണം. ഒപ്പം കൃത്രിമ ശ്വാസവും നല്‍കി ആ വ്യക്തിയെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കണം.
പാഠ്യപദ്ധതിയില്‍ പെടുത്തണം, പരിശീലനം എല്ലാവര്‍ക്കും നല്‍കണം
രക്ഷാപ്രവര്‍ത്തനത്തിനു സന്നദ്ധതയുള്ളവര്‍ക്കും പൊലീസുകാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമൊക്കെ അപകത്തെക്കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ബോധവല്‍ക്കരമം നല്‍കുകയും അടിസ്ഥാന കാര്യങ്ങള്‍ പരിശീലിപ്പിക്കുകയും ചെയ്യുകവഴി രക്ഷാപ്രവര്‍ത്തനത്തിലുണ്ടാകുന്ന അപാകതകള്‍ ഒഴിവാക്കാനാകും. കുട്ടികളുടെ പാഠ്യപദ്ധതിയില്‍ ആക്‌സിഡന്‌റ് കെയര്‍ എന്ന വിഭാഗം ഉള്‍പ്പെടുത്തുകയും ആരോഗ്യവിദഗ്ധര്‍തന്നെ പരിശീലനം നല്‍കുകയും വേണം. ഇതൊക്കെവഴി ഒരുപാട് ജീവനുകള്‍ നമുക്ക് രക്ഷിക്കാന്‍ സാധിക്കും.
നിയമക്കുരുക്കില്ല, ധൈര്യമായി രക്ഷിക്കാം
നിയമക്കുരുക്കില്‍ പെടുമോ എന്ന ഭയം കാരണം അപകടം കണ്ടാലും രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ പോകുന്നവരുണ്ട്. ആരുടെ ആയാലും ജീവന്‍ വളരെ വിലപ്പെട്ടതാണ്. അപകടം സംഭവിച്ച ആളിനെ കണ്ടാല്‍ ആശുപത്രിയിലെത്തിക്കുക എന്നത് നമ്മുടെ ഓരോരിത്തരുടെയും ഉത്തരവാദിത്തമാണ്. നിയമക്കുരുക്കില്‍ പെടുമെന്ന ഭയം ആര്‍ക്കും വേണ്ട. സുപ്രീംകോടതിയുടെ ഗുഡ് സമ്മരിറ്റന്‍ ലോ അനുസരിച്ച് ഏത് അപകടം പറ്റിയ ആളെയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കുക മാത്രമാണ് ഒരു പൗരന്‌റെ അവകാശം. എത്തിക്കുന്ന ആളിനെക്കുറിച്ചുള്ള വിവരങ്ങളോ അവരോട് ആശുപത്രിയില്‍ നില്‍ക്കാനോ പറയുന്നത് നിയമവിരുദ്ധമാണ്.
ചികിത്സ സര്‍ക്കാരിന്‌റെ ഉത്തരവാദിത്വം
സാമ്പത്തികസ്ഥിതി അപകടചികിത്സയെയും ബാധിക്കുന്നുണ്ട്. പണം ഉള്ളവര്‍ മികച്ച ചികിത്സ തേടുകയും അല്ലാത്തവര്‍ പകുതിക്കു വച്ച് ചികിത്സ അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ മറ്റുള്ളവരില്‍നിന്നു പണം വാങ്ങി ചികിത്സിച്ച് കടക്കെണിയിലാകുകയോ മെച്ചപ്പെട്ട ചികിത്സ തേടാതിരിക്കുകയോ ഒക്കെ ചെയ്യുന്ന സംഭവങ്ങളുണ്ട്. ഇതൊഴിവാക്കേണ്ടതുണ്ട്. അപകടത്തില്‍ പെട്ടവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്‌റെ ഇത്തരവാദിത്വമാകണം. അപകടം സംഭവിച്ചാല്‍ ചികിത്സയ്ക്കുള്ള ഫണ്ട് അപ്പോള്‍തന്നെ സര്‍ക്കാര്‍ അനുവദിക്കണം. കേരളത്തെ സംബന്ധിച്ച് രോഗി കേസൊക്കെ കൊടുത്ത് എട്ടോ പത്തോ വര്‍ഷമൊക്കെ കഴിഞ്ഞാണ് ചിലപ്പോള്‍ തുക ലഭിക്കുക. അപകടം നടന്നാല്‍ ആദ്യത്തെ ഒരാഴ്ചവരെയാണ് 90 ശതമനം ചികിത്സാചെലവും വരുന്നത്. ആക്‌സിഡന്‌റ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയോ ആക്‌സിഡന്‌റ് കെയര്‍ സെസ് സംവിധാനം ഏര്‍പ്പെടുത്തിയോ ഒക്കെ സൗജന്യ ചികിത്സ സര്‍ക്കാരിന് നല്‍കാനാകും. എല്ലാ ആശുപത്രിയിലും ചികിത്സയ്ക്കുള്ള സംവിധാനം സൗജന്യമായി നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ മെച്ചപ്പെട്ട ചികിത്സ ഏവര്‍ക്കും ലഭ്യമാക്കാനാകും.