HEALTH

'ശീതീകരിച്ച ഭ്രൂണത്തെ കുഞ്ഞായി കണക്കാക്കും, നശിപ്പിച്ചാൽ നടപടി'; അലബാമയിൽ ഐവിഎഫ് ചികിത്സയ്ക്ക് വെല്ലുവിളിയായി കോടതി വിധി

പ്രത്യുത്പാദന ചികിത്സയ്ക്ക് പ്രതികൂലമായ പ്രത്യാഘതങ്ങള്‍ വിധിമൂലമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ

വെബ് ഡെസ്ക്

ശീതീകരിച്ച ഭ്രൂണങ്ങളെ കുഞ്ഞുങ്ങളായി കണക്കാക്കുമെന്നും അത് നശിപ്പിക്കുന്നവർ ഉത്തരവാദികളായിരിക്കുമെന്നും അമേരിക്കയിലെ അലബാമ സുപ്രീംകോടതി. വിധിയുടെ പശ്ചാത്തലത്തില്‍ അലബാമയിലെ ഏറ്റവും വലിയ ആശുപത്രി ഇന്‍ വിട്രൊ ഫെർട്ടിലൈസേഷന്‍ (ഐവിഎഫ്) സേവനങ്ങള്‍ നിർത്തലാക്കി. ക്രിമിനല്‍ നടപടിക്ക് വിധേയരായേക്കാമെന്ന സാധ്യത മുന്‍നിർത്തിയാണ് തീരുമാനം.

അതേസമയം, സ്ത്രീകളുടെ അണ്ഡാശയങ്ങളില്‍നിന്ന് അണ്ഡകോശങ്ങള്‍ സ്വീകരിക്കുന്നത് തുടരുമെന്നും ഐവിഎഫ് പ്രക്രിയയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ലെന്നും ബിർമിങ്ഹാമിലെ യൂണിവേഴ്സിറ്റി ഓഫ് അലബാമ അറിയിച്ചു.

ഐവിഎഫിലുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ശ്രമിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ് വിധിയെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പക്ഷേ, ഐവിഎഫ് പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ ഞങ്ങളുടെ ഡോക്ടർമാരും ഐവിഎഫിന് വിധേയരാകുന്നവരും ക്രിമിനല്‍ നടപടിയിലൂടെ കടന്നുപോകേണ്ടി വരുമോയെന്ന് വിലയിരുത്തേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രത്യുത്പാദന ചികിത്സയ്ക്ക് പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ വിധി മൂലമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്നാല്‍ വിധിയെ പിന്തുണച്ചുകൊണ്ടും ഒരു വിഭാഗം രംഗത്തെത്തി. ഏറ്റവും ചെറിയ ഭ്രൂണത്തിന് പോലും നിയമപരമായ പരിരക്ഷ ലഭിക്കേണ്ടതുണ്ടെന്നാണ് ഇവരുടെ വാദം.

വിധിക്ക് പിന്നില്‍?

2020ല്‍ ഫെർട്ടിലിറ്റി ക്ലിനിക്കില്‍ തങ്ങളുടെ ഭ്രൂണങ്ങള്‍ നഷ്ടമായെന്ന മൂന്ന് ദമ്പതികളുടെ ആരോപണത്തെ തുടർന്നാണ് കേസിന്റെ തുടക്കം.

ഒരു രോഗി ഭ്രൂണങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് കടക്കുകയും അവ കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധവശാല്‍ താഴെ വീഴുകയുമായിരുന്നു. ഇതോടെ ഭ്രൂണങ്ങള്‍ നശിക്കപ്പെട്ടു.

പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ അസ്വഭാവിക മരണം സംബന്ധിച്ച നിയമപ്രകാരമാണ് സെന്റർ ഫോർ റിപ്രൊഡക്ടീവ് മെഡിസിന്‍, മൊബൈല്‍ ഇന്‍ഫേമറി അസോസിയേഷന്‍ എന്നിവയ്‌ക്കെതിരെ കേസെടുക്കാന്‍ ദമ്പതികള്‍ ആവശ്യപ്പെട്ടത്. നിയമത്തില്‍ ഭ്രൂണങ്ങള്‍ക്ക് പരിരക്ഷയുണ്ടെങ്കിലും ഐവിഎഫ് മുഖേനയുള്ള ഭ്രൂണങ്ങളുടെ കാര്യത്തില്‍ വ്യക്തതയില്ല.

ദമ്പതികളുടെ ആവശ്യം കീഴ്‌ക്കോടതി തള്ളിയിരുന്നെങ്കിലും സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ