ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലെ കുട്ടികളില്‍ അജ്ഞാതമായ ന്യുമോണിയ പടരുന്നതായി റിപ്പോര്‍ട്ട്. ബീജീങ്ങില്‍ കുട്ടികളുടെ ആശുപത്രികള്‍ മുഴുവന്‍ രോഗബാധിതരായ കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായും പകര്‍ച്ചവ്യാധി അധികാരികള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണോ എന്നാണ് മാതാപിതാക്കളുടെ ചോദ്യമെന്നും തയ് വാനീസ് മീഡിയ എഫ്ടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളിലുണ്ടായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധനവിനെക്കുറിച്ചും ന്യൂമോണിയയുടെ ക്ലസ്റ്ററുകളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
സീറോ-കോവിഡ് തന്ത്രത്തിന്റെ ഭാഗമായി കര്‍ശനമായ നടപടികള്‍ പ്രാബല്യത്തില്‍ വന്ന മുന്‍ മൂന്ന് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്‍ഫ്‌ലുവന്‍സ പോലുള്ള രോഗങ്ങളുടെ വര്‍ധനവ് ചൈന അനുഭവിക്കുന്നുണ്ട്. 2022 ഡിസംബറില്‍ സീറോ-കോവിഡ് നയം ഉപേക്ഷിച്ചിരുന്നു.
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചതായും കോവിഡ്- 19 നടപടികളില്‍ ഇളവ് വരുത്തിയതും രോഗകാരികളുടെ വ്യാപനവുമാണ് രോഗബാധയ്ക്ക്കാരണമെന്ന് കരുതപ്പെടുന്നു. ഇന്‍ഫ്‌ലുവന്‍സ, മൈകോപ്ലാസ്മ ന്യുമോണിയ (ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ ബാക്ടീരിയല്‍ അണുബാധ), റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആര്‍എസ് വി) എന്നിങ്ങനെയുള്ളവ വ്യാപിക്കുന്നതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ ഈ മാസം ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.
തൊണ്ട വേദന, ക്ഷീണം, പനി, മാസങ്ങളായി നീണ്ടുനില്‍ക്കുന്ന ചുമ എന്നിവയാണ് രോഗബാധികരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിലെ രോഗലക്ഷണങ്ങള്‍.
കോവിഡ് 19-നു ശേഷം വുഹാനില്‍ വ്യാപമാകുന്ന അജ്ഞാത രോഗത്തെക്കുറിച്ച് പ്രോമെഡ് എന്ന ഓണ്‍ലൈന്‍ മെഡിക്കല്‍ കമ്യൂണിറ്റിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലെ കുട്ടികളില്‍ രോഗനിര്‍ണയത്തിലൂടെ മനസിലാക്കാന്‍ സാധിക്കാത്ത ന്യുമോണിയ ക്ലസ്റ്ററുകള്‍ രൂപംകൊള്ളുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗത്തെക്കുറിച്ച് കൃത്യമായുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടത് ആവശ്യമാണെന്ന് പ്രോമെഡ് പറയുന്നു.
ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഈ അണുബാധ, ചൈനീസ് അധികാരികള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്ത ശ്വാസകോശ സംബന്ധമായ അണുബാധകളുമായിബന്ധമുണ്ടോ എന്ന് വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി, സ്ഥിതിഗതികളെക്കുറിച്ച് കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്കായി ബീജിംഗിനോട് ആവശ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണ സംവിധാനം വഴി രോഗം റിപ്പോര്‍ട്ട് ചെയ്ത ക്ലസ്റ്ററുകളിലെ ക്ലിനിക്കല്‍ വിവരങ്ങളും ലബോറട്ടറി പരിശോധനാഫലങ്ങളും നല്‍കാന്‍ ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പംതന്നെ രോഗവാഹകരായ ഇന്‍ഫ്‌ളുവന്‍സ, സാര്‍സ് കോവ്2, ആര്‍എസ് വി മൈക്രോപ്ലാസ്മ ന്യുമോണിയെ തുടങ്ങി ആരോഗ്യസംവിധാനത്തെ ദോഷകരമായി ബാധിക്കുന്ന എല്ലാവിധ രോഗാണുക്കളെയും കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അസുഖം 'എന്തുമാകാം'ലോക്ക്ഡൗണ്‍ നീക്കിയതിന് ശേഷം പല രാജ്യങ്ങളിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. രോഗലക്ഷണങ്ങള്‍, എപ്പിഡെമിയോളജി, പരിശോധനാഫലം എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണ് ലോകാരോഗ്യസംഘടനയുടെ അടയിന്തര വിഭാഗത്തിന്‌റെ ഭാഗമായുള്ള ഡോ.കൃതിക കുപ്പള്ളി എക്‌സില്‍ കുറിച്ചു.
രോഗസാധ്യത കുറയ്ക്കാന്‍ വേണ്ട നടപടികളും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ലോകാരോഗ്യസംഘടന ചൈനയോട് ആവശ്യപ്പെട്ടു. വാക്‌സിനുകള്‍ കൃത്യമായി എടുക്കുക, മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, രോഗമുള്ളവര്‍ പുറത്തിറങ്ങാതെ വീട്ടില്‍തന്നെ വിശ്രമിക്കുക, പരിശോധന നടത്തുക തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ചൈനയിലെ ജനങ്ങളോട് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് 19-നു പിന്നാലെ 2019-ല്‍തന്നെ അകാരണമായ ന്യുമോണിയയും 2020-ല്‍ ഇതു കാരണമുള്ള ആദ്യ മരണവും ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ്- 19 ന്‌റെ പാര്‍ശ്വഫലമാണെന്ന തരത്തിലായിരുന്നു അന്ന് റിപ്പോര്‍ട്ടുകളുണ്ടായത്. കൂടുതല്‍ പരിശോധനകള്‍ക്കായി ലോകാരോഗ്യ സംഘടന 2021-ല്‍ വുഹാന്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും ഇന്നും വൈറസിന്‌റെ ഉറവിടം അജ്ഞാതമായിത്തന്നെ തുടരുകയാണ്.