ആഗോളതലത്തില്‍ ഏകദേശം 50ലക്ഷം ആളുകള്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്(എഎംആര്‍) കാരണം മരിക്കുന്നതായി ലാന്‍സെറ്റ് പഠനം. ബാക്ടീരിയ അണുബാധ കാരണം ആഗോളതലത്തില്‍ കണക്കാക്കപ്പെടുന്ന 77 ലക്ഷം മരണങ്ങളില്‍ പ്രധാന പങ്കും ആന്‌റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ആണെന്ന് കരുതുന്നു. ഇത് ലോകത്തിലെ രണ്ടാമത്തെ മരണ കാരണമായി മാറുന്നു.
'ഇന്ത്യയില്‍ 2019-ല്‍ ഏകദേശം 10,43, 500 മരണങ്ങളാണ് എഎംആര്‍ കാരണം സംഭവിച്ചിരിക്കുന്നത്. അധികം താമസിയാതെ എഎംആര്‍ പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നായി മാറും. അടിയന്തര ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകേണ്ടതുണ്ട്. വരുന്ന സെപ്റ്റംബറില്‍ യുഎന്‍ ഉന്നതതല യോഗത്തില്‍ ഇതു പരിഹാരിക്കാന്‍ വേണ്ട ശ്രമം നടക്കും-' പഠനത്തിന്‌റെ മുഖ്യ ഗവേഷകരിലൊരാളും പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റി സീനിയര്‍ റിസര്‍ച്ച് സ്‌കോളറുമായ പ്രൊഫ. രമണന്‍ ലക്ഷ്മിനാരായണന്‍ പറഞ്ഞു.
അണുബാധകള്‍ തടയാന്‍ നിലവിലുള്ള രീതികള്‍ മെച്ചപ്പെടുത്താനും വിപുലീകരിക്കാനും പഠനം നിര്‍ദേശിക്കുന്നു. കൈകളുടെ ശുചിത്വം, ആരോഗ്യ സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വൃത്തി, ശുദ്ധമായ കുടിവെള്ളത്തിന്‌റെ ലഭ്യത, കുട്ടികളിലെ വാക്‌സിന്‍ എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു. താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഓരോ വര്‍ഷവും എഎംആര്‍മായി ബന്ധപ്പെട്ട 750,000 മരണങ്ങള്‍ തടയാന്‍ ഇവയ്ക്ക് കഴിയുമെന്ന് ഗവേഷകര്‍ കരുതുന്നു.
എന്താണ് ആന്റിബയോട്ടിക് റസിസ്റ്റന്‍സ്?
ആന്റിബയോട്ടികളുമായുള്ള രോഗാണുക്കളുടെ സമ്പര്‍ക്കമാണ് ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സിനു കാരണമാകുന്നത്. ഈ പ്രതിരോധം ഫംഗസിലും വൈറസുകളിലുമൊക്കെ ഉണ്ടെങ്കിലും ബാക്ടീരിയകളിലാണ് പ്രധാനമായും കാണുന്നത്.
ലോകത്ത് ആദ്യമായി കണ്ടെത്തിയ ആന്റിബയോട്ടിക് പെനിസിലിന്‍ ആണ്. തുടര്‍ന്ന് പലതരത്തിലുള്ള ബാക്ടീരിയകള്‍ക്കെതിരെ ഫലിക്കുന്ന രീതിയിലുള്ള പല ആന്റിബയോട്ടിക്കുകളും ഉല്‍പാദിപ്പിക്കപ്പെട്ടു. ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയയില്‍ പ്രവര്‍ത്തിക്കുന്ന ചില രീതികളുണ്ട്. ബാക്ടീരിയകള്‍ single cell organisms ആണ്. അവയുടെ കോശത്തിന് ഒരു ഭിത്തിയുണ്ട്. പെരുകിക്കൊണ്ടിരിക്കുന്ന ബാക്ടീരിയകള്‍ക്കെല്ലാം കോശഭിത്തി നിര്‍മിക്കേണ്ടതായുണ്ട്. ഈ കോശഭിത്തി തകര്‍ക്കുകയാണ് പല ആന്റിബയോട്ടിക്കുകളും ചെയ്യുന്നത്. അങ്ങനെ പെരുകാനാകാതെ ബാക്ടീരിയ നശിച്ചുപോകുകയാണ് സംഭവിക്കുന്നത്.
പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുന്നതിന് ബാക്ടീരിയയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന റൈബോസോമിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന ചില ഘടകങ്ങളും ആന്റിബയോട്ടിക്കുകളിലുണ്ട്. ഇങ്ങനെ പല രീതിയില്‍ ആന്റിബയോട്ടിക്കുകള്‍ പ്രവര്‍ത്തിക്കുന്നു. അടിസ്ഥാനപരമായി ബാക്ടീരിയകള്‍ക്ക് ഏതു വിധേനയും ഒരു പണി കൊടുക്കുക എന്നതാണ് ആന്റിബയോട്ടിക്കുകള്‍ ചെയ്യുന്നത്.
എന്തുകൊണ്ട് എഎംആര്‍?
മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും ആന്‌റിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും രോഗാണുക്കള്‍ക്കെതിരെ പോരാടാനുള്ള മരുന്നുകളുടെ ശേഷി ഇല്ലാതാക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിലെ പല നേട്ടങ്ങളെയും എഎംആര്‍ അപകടസാധ്യതയിലെത്തിക്കുന്നു. ഇത് അണുബാധ ചികിത്സ ദുഷ്‌കരമാക്കുകയും ശസ്ത്രക്രിയ, പ്രസവ ശസ്ത്രക്രിയ, കാന്‍സര്‍ കീമോതെറാപ്പി എന്നിവ കൂടുതല്‍ ഗുരുതരമാക്കുകയും ചെയ്യുന്നതായി ലോകാരോഗ്യ സംഘടനയും പറയുന്നു.
ഏഷ്യയിലെയും സബ് സഹറാന്‍ ആഫ്രിക്കയിലെയും ചില പ്രദേശങ്ങളില്‍ ഫലപ്രദമായ ആന്‌റിബയോട്ടിക്കുകളുടെ ലഭ്യതക്കുറവ്, ലബോറട്ടറി പരിശോധനകളുടെ അപര്യാപ്തത, കൃത്യമായ നിരീക്ഷണമില്ലായ്മ എന്നിവ സ്ഥിതി ഗുരുതരമാക്കുന്നുണ്ട്.
ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് മാത്രം ആന്‌റിബയോട്ടിക്കുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ നിരവധി മരണങ്ങള്‍ ഒഴിവാക്കാനാകും.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകല്‍ നല്‍കുന്ന പ്രവണത അവസാനിപ്പിച്ചാല്‍ മാത്രമേ അമിതോപയോഗവും അനവസരത്തിലുള്ള ഉപയോഗവും നിര്‍ത്തലാക്കാന്‍ സാധിക്കൂ.
ആന്റിബയോട്ടിക്കുകള്‍ ഉണ്ടാക്കുന്നതിനും ഒരു ലിമിറ്റുണ്ട്. പുതിയ ആന്റിബയോട്ടിക്കുകള്‍ വരുന്നില്ല എന്നതാണ് ഒരു പ്രധാന പ്രശ്നം. ഒരാവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ കുറേകാലം കഴിയുമ്പോഴും ഇപ്പോള്‍ നിലവിലുള്ള ആന്റിബയോട്ടിക്കുകളേ ഉണ്ടാകുകയുള്ളു. പുതിയ ആന്റിബയോട്ടിക്കുകളുടെ നിര്‍മാണത്തിന് സാങ്കേതികമായ കുറേ തടസങ്ങളുണ്ട്. മരുന്ന് ഗവേഷണത്തിലൂടെയാണ് പുതിയ ആന്റിബയോട്ടിക്കുകള്‍ ഉണ്ടാകുന്നത്. മരുന്ന് ഗവേഷണങ്ങളെക്കുറിച്ചുതന്നെ പൊതുസമൂഹത്തിന് ഭയമാണ്. ഡ്രഗ് ടെസ്റ്റിങ് എന്ന ഒരു സംവിധാനമേ ഇപ്പോള്‍ നടക്കാറില്ല. ഇങ്ങനെ നടക്കാതിരിക്കുന്ന സാഹചര്യത്തില്‍ പുതിയ മരുന്നുകള്‍ ഉണ്ടാകുന്നുമില്ല. ഇത് ശരിക്കും ഒരു വെല്ലുവിളിയാണ്.