PICTURE COURTESY : GOOGLE
HEALTH

ഓർമ്മകളുടെ തീരത്തേക്ക് ഹിറോണ്‍സ്

വെബ് ഡെസ്ക്

അന്നോളം ആശയവിനിമയം നടത്തിയ ഭാഷ കൈവിട്ടു പോകുന്ന അവസ്ഥ. കേട്ടാല്‍ മനസ്സിലാവാത്ത, പറയാന്‍ വാക്കുകള്‍ കിട്ടാത്ത.ഒന്നും എഴുതാനാവാതെ വരുന്ന അവസ്ഥ ഒന്നാലോചിച്ച് നോക്കൂ. അതാണ് അഫേസിയ. ഭാഷ മനസ്സിലാക്കുന്നതിനും സംസാരിക്കുന്നതിനുമുള്ള തലച്ചോറിലെ ഭാഗത്തിന് ക്ഷതം സംഭവിക്കുമ്പോഴാണ് അഫേസിയ ഉണ്ടാകുന്നത്. കൂടുതല്‍ ആളുകളിലും ഇത് തലച്ചോറിന്റെ ഇടത് ഭാഗമായിരിക്കും. അഫേസിയ ബാധിക്കുന്ന വ്യക്തിക്ക് ആശയവിനിമയം നടത്താനുള്ള കഴിവ് പൂർണമായും നഷ്ടമാകും.

ബ്രിട്ടണിലെ മൂന്നര ലക്ഷം അഫേസിയ ബാധിതരെക്കുറിച്ച് 'On the tip of my tongue - living with aphasia ' എന്ന ഡോക്യുമെന്റെറി തയ്യാറാക്കിയ വ്യക്തിയാണ് ജോനാതന്‍ ഹിറോണ്‍സ്. ഈ ഡോക്യുമെന്റെറിയിലൂടെ അദ്ദേഹം യഥാര്‍ഥത്തില്‍ സംസാരിക്കുന്നത് തന്നെക്കുറിച്ച് കൂടിയാണ്. 2019 ജനുവരി വരെയും ഹിറോണ്‍സിന് അഫേസിയ എന്ന രോഗത്തെക്കുറിച്ച് വലിയ ധാരണകളൊന്നുമുണ്ടായിരുന്നില്ല.

തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് അഫേസിയ ബാധിച്ചതായി ഹിറോണ്‍സ് മനസിലാക്കുന്നത്. ഭാര്യയുടെയും ഡോക്ടര്‍മാരുടെയും ചോദ്യങ്ങള്‍ക്കെല്ലാം തലയാട്ടി ഉണ്ടെന്നോ ഇല്ലെന്നോ മറുപടി നല്കാന്‍ മാത്രമേ ആ സാഹചര്യത്തില്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നുള്ളൂ.ഉള്ളിലുള്ള ഉത്തരങ്ങള്‍ക്ക് വാക്കുകളുടെ രൂപം നല്‍കി പുറത്തെത്തിക്കാന്‍ സാധിക്കാതിരുന്ന അവസ്ഥ ഭയത്തേക്കാളേറെ ഹിറോണ്‍സണില്‍ അത്ഭുതം നിറച്ചു.

രോഗത്തിന്റെ ആദ്യ നാളുകളില്‍ ചുറ്റും നടക്കുന്ന കാര്യങ്ങളോട് യാതൊരു വിധത്തിലും പ്രതികരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അഞ്ചു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം തിരിച്ചെത്തിയ ഹിറോണ്‍സിന് എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വന്നു.

ആദ്യമാദ്യം കുറച്ചു വാക്കുകള്‍ പഠിച്ചെടുത്തു. തലയ്ക്കകത്തെ വാക്കുകള്‍ അപ്പോഴും പുറത്തുവരാന്‍ പാകപ്പെട്ടിരുന്നില്ല. ഭാര്യ വാങ്ങി നല്‍കിയ കുട്ടികളുടെ ഫ്‌ളാഷ്‌കാര്‍ഡ് കൊണ്ട് തുടങ്ങിയ പരിശ്രമങ്ങള്‍ സ്പീച് തെറാപ്പിയിലൂടെ മുന്നോട്ട് പോയി. പതുക്കെ നഷ്ടപ്പെട്ട അക്ഷരങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഹിരോണ്‍സിനായി . വാക്കുകള്‍ക്ക് സൗന്ദര്യം വന്ന് തുടങ്ങി. വാചകങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമായി.

അഞ്ച് മാസം കൊണ്ട് അത്യാവശ്യ സംഭാഷണങ്ങള്‍ സാധിക്കുമെന്നായി. സാധാരണ ഗതിയിലേക്ക് മടങ്ങി വരാന്‍ ഒരുവര്‍ഷത്തെ കൂടി പരിശ്രമം കൂടി വേണ്ടി വന്നു . ഇപ്പോഴും അക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കാനോ ഫോണ്‍ ഉപയോഗിക്കാനോ സാധിക്കുന്നില്ലെങ്കിലും ഹിറോണ്‍സ് നിരാശനല്ല. ആശുപത്രിയിലും തെറാപ്പിയുമായി കടന്നുപോകുന്ന ഘട്ടത്തില്‍ തന്നെക്കാള്‍ മോശം അവസ്ഥയില്‍ ജീവിക്കുന്നവരെ കണ്ടുകഴിഞ്ഞെന്നാണ് ഹിറോണ്‍സ് പറയുന്നത്. അഫേസിയയിലൂടെ വിഷാദത്തിന്റെ തലം വരെ നടന്നെത്തിയവര്‍ അക്കൂട്ടത്തിലുണ്ട്.

ഭാര്യയുടെ സഹായത്തോടെ വളരെ പെട്ടെന്ന് മടങ്ങി വരാന്‍ കഴിഞ്ഞെന്നാണ് ഹിറോണ്‍സിന്റെ പക്ഷം.ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ രണ്ടുതവണ ചിന്തിക്കേണ്ടി വരുന്നതിനേക്കാളും, സംസാരിക്കുമ്പോള്‍ വാക്കുകള്‍ പരതേണ്ടി വരുന്നതിനേക്കാളും അദ്ദേഹത്തിനെ ഭയപ്പെടുത്തുന്നത് മറ്റൊന്നാണ്. കടന്നുവന്ന വഴികള്‍ കൂടുതല്‍ കഠിനമായിരുന്നെങ്കില്‍ എന്ന ചിന്തയാണ്. ഇന്ന് കൈവിട്ടതൊക്കെയും നാളെ ഓര്‍മ്മ വരുമെന്ന പ്രതീക്ഷ അദ്ദേഹത്തെ തൃപ്തിപ്പെടുത്തുന്നു.

പുറത്തിറങ്ങാനിരിക്കുന്ന ഡോക്യുമെന്റെറി ഹിറോണ്‍സിന് ലോകത്തോട് സംവദിക്കാനുള്ള മാര്‍ഗ്ഗമാണ്. ഈ ചിത്അരം തയ്ടാറാക്കുമ്പോള്‍ അദ്ദേഹത്തിന് മുന്‍പില്‍ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അഫേസിയയെക്കുറിച്ച് ലോകത്തോട് സംസാരിക്കുക.പ്രതീക്ഷിക്കാതിരിക്കുന്നൊരു നിമിഷത്തില്‍ അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കുമൊപ്പം ഭാഷ പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ച് ഒരു ചെറു ചിത്രം വരച്ചിടുക. കടന്നുപോയവര്‍ക്ക് മാത്രം മനസ്സിലാകുന്ന,മറ്റുള്ളവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ഒരു രോഗാവസ്ഥയെക്കുറിച്ചും, അതിന്റെ പിടിയിലമര്‍ന്ന കുറച്ചു മനുഷ്യരെക്കുറിച്ചും രേഖപ്പെടുത്തുക. ആ ലോകം എത്രമാത്രം അസാധാരണമെന്ന് കാണിച്ചുതരികയാണ് ഈ ചിത്രത്തിലൂടെ ഹിറോണ്‍സ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?