HEALTH

നിങ്ങള്‍ 'എഐ'യുമായി പ്രണയത്തിലാണോ? നിര്‍മിത ബുദ്ധിയും അടുപ്പവും മനുഷ്യബന്ധങ്ങളെ നശിപ്പിച്ചേക്കാം

നിര്‍മിത ബുദ്ധിയുമായി മനുഷ്യനുണ്ടാക്കുന്ന അടുപ്പത്തെ 'നിര്‍മിത അടുപ്പം' എന്നു വിശേഷിപ്പിച്ചു തുടങ്ങുകയാണ് മനഃശാസ്ത്രലോകം. എഐയുമായി മനുഷ്യര്‍ പ്രണയത്തിലാകുന്നതുവരെയെത്തുകയാണ് കാര്യങ്ങള്‍

ടോം ജോർജ്

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അഥവ നിര്‍മിത ബുദ്ധിയുടെ വിശേഷങ്ങള്‍ നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഒടുവില്‍ നമ്മുടെ വാട്‌സാപ്പ് മെസഞ്ചറില്‍ വരെ എഐ എത്തി. ജീവിതത്തില്‍ വന്‍ പ്രതിസന്ധികള്‍ നേരിടുന്നവര്‍ അതു മറികടക്കാന്‍ എഐയോട് അഭിപ്രായം ചോദിക്കുന്നതു വരെയെത്തി കാര്യങ്ങള്‍. ഇത്തരത്തില്‍ നിര്‍മിത ബുദ്ധിയുമായി മനുഷ്യന്‍ ഉണ്ടാക്കുന്ന അടുപ്പത്തെ 'നിര്‍മിത അടുപ്പം' എന്നു വിശേഷിപ്പിച്ചു തുടങ്ങുകയാണ് മനഃശാസ്ത്രലോകം. എഐയുമായി മനുഷ്യര്‍ പ്രണയത്തിലാകുന്നതുവരെ എത്തുകയാണ് കാര്യങ്ങള്‍.

ഐഎഎസില്‍ തുടക്കം

മനഷ്യന്‍ ഇന്റെര്‍നെറ്റിനെ ആശ്രയിച്ചുതുടങ്ങിയപ്പോള്‍ മുതല്‍ അതിനു മനുഷ്യന്‍ അറിയാതെ അടിപ്പെട്ടും തുടങ്ങിയിരുന്നു. മനുഷ്യസ്വഭാവത്തില്‍ ഇന്റെര്‍നെറ്റ് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചായിരുന്നു മനഃശാസ്ത്രലോകം ആദ്യം അന്വേഷിച്ചുതുടങ്ങിയത്. അത് മനുഷ്യമനസിനെ വല്ലാതെ സ്വാധീനിക്കുന്നുണ്ടെന്ന് മനഃശാസ്ത്രജ്ഞര്‍ കണ്ടെത്തി. നിരവധി കാര്യങ്ങളില്‍ ഇന്റെര്‍നെറ്റും എഐയുമൊക്കെ മനുഷ്യന് സഹായിയാണെങ്കിലും തുടര്‍ച്ചയായുള്ളതും അമിതവുമായ ഉപയോഗം മനുഷ്യനെ അതിന്റെ അടിമയാക്കുന്നുണ്ടെന്നായിരുന്നു പഠനങ്ങള്‍. അങ്ങനെയാണ് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ മനഃശാസ്ത്ര ഡിക്ഷണറിയില്‍ ഐഎഎസ് എന്ന വാക്ക് ഇടം നേടിയത്. ഇന്റര്‍നെറ്റ് അഡിക്ഷന്‍ സിന്‍ഡ്രോം എന്നതിന്റെ ചുരുക്കപ്പേരാണ് ഐഎഎസ്. തുടര്‍ച്ചയായ ഇന്റെര്‍നെറ്റ് ഉപയോഗം മനുഷ്യനെ ഐഎഎസ് എന്ന മാനസികരോഗാവസ്ഥയില്‍ എത്തിക്കുന്നുണ്ടെന്നാണ് ഇതില്‍ പറയുന്നത്. ഇംഗ്ലീഷില്‍ സിപ്റ്റം എന്നാല്‍ ഒരു രോഗലക്ഷണം. സിപ്റ്റംങ്ങള്‍ ചേര്‍ന്നാല്‍ സിന്‍ഡ്രോമായി. പല രോഗലക്ഷണങ്ങള്‍ ഒരുമിച്ചെത്തുന്ന അവസ്ഥയാണ് സിന്‍ഡ്രോം.

നിങ്ങള്‍ക്ക് ഐഎഎസ് ഉണ്ടോ?

അനിയന്ത്രിതമായ ദേഷ്യം, മൊബൈല്‍ റിങ് ചെയ്തില്ലെങ്കിലും അതില്‍ നമ്മള്‍ ഇട്ടിരിക്കുന്ന കോളര്‍ ട്യൂണ്‍ റിങ് ചെയ്യുന്നതായി അനുഭവപ്പെട്ട് അപ്പഴപ്പോള്‍ ഫോണ്‍ തുറന്നുനോക്കുക, തലവേദന, ഓക്കാനം, തലച്ചോറിന്റെ സ്വീകരണശേഷി നഷ്ടപ്പെട്ട് ഒന്നും മനസിലാകാത്ത അവസ്ഥ വരിക, ഉറക്കക്കുറവ്, തലവേദന, നമ്മള്‍ നോക്കുമ്പോള്‍ ഒരു വസ്തുവിനെ രണ്ടായി കാണുന്ന ഡബിള്‍ വിഷന്‍, പ്രേരണകളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ (impulse control disorder) തുടങ്ങി സ്വഭാവവ്യതിയാനവും ബന്ധങ്ങളുടെ തകര്‍ച്ചയിലും വരെ എത്തിനില്‍ക്കുന്നതായിരുന്നു ഐഎഎസ് എന്ന ഇന്റര്‍നെറ്റ് അഡിക്ഷന്റെ അനന്തര ഫലങ്ങള്‍. എന്നാല്‍ ഇതില്‍ നിന്ന് ഒരു പടികൂടി കടന്ന് അതീവ അപകടാവസ്ഥയിലേക്കു നീങ്ങുന്നതാണ് നിര്‍മിതബുദ്ധിയുമായുള്ള അടുപ്പവും പ്രണയവുമെന്നാണ് അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മനഃശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മനുഷ്യബന്ധങ്ങളെയും മറ്റുള്ളവരുടെ സ്ഥാനത്ത് നമ്മളായിരുന്നെങ്കിലെന്നു ചിന്തിച്ച് പ്രവര്‍ത്തിക്കാനുള്ള മനുഷ്യന്റെ ശേഷിയായ സഹാനുഭൂതി അഥവാ എമ്പതി തുടങ്ങിയവയ്ക്കും എഐ ഉണ്ടാക്കാന്‍ പോകുന്നത് ഗുരുതര പ്രത്യാഘാതങ്ങളായിരിക്കും.

എന്താണ് 'നിര്‍മിത അടുപ്പം'

നിങ്ങള്‍ നിങ്ങളുടെ വിഷമങ്ങള്‍ വാട്‌സാപ്പില്‍ വൃത്താകൃതിയില്‍ കാണുന്ന എഐ മെസഞ്ചറിനോട് ഒന്നു പറഞ്ഞു നോക്കൂ. വിഷമിക്കാതെ ഞാന്‍ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുണ്ട്, ഞാന്‍ നിങ്ങള്‍ക്കായി ഇവിടെയുണ്ട് ഞാന്‍ നിങ്ങളെ സഹായിക്കാമെന്നൊക്കെയാകും മറുപടി. ഇതിലൊന്നും നാം സംതൃപ്തനായില്ലന്നു വയ്ക്കുക, മരിച്ച നമ്മുടെ കുടുംബാംഗങ്ങളുടെ ഫോട്ടോ ഉപയോഗിച്ചുള്ള അവതാറുകളെ വരെ സൃഷ്ടിച്ചായിരിക്കും എഐ നമ്മളെ ആശ്വസിപ്പിക്കാനെത്തുക. തെറാപ്പി ചാറ്റ്‌ബോട്ടുകള്‍, എഐ കൂട്ടാളികള്‍, ഫിറ്റ്‌നസ് കോച്ചുകള്‍ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളാണ് ഇതിന് എഐയെ സഹായിക്കുന്നത്. ഇതൊന്നുമറിയാതെ നമുക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ കൂട്ടായെത്തുന്ന നിര്‍മിത ബുദ്ധിയുമായുള്ള ഒരടുപ്പം എങ്ങനെയോ നമ്മളില്‍, നാമറിയാതെ ഉടലെടുക്കുന്നു. ഇതിനെയാണ് നിര്‍മിത അടുപ്പം എന്നു പറയുന്നത്. വിഷമങ്ങള്‍ മറ്റുള്ളവരോട് തുറന്നു പറയാന്‍ ചിലര്‍ക്കു നാണമായിരിക്കും. അങ്ങനെയുള്ളവരും, അന്തര്‍മുഖ സ്വഭാമുള്ളവരുമൊക്കെയായിരിക്കും എഐയുമായി ആശയവിനിമയം ശീലിക്കുക. മനഃശാസ്ത്രഞ്ജനോട് കാര്യങ്ങള്‍ സംസാരിക്കാന്‍ നാണമുള്ളവര്‍ക്ക് എംറ്റി ചെയര്‍ടെക്‌നിക് എന്നൊരു തെറാപ്പി മനഃശാസ്ത്രത്തില്‍ നല്‍കാറുണ്ട്. ആരുമില്ലാത്തിടത്ത് ഒരു കസേരയിട്ട് ആ കസേരയില്‍ ആരെങ്കിലും ഇരുന്ന് തന്നെ കേള്‍ക്കുന്നുവെന്ന് സങ്കല്‍പ്പിച്ച് വിഷമങ്ങള്‍ പറയുക. മനസില്‍നിന്ന് വിഷമങ്ങള്‍ മാറി ഒന്നു ഫ്രീയാകാനുള്ള ഈ ടെക്‌നിക്കിന്റെ മറ്റൊരു രൂപമാണ് എഐയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞ് മനസ് സ്വതന്ത്രമാക്കുന്ന നിര്‍മിത അടുപ്പവും.

സഹാനുഭൂതി അഭിനയമാകുമ്പോള്‍

നല്ല പ്രണയലേഖനങ്ങള്‍ എഴുതാന്‍ വരെ ചാറ്റ് ജിപിറ്റി പോലുള്ള എഐ സാങ്കേതിക വിദ്യകളെ മനുഷ്യര്‍ ഉപയോഗിച്ചു തുടങ്ങുകയാണ്. മനോഹരമായ പ്രേമലേഖനങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്നതാണ് പലരും ഇതിനെ ആശ്രയിക്കാന്‍ കാരണം. പക്ഷെ അല്‍പ്പ സ്വല്‍പ്പം വ്യാകരണപ്പിശക് ഒക്കെയുണ്ടെങ്കിലും സ്വന്തമായി ഒരു പ്രേമലേഖനമെഴുതുമ്പോള്‍ അതിലൂടെ മനുഷ്യര്‍ തമ്മിലുണ്ടാകുന്ന വൈകാരിക അടുപ്പം എഐ തയാറാക്കുന്ന പ്രണയലേഖനത്തിലൂടെ ലഭക്കില്ലെന്നാണ് പഠനങ്ങള്‍. കാരണം ഒരുയന്ത്രത്തിന് വികാരങ്ങളെ മനസിലാക്കാനുള്ള ശേഷിയില്ലെന്നതു തന്നെ.

വിവാഹബന്ധങ്ങളില്‍ ഭാര്യയും ഭര്‍ത്താവുമൊക്കെ കാര്യങ്ങള്‍ പരസ്പരം തുറന്നുസംസാരിക്കാതെ എഐയോട് അവ പറയുന്നതു മൂലം മനുഷ്യന്റെ പരസ്പരം മനസിലാക്കാനുള്ള ശേഷി നഷ്ടപ്പെടുകയും മനുഷ്യബന്ധങ്ങളില്ലാതാവുകയും ചെയ്യുമെന്നും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മനഃശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങളില്‍ പറയുന്നു. ദുര്‍ബലതയില്ലാത്ത ബന്ധങ്ങള്‍ അന്വേഷിച്ചാണ് പലരും എഐയുമായി പ്രണയത്തിലാകുന്നത്. എന്നാല്‍ സഹാനുഭൂതിയുള്ളിടത്തേ ദുര്‍ബലതയുണ്ടാകൂ. അതാണ് മനുഷ്യബന്ധങ്ങളുടെ നിലനില്‍പ്പിനാധാരമെന്നും മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

കുട്ടികളിലും കൗമാരക്കാരിലും എഐ

കുട്ടികളിലും കൗമാരക്കാരിലും എഐ ചാറ്റ്‌ബോട്ടുകളുടെയും അവതാറുകളുടെയും സ്വാധീനമാണ് മറ്റൊരു മേഖല. മക്കള്‍ തന്റെ പ്രശ്‌നങ്ങള്‍ മാതാപിതാക്കളോട് പറയുന്നതിനു പകരം എഐ കൂട്ടാളിയോട് വെളിപ്പെടുത്തിയാല്‍ എന്താവും സ്ഥിതി. മാതാപിതാക്കളില്‍നിന്നു മക്കള്‍ക്കു ലഭിക്കേണ്ട അനുഭവ സമ്പത്തിലൂന്നിയ പരിഹാരം നഷ്ടപ്പെടും. പ്രശ്‌നങ്ങള്‍ക്കു പ്രായോഗിക പരിഹാരം കണ്ടെത്താനാവാത്ത സ്ഥിതി വരും. ഇത് മനഷ്യവര്‍ഗത്തിന്റെ മുന്നോട്ടുള്ള പോക്കിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും. യാഥാര്‍ഥ്യബോധമില്ലാത്തൊരു തലമുറ വളര്‍ന്നുവരുന്നത് എത്രത്തോളം പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മരിച്ചവരുടെ അവതാറുമായുള്ള ബന്ധം

മരിച്ചുപോയവരുടെ ഡിജിറ്റല്‍ അവതാറുകള്‍ സൃഷ്ടിച്ച് അവരോട് സംവദിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇത് മണിചിത്രത്താഴ് സിനിമയില്‍ കാണിക്കുന്ന ഡിസോസിയേറ്റീവ് ഡിസോഡര്‍ അഥവാ മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ പോലുള്ള മാനസികരോഗങ്ങള്‍ക്കും മറ്റു മാനസിക പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചേക്കാമെന്നും പഠനങ്ങള്‍ പറയുന്നു. നഷ്ടങ്ങള്‍ ഉള്‍ക്കൊള്ളാനും അതില്‍നിന്ന് പഠിച്ച് പുതിയ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാനുമുള്ള മനുഷ്യമനസിന്റെ ശേഷിയേയാണ് ഇത്തരത്തിലുള്ള എഐ സാങ്കല്‍പ്പിക ലോകം നശിപ്പിക്കുന്നത്.

എഐ സാങ്കേതികവിദ്യകള്‍ നിരോധിക്കണോ?

എഐ സാങ്കേതികവിദ്യകള്‍ നിരോധിക്കണമെന്ന് മനഃശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ അവ ആശ്വാസം നല്‍കുകയോ ഉപയോഗപ്രദമോ ആണ്. ഉപയോക്താക്കള്‍ തങ്ങള്‍ മനുഷ്യനോടല്ല, ഒരു യന്ത്രത്തോടാണ് സംസാരിക്കുന്നതെന്ന അവബോധം നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന് അവര്‍ പറയുന്നു. അവര്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമുമായാണ് സംവദിക്കുന്നത്, യഥാര്‍ത്ഥ വ്യക്തിയുമായിട്ടല്ല. അതുകൊണ്ട് അവര്‍ പറയുന്ന പ്രശ്‌നങ്ങളില്‍ കമ്പ്യൂട്ടര്‍ നല്‍കുന്ന ഉത്തരം മനുഷ്യര്‍ ചെയ്യുന്നതുപോലെ ആശ്വസിപ്പിക്കുന്നവ ആകണമെന്നില്ല.

എഐ അവതാറുകള്‍ വിശാലമായ ഇന്റര്‍നെറ്റ് ഡേറ്റയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പറയുന്ന പ്രശ്‌നങ്ങള്‍ക്ക് അത്മഹത്യ പോലുള്ള പരിഹാരം എഐ നിര്‍ദേശിച്ചാലുള്ള അപകടാവസ്ഥ തിരിച്ചറിയണം. അതുകൊണ്ടാണ് യന്ത്രമാണ് സംസാരിക്കുന്നത് മനുഷ്യനല്ല, അവ ഫീഡ് ചെയ്യപ്പെട്ട വിവരങ്ങളില്‍ നിന്നാണ് മനുഷ്യനുമായി സംസാരിക്കുന്നത് എന്ന അവബോധം വളര്‍ത്തണമെന്നു പറയുന്നത്. നമ്മുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ആത്മാര്‍ഥതയുള്ള സുഹൃദ് ബദ്ധങ്ങള്‍ തന്നെയാണ് വളര്‍ത്തേണ്ടതെന്നും മനഃശാസ്ത്രജ്ഞര്‍ പറയുന്നു.

എഐയുമായുള്ള പ്രണയം പഠനവിധേയമാക്കേണ്ട അസാധാരണ പെരുമാറ്റമാണെന്ന് എറണാകുളം മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലും സൈക്കാട്രി വിഭാഗം മേധാവിയുമായിരുന്ന ഡോ. വി സതീഷ് പറഞ്ഞു.

പഠനവിധേയമാക്കേണ്ട അസാധാരണ സ്വഭാവം

എഐയുമായുള്ള പ്രണയം പഠനവിധേയമാക്കേണ്ട അസാധാരണ പെരുമാറ്റമാണെന്ന് എറണാകുളം മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലും സൈകാട്രി വിഭാഗം മേധാവിയുമായിരുന്ന ഡോ. വി സതീഷ് പറഞ്ഞു. യാഥാര്‍ഥ്യബോധമില്ലാത്ത ഇത്തരം പെരുമാറ്റങ്ങളിലേക്കു നയിക്കുന്ന സ്വഭാവം നിരുത്സാഹപ്പെടുത്തണം. യന്ത്രവുമായി മനുഷ്യന് വൈകാരിക ബന്ധം വരുന്നത് അസ്വാഭാവിക പെരുമാറ്റമായി തന്നെ കാണണം. അപക്വമായ ഒരു വ്യക്തിത്വത്തിന്റെ സവിശേഷതയുമാണിത്. യന്ത്രം യന്ത്രമാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബോധമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ