HEALTH

'കോവിഡ് വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് പറയാന്‍ അസ്ട്രസെനെക്കയ്ക്ക് യോഗ്യതയില്ല'; പാര്‍ശ്വഫല സാധ്യത തള്ളി ആരോഗ്യവിദഗ്ധര്‍

വെബ് ഡെസ്ക്

കോവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രമുഖ മരുന്നു നിര്‍മ്മാണ കമ്പനിയായ അസ്ട്രസെനെക്ക യുകെ ഹൈക്കോടതിയില്‍ തുറന്നുസമ്മതിച്ചത് വിവാദമായിരുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് തങ്ങള്‍ വികസിപ്പിച്ച കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകള്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നായിരുന്നു അസ്ട്രസെനെക്കയുടെ കുറ്റസമ്മതം.

കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച വാക്‌സിനുകളാണ് ഇവ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധിപ്പേര്‍ ഈ വാക്‌സിനുകള്‍ സ്വീകരിച്ച ശേഷം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നു കാട്ടി കോടതിയെ സമീപിച്ചതോടെയാണ് നിയമയുദ്ധം ആരംഥിച്ചത്. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏറെനാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് അസ്ട്രസെനെക്ക ഇപ്പോള്‍ കുറ്റസമ്മതം നടത്തിയത്.

എന്നാല്‍ വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അസ്ട്രസെനെക്കയ്ക്ക് യോഗ്യതയില്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വാക്‌സിന്‍ നിര്‍മിച്ചത് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്‌സിനോളജി പ്രൊഫസര്‍ സാറാ കാതറിന്‍ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണെന്നും വാക്‌സിന്റെ ഫീല്‍ഡ് ട്രയലിനായി ഫണ്ടിങ് നടത്തുക മാത്രമാണ് അസ്ട്രസെനെക്ക ചെയ്തിട്ടുള്ളതെന്നും ആ സാഹചര്യത്തല്‍ വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് അസ്ട്രസെനെക്കയ്ക്ക് ആധികാരികമായി എങ്ങനെ അഭിപ്രായം പറയാനാകുമെന്നുമാണ് അവരുടെ ചോദ്യം.

വാക്‌സിനുകള്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന തുറന്നുസമ്മതം കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നും ദശലക്ഷക്കണക്കിന് ആളുകള്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കോവിഷീല്‍ഡ് പോലുള്ള വാക്‌സിനുകളുടെ അപകട സാധ്യതകള്‍ അതിന്റെ നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ വളരെ അപൂര്‍വമാണെന്ന് നേരത്തെ തന്നെ വ്യക്തമായിട്ടുള്ളതാണെന്നും ആരോഗ്യ വിദഗ്ധനും കേരളാ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി ഇക്ബാല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

വാക്‌സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂര്‍വമായ സാധ്യത നേരത്തെ തന്നെ വെളിപ്പെട്ടിട്ടഒള്ളതാണ്. എന്നാല്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പടെയുള്ളവ കൂടുതല്‍ പഠനം നടത്തി കോവിഡ് വാക്‌സിനുകളുടെ അപകടസാധ്യത വിരളമാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഡോ ഇക്ബാല്‍ കുറിച്ചു.

വാക്‌സിനുകള്‍ ഉള്‍പ്പടെയുള്ള എല്ലാ മരുന്നുകള്‍ക്കും അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. അതു മാത്രമല്ല കോവിഡാനന്തര അവസ്ഥ(പോസ്റ്റ് കോവിഡ് സിന്‍ഡ്രോം)യുടെ ഭാഗമായി രക്തം കട്ടയാകുന്ന സ്ഥിതി ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മര്‍ദ്ദം പോലുള്ള രോഗാവസ്ഥയുള്ള പ്രായമായവരില്‍. വാക്‌സിന്‍ സ്വീകരിച്ച പലര്‍ക്കും നേരത്തെ കോവിഡ് വന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് വാക്‌സിന്‍ മൂലമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ബി ഇക്ബാല്‍

ഇപ്പോള്‍ ഉണ്ടായ വിവാദം വാക്‌സിന്‍ വിരുദ്ധര്‍(ആന്റി വാക്‌സേഴ്‌സ്) എന്നു വിശേഷിപ്പിക്കപ്പെടുന്നവരുടെ പ്രചാരവേലയാണെന്നും 1796-ല്‍ വസൂരിക്കുള്ള വാക്‌സിന്‍ വികസിപ്പിച്ച എഡ്വേര്‍ഡ് ജെന്നറുടെ കാലം മുതല്‍ ഇവര്‍ ഇത്തരം കുപ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്നും ഡോ ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു. ആധുനിക വാക്‌സിനുകള്‍ വളരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടവയാണെന്നും ചില അര്‍ബുദങ്ങളെപ്പോലും പ്രതിരോധിക്കുന്നതിനു വാക്‌സിനുകള്‍ പ്രയോഗിച്ച് വരുന്നുണ്ടെന്നും എച്ച്‌ഐവി/എയ്ഡ്സ് പോലുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ക്കുള്ള വാക്സിനുകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം നടന്നുവരരികയാണെന്നും അദ്ദേഹം കുറിച്ചു.

ഇന്നലെയാണ് യുകെ ഹൈക്കോടതിയില്‍ അസ്ട്രസെനെക്ക സത്യവാങ്മൂലം നല്‍കിയത്. ആദ്യം വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്സിന്‍ ചില അപൂര്‍വ അവസരങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി.

കമ്പനിയുടെ വെളിപ്പെടുത്തില്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്‍ച്ചയായി. അസ്ട്രസെനെക്ക നിര്‍മിച്ച വാക്സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും