HEALTH

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും വേണ്ട; മാർഗനിർദേശം പുറത്തിറക്കി ഐസിഎംആർ

വെബ് ഡെസ്ക്

ചായയുടെയും കാപ്പിയുടെയും ഉപയോഗത്തില്‍ മിതത്വം പാലിക്കാൻ നിർദേശിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഭക്ഷണത്തിനു മുൻപും ശേഷവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചായയോ കാപ്പിയോ ഒഴിവാക്കണമെന്ന് മെഡിക്കൽ ബോഡി നിർദ്ദേശിക്കുന്നു. പ്രതിദിനം വെറും 300 മില്ലിഗ്രാം കഫീൻ കഴിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ചായയും കാപ്പിയും അമിതമായി കഴിക്കുന്നതിനെതിരെ മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

രാജ്യത്ത് ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ്റെ (എൻഐഎൻ) പങ്കാളിത്തത്തോടെ ഐസിഎംആർ 17 പുതിയ ഭക്ഷണ മാർഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന ഭക്ഷണക്രമത്തിന്റെയും സജീവമായി ജീവിതശൈലിയുടെയും പ്രാധാന്യം ഊന്നിപ്പറയുകയെന്ന ലക്ഷ്യത്തോടെയാണ് മാർഗനിർദേശങ്ങൾ അവതരിപ്പിച്ചത്.

ചായയിലും കാപ്പിയിലും ടാന്നിൻ അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിലെ ഇരുമ്പിൻ്റെ ആഗിരണം കുറയ്ക്കും. അതിനാലാണ് ഭക്ഷണത്തിന് മുൻപ് ഇവ ഒഴിവാക്കാൻ നിർദേശിക്കുന്നത്. ദഹനനാളിയിലെ ഇരുമ്പുമായി ടാന്നിനുകൾ ബന്ധപ്പെടുന്നതിനാൽ ഇരുമ്പ് ശരിയായി ആഗിരണം ചെയ്യുന്നത് ശരീരത്തിന് ബുദ്ധിമുട്ടാക്കുന്നു. ഇത് ഇരുമ്പിൻ്റെ അപര്യാപ്തതയ്ക്കും അനീമിയ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിൻ നിർമിക്കുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്.

"ചായയിലും കാപ്പിയിലും കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും ശാരീരിക ആശ്രിതത്വത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു," ഐസിഎംആർ ഗവേഷകർ വിശദീകരിച്ചു."ചായയുടെയും കാപ്പിയുടെയും ഉപഭോഗത്തിൽ മിതത്വം പാലിക്കാൻ നിർദ്ദേശിക്കുന്നു, അതിനാൽ കഫീൻ കഴിക്കുന്നതിന് അനുവദനീയമായ പരിധി (ദിവസത്തിൽ 300 മില്ലി ഗ്രാം) കവിയരുത്,"ഐസിഎംആർ വ്യക്തമാക്കി.

150 മില്ലി കപ്പ് ബ്രൂഡ് കോഫിയിൽ 80 - 120 മില്ലിഗ്രാം, ഇൻസ്റ്റന്റ് കോഫിയിൽ 50 - 65 മില്ലിഗ്രാം, ചായയിൽ 30 - 65 മില്ലിഗ്രാം എന്നിങ്ങനെ കഫീൻ അടങ്ങിയിട്ടുണ്ടെന്ന് നിർദേശത്തിൽ പറയുന്നു. അമിതമായ കാപ്പി ഉപഭോഗം ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ പാലില്ലാത്ത ചായ കുടിക്കുന്നത് മെച്ചപ്പെട്ട രക്തചംക്രമണം, കൊറോണറി ആർട്ടറി ഡിസീസ്, വയറ്റിലെ കാൻസർ തുടങ്ങിയ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് മാർഗനിർദേശങ്ങൾ പറയുന്നു. എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ട് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ മാംസം, സമുദ്രവിഭവങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമവും ഐസിഎംആർ ശിപാർശ ചെയ്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും