HEALTH

ഭക്ഷണത്തിന് ശേഷം ഓറഞ്ച് കഴിക്കാമോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

വെബ് ഡെസ്ക്

ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരി, ടാംഗറിന്‍ തുടങ്ങി വിറ്റാമിൻ സി ധാരാളമായി അടങ്ങിയവയാണ് സിട്രസ് പഴങ്ങൾ. ശൈത്യകാല രോഗങ്ങൾ തടയാന്‍ ഇവ സഹായിക്കും. വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യും. ഇത്തരം പഴങ്ങളില്‍ അടങ്ങിയിട്ടുള്ള നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.

അതുകൊണ്ടു തന്നെ, ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. പച്ചക്കറികൾ ഏതു സമയത്തും കഴിക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ പഴങ്ങളോ? മധുരത്തിന്റെ അംശം പഴങ്ങളിൽ അടങ്ങിയിട്ടിട്ടുള്ളതിനാൽ ചില പ്രത്യേക സമയത്തേ പഴങ്ങൾ കഴിക്കാവൂ എന്നാണ് ആയുർവേദം പറയുന്നത്.

ഭക്ഷണം കഴിച്ചയുടനെ പഴങ്ങൾ കഴിക്കുന്നത് ദഹനത്തിന് അസ്വസ്ഥത ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് സിട്രസ് പഴങ്ങൾ കഴിക്കുമ്പോൾ, ഇവയിൽ അൽപ്പം അസിഡിറ്റി ഉള്ളതിനാൽ ദഹനത്തിന് പ്രശ്നമായേക്കും. ഭക്ഷണത്തോടൊപ്പം ഓറഞ്ച് കഴിക്കുന്നത് രോഗത്തിനും അലർജിക്കും കാരണമാകും. അതിനാൽ ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ ഓറഞ്ച് പോലുള്ള പഴങ്ങൾ കഴിക്കാൻ പാടുള്ളു.

പ്രതിരോധശേഷി വർധിപ്പിക്കുന്നതിനു പുറമേ, ചർമ്മത്തിനും മുടിക്കും നല്ലതാണ് ഓറഞ്ച്, മാത്രമല്ല കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

സിട്രസ് പഴങ്ങള്‍ അസിഡിറ്റി ഉള്ളതാണ്. ഉച്ചഭക്ഷണത്തിന് ശേഷം ഉടന്‍ തന്നെ അവ കഴിക്കുന്നത് ദഹനത്തെ തടസപ്പെടുത്തും. അസിഡിറ്റി അസ്വസ്ഥത, ദഹനക്കേട് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് ഇത് കാരണമായേക്കാം.

സിട്രസ് പഴങ്ങളിലെ ആസിഡുകൾ മറ്റേതൊരു ഭക്ഷണത്തേക്കാളും വേഗത്തിൽ വിഘടിക്കുന്നതിനാൽ, ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ കഴിക്കുന്ന ചില ഭക്ഷണങ്ങളുമായി കൂടിച്ചേർന്ന് ശരീരത്തിൽ വിഷാംശം രൂപപ്പെടുന്നതിന് കാരണമാകുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഭക്ഷണങ്ങൾ കൂടിച്ചേരുന്നത് ദഹനപ്രക്രിയയെ വൈകിപ്പിച്ചേക്കാം.

സിട്രസ് പഴങ്ങളില്‍ പോളിഫിനോള്‍സ്, ടാന്നിന്‍സ്, ഓക്‌സലേറ്റുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇവ പൊതുവെ ആരോഗ്യകരവും ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടവുമാണെങ്കിലും, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുമായി കൂടിച്ചേരുന്നത് വിപരീത ഫലം ഉണ്ടാക്കും.

രാത്രി കിടക്കാൻ നേരം പഴങ്ങൾ കഴിക്കരുത്. കാരണം പഴങ്ങളിലടങ്ങിയ പഞ്ചസാരയുടെ അളവ് കൂടുകയും ഉറക്കം ഇല്ലാതാക്കുകയും ചെയ്യും.

അമിതമായി ഓറഞ്ച് കഴിക്കുന്നതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ദിവസം നാലും അഞ്ചും ഓറഞ്ച് തിന്നുന്നത് ഫൈബര്‍ അമിതമായി ശരീരത്തിലെത്താന്‍ കാരണമാകും. ഇത് വയറുവേദന, പേശീവലിവ്, അതിസാരം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും. ദിവസം ഒന്നോ രണ്ടോ ഓറഞ്ചില്‍ കൂടുതല്‍ ഒരാള്‍ കഴിക്കരുതെന്നാണ് ഡയറ്റീഷന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഓറഞ്ച് കഴിക്കാൻ പറ്റിയ സമയം ഏതാണ്?

രാവിലെ വെള്ളം കുടിച്ചതിന് ശേഷം പഴങ്ങൾ കഴിക്കാം. വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ശരീരത്തെ ശുദ്ധമാക്കും. ശരീരഭാരം കുറയ്ക്കാനും മറ്റ് പ്രവർത്തനങ്ങൾക്കുമുള്ള ഊർജ്ജമേകും.

രാവിലെ പഴങ്ങൾ കഴിച്ചില്ലെങ്കിൽ പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയ്ക്കുള്ള സമയവും കഴിക്കാം. വിശപ്പ് നിയന്ത്രിക്കാൻ ഭക്ഷണത്തിനിടയിൽ ഓറഞ്ച് ഒരു ലഘുഭക്ഷണമായും കഴിക്കാവുന്നതാണ്.

ഭക്ഷണത്തില്‍ ഓറഞ്ച് ഉള്‍പ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കും. എന്നാല്‍ ഭക്ഷണത്തിന് ശേഷം അവ കഴിക്കാതിരിക്കാന്‍ പ്രതേകം ശ്രദ്ധിക്കണം .

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം