തിരക്കേറിയ ജീവിതത്തിൽ കായികക്ഷമതയും അതുവഴി മാനസികാരോഗ്യവും നിലനിർത്താൻ വ്യായാമങ്ങൾ ശീലമാക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ ജീവിതശൈലി വ്യായാമത്തിന്റെ പ്രധാന്യം വർധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ദിവസവും കുറച്ചുസമയം വ്യായാമങ്ങൾക്കായി കണ്ടെത്തേണ്ടത് അനിവാര്യമാണ്.
രാവിലെയോ വൈകുന്നേരമോ ആണ് വ്യായാമത്തിനായി സാധാരണ നിലയിൽ സമയം കണ്ടെത്തുക. ചിലർ അതിരാവിലെ എഴുന്നേൽക്കുകയും ഓട്ടം, സൈക്ലിങ്, വെയ്റ്റ് ട്രെയിനിങ്, കാർഡിയോ പോലുള്ള വ്യായാമങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. മറ്റുള്ളവർ വൈകുന്നേരത്തെ സമയം തിരഞ്ഞെടുക്കുന്നവരാണ്. ഓരോ സമയത്തിനും അതിന്റെതായ ഗുണങ്ങളും ദോഷണങ്ങളുമുണ്ട്. ഇത് മനസിലാക്കി വ്യായാമത്തിന് തിരഞ്ഞെടുക്കേണ്ട അനുയോജ്യമായ സമയം തീരുമാനിക്കാം.
വ്യായാമത്തിന് അനുയോജ്യമായ ഏറ്റവും നല്ല സമയം
പുലർച്ചെ (6-9 AM)
ഒരു ദിവസം ആരംഭിക്കുന്നത് വ്യായാമത്തിലൂടെയാകുക എന്നത് ദിവസം മുഴുവൻ ഊർജസ്വലത നിലനിർത്താൻ സഹായിക്കും. മെറ്റബോളിസം വർധിപ്പിക്കാനും പോസിറ്റിവിറ്റി പ്രദാനം ചെയ്യാനും ഉപകരിക്കും. വ്യായാമത്തിനായി നേരത്തെ എഴുന്നേൽക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും നല്ലതാണ്. വ്യായാമത്തിനുമുൻപ് നല്ലതുപോലെ വാം അപ്പുകൾ ചെയ്തില്ലെങ്കിലും പരുക്ക് പറ്റാനും സാധ്യതയുമുണ്ട്.
രാവിലെ 10-11 AM
രാവിലെ അൽപ്പം വൈകി വ്യായാമം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, ഏറ്റവും നല്ല സമയമാണിത്. ഈ സമയത്ത്, ശരീരം വേഗം ചൂടാകുകയും വഴക്കം മെച്ചപ്പെടുകയും ചെയ്യും. കൂടാതെ പേശികളുടെ ശക്തി വർധിക്കുകയും പരുക്കുണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.
ഉച്ചസമയം (12-2 PM)
ചിലർ ഉച്ചയ്ക്ക് ഊണുകഴിക്കുന്ന സമയമാണ് വ്യായാമത്തിനായി മാറ്റിയവയ്ക്കുന്നത്. ജോലികൾക്കിടയിലുള്ള ഈ സമയം വ്യായാമത്തിനായി ഉപയോഗിക്കുന്നത് ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന് സഹായിക്കും. സമ്മർദം ലഘൂകരിക്കാനും ബാക്കിയുള്ള സമയം മുഴുവൻ ഊർജം നിലനിർത്താനും ഇതിലൂടെ സാധിക്കുന്നു.
ഉച്ചയ്ക്ക് ശേഷം (3-5 PM)
ഉച്ചയ്ക്ക് ശേഷമുള്ള മൂന്ന് മുതൽ അഞ്ചു മണിവരെയുള്ള സമയം വെയ്റ്റ് ട്രെയിനിങ് പോലുള്ള കൂടുതൽ ഊർജം ആവശ്യമായ വർക്കൗട്ടുകൾക്കും ടീം സ്‌പോർട്‌സുകൾക്കും അനുയോജ്യമാണ്. ശരീരത്തിന്റെ താപനില കൂടുതലായതിനാൽ കൂടുതൽ മികച്ച രീതിയിൽ വ്യായാമത്തിലേർപ്പെടാൻ ഇത് സഹായിക്കും.
സായാഹ്നം (5-7 PM)
ഒട്ടേറെപ്പേർ വ്യായാമത്തിനായി മാറ്റിവയ്ക്കുന്ന സമയമാണിത്. ജോലിയിലും മറ്റുമുണ്ടായ സമ്മർദങ്ങളെല്ലാം ഒഴിവാക്കാൻ ഈ സമയത്തെ വ്യായാമം സഹായിക്കും.
വൈകുന്നേരം (7-9 PM)
ഈ സമയത്ത് വർക്ക്ഔട്ട് ചെയ്യുന്നത് അന്യോജ്യമാണെങ്കിലും ഉറങ്ങാനുള്ള സമയത്തോട് അടുത്തിരിക്കുന്നതിനാൽ ഉറക്കത്തിന് തടസ്സമുണ്ടാകാൻ സാധ്യതയേറെയാണ്. വ്യായാമത്തിലൂടെ ചൂടായിരിക്കുന്ന ശരീരം തണുക്കാൻ അനുവദിക്കുന്നത് നല്ല ഉറക്കത്തിന് സഹായകമാകും.
രാത്രി വൈകിയുള്ള വ്യായാമം (10 PM-അർധരാത്രി)
രാത്രി വൈകി വ്യായാമം ചെയ്യുന്നതാണ് അനുയോജ്യമെന്ന് ചിലർ കരുതുന്നു. മാനസിക പിരിമുറുക്കം ഒഴിവാക്കാനും ഊർജം നേടാനുമുള്ള നല്ലൊരു വഴിയായിരിക്കുമെങ്കിലും, വ്യായാമം പൂർത്തിയാക്കിയ ശേഷം മതിയായ ഉറക്കം ഉറപ്പാക്കേണ്ടത് പ്രധാനമാണ്.